തെരുവുനായ പ്രശ്‌നം; കോടതിയെ മറികടന്ന് സര്‍ക്കുലര്‍ ഇറക്കിയത് എങ്ങനെയെന്ന്

Sunday 18 October 2015 11:58 pm IST

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ ഡിജിപി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. ആക്രമണകാരികളായ നായ്ക്കളെ കൊല്ലേണ്ടത് ആവശ്യമാണെന്ന ഹൈക്കോടതി ഉത്തരവ് മറികടന്ന് തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയതിനെ കുറിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. നവംബര്‍ 30നകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസ് ഡിസംബര്‍ 7ന് പരിഗണിക്കും. സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന് വേണ്ടി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഭരണാധികാരികളുടെ അനാസ്ഥകാരണമാണ് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതെന്ന് ജസ്റ്റിസ് ജെ.ബി. കോശി നടപടിക്രമത്തില്‍ പറഞ്ഞു. പണക്കാര്‍ കാറുകളില്‍ സഞ്ചരിക്കുകയും ചുറ്റുമതിലുള്ള മാളികകളില്‍ താമസിക്കുകയും ചെയ്യുന്നതു കാരണം പട്ടികളുടെ കടിയേല്‍ക്കുന്നില്ല. എന്നാല്‍ നടന്നും ഇരുചക്രവാഹനങ്ങളിലും സഞ്ചരിക്കുന്ന സാധാരണക്കാരന് നായ്ക്കളെ കാരണം സഞ്ചരിക്കാനാകുന്നില്ല. വാഹനങ്ങളില്‍ കുട്ടികളെ പ്ലേസ്‌കൂളില്‍ അയയ്ക്കാന്‍ കഴിവില്ലാത്തവരാണ് അംഗനവാടിയിലേക്ക് കുട്ടികളെ അയയ്ക്കുന്നത്. അംഗനവാടിയില്‍ പോലും കുട്ടികള്‍ക്ക് നായ്ക്കളെ പേടിക്കാതെ ഇരിക്കാന്‍ കഴിയുന്നില്ല. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പരാതിയില്‍ ഡിജിപി സപ്തംബര്‍ 24ന് എങ്ങനെയാണ് സര്‍ക്കുലര്‍ അയച്ചതെന്ന് കമ്മീഷന്‍ ചോദിച്ചു. ബോര്‍ഡിന്റെ ആവശ്യങ്ങള്‍ 2006 ല്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതാണ്. 2014 ല്‍ കമ്മീഷനും ഇതേനിര്‍ദ്ദേശം നല്‍കിയിരുന്നു.  ആക്രമണകാരികളല്ലാത്ത തെരുവുനായ്ക്കളെ കൊല്ലേണ്ടതില്ല. കൊന്നത് ഏതു നായയെയാണെന്ന് തീരുമാനിക്കേണ്ടത് അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 429-ാം വകുപ്പില്‍ നായ്ക്കളെ കുറിച്ച് പറയുന്നില്ലെന്നും നടപടിക്രമത്തില്‍ പറയുന്നു. ഇതു സംബന്ധിച്ച് 2014 സപ്തംബര്‍ 4ന് കമ്മീഷന്‍ പാസാക്കിയ നടപടിക്രമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കമ്മീഷനെ അറിയിക്കണം. വഴിനീളെ ഭക്ഷണം നല്‍കി തെരുവുനായ്ക്കളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണം, പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന മൃഗങ്ങളെ ഉടനടി കൊല്ലണം, അല്ലാത്തവയെ വന്ധ്യംകരിച്ച് സംരക്ഷണ കേന്ദ്രത്തിലാക്കണം തുടങ്ങിയവയായിരുന്നു നടപടിക്രമത്തിലെ പ്രധാനനിര്‍ദ്ദേശങ്ങള്‍. ഭരണഘടന വിഭാവനം ചെയ്യുന്ന മാന്യമായി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരിനും സര്‍ക്കാര്‍ ഉദേ്യഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഗ്രാന്റ് കിട്ടുന്ന ബോര്‍ഡുകള്‍ക്കും ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. നായസംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിക്കാനും നടപ്പിലാക്കാനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ഏതെങ്കിലും സഹായം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ടോ എന്ന് ബോര്‍ഡ് നവംബര്‍ 30നകം വിശദീകരിക്കണം. തെരുവു നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബോര്‍ഡ് തയ്യാറുണ്ടോ എന്നും അറിയിക്കണം. വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും വിശദീകരിക്കണം. കേസ് ഡിസംബര്‍ 7 ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗ ണിക്കും.