വിഎസിന്റെ വിവാദ അഭിമുഖം: സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

Sunday 18 October 2015 11:59 pm IST

തിരുവനന്തപുരം: പാര്‍ട്ടിക്കെതിരെ നല്‍കിയ അഭിമുഖം വിവാദമായതോടെ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തി. വിഎസിന്റെ അഭിമുഖം പാര്‍ട്ടി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് പിന്നാലെയാണ് വിശദീകരണവുമായി വിഎസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. സിപിഎം വിമതരെ അനുകൂലിക്കുന്ന ജനശക്തി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് നേതൃത്വത്തിന്റെ തീരുമാനങ്ങളെ വിമര്‍ശിച്ചത്. അബ്ദുനാസര്‍ മദനിയുമായുണ്ടാക്കിയ കൂട്ടുകെട്ട് ദോഷം ചെയ്‌തെന്നും അത് മതേതരവോട്ടുകള്‍ എതിരാക്കിയെന്നും 2006ലെ തിരഞ്ഞെടുപ്പില്‍ തനിക്ക് സ്ഥാനം നിഷേധിക്കാനുള്ള ശ്രമം നടന്നുവെന്നും അഭിമുഖത്തില്‍ വിഎസ് പറയുന്നു. തന്നെ മുന്‍നിര്‍ത്തി മത്സരിച്ചതിനാലാണ് 98 സീറ്റുകളുമായി മുന്നണി അധികാരത്തില്‍ വന്നതെന്നും തികച്ചും അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്നും വിഎസ് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ സിപിഎമ്മിനെ കരിവാരിത്തേക്കാനും തന്നെ അപമാനിക്കുന്നതിനുമായി കരുതിക്കൂട്ടി നടത്തുന്നതാണ് ഇത്തരം പ്രചാരണങ്ങള്‍. ഈ കള്ളപ്രചാരവേല ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണം. പാര്‍ട്ടി സംസ്ഥാന നേതൃത്വവും താനും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ പാഴ്‌വേലയെന്നും വിഎസ് പറഞ്ഞു. സിപിഎം, സിപിഐ, ആര്‍എസ്പി, ജനതാദള്‍ എന്നീ നാലുപാര്‍ട്ടികള്‍ യോജിച്ചാണ് 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി പോയി. എഐസിസി അംഗത്തിന് പത്തനംതിട്ടയില്‍ സീറ്റ്‌കൊടുത്തു. ഇപ്പോള്‍ ജനതാദള്‍, ആര്‍എസ്പി എന്നീ പാര്‍ട്ടികള്‍ നമ്മുടെ കൂടെയില്ല. ഉള്ളത് സിപിഐയും സിപിഎമ്മും മാത്രമാണെന്നും അഭിമുഖത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പുറത്തിറങ്ങിയ ലേഖ നം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും അതിനാല്‍ വിഷയം പരിശോധിക്കാതിരിക്കാനാകില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.