റെയില്‍ നീര്‍: പത്തു വര്‍ഷം കൊണ്ട് കരാറുകാരന്‍ ഉണ്ടാക്കിയത് 500 കോടി

Monday 19 October 2015 12:35 am IST

ന്യൂദല്‍ഹി: റെയില്‍വേയിലെ കുപ്പിവെള്ളക്കരാറിലെ ക്രമക്കേട് കണ്ടെത്തിയ സിബിഐ ഇതുമായി ബന്ധപ്പെട്ട അന്വേഷണവും തെരച്ചിലുകളും തുടരുകയാണ്. മോദി സര്‍ക്കാര്‍ സിബിഐയെ സ്വതന്ത്രമാക്കിയതാണ് ഇത്തരത്തിലുള്ള അഴിമതികള്‍ കണ്ടെത്താനുള്ള കാരണം. കുടിവെള്ളക്കരാര്‍ ഏറ്റെടുത്തിരുന്ന ഛത്തീസ്ഗഡ് സ്വദേശി ശ്യാം ബിഹാരി അഗര്‍വാള്‍ കഴിഞ്ഞ പത്തു വര്‍ഷമായി തട്ടിപ്പ് തുടരുകയായിരുന്നുവെന്ന് സിബിഐ കേന്ദ്രങ്ങള്‍ അറിയിച്ചു. ഇയാള്‍ക്ക് രണ്ടു മുന്‍ റെയില്‍വേ മന്ത്രിമാരുമായി ബന്ധമുണ്ട്. ഇയാള്‍ക്കൊപ്പം കേസില്‍ പ്രതിയായ ഒരു മുന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥന്‍, കേന്ദ്രമന്ത്രിമാരായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, അംബികാ സോണി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇത്രയും നാളുകൊണ്ട് ഇയാള്‍ കുറഞ്ഞത് 500 കോടിയുടെ സാമ്രാജ്യമാണ് കെട്ടിപ്പടുത്തത്. ഇയാളുടെ തെക്കന്‍ ദല്‍ഹിയിലുള്ള വസതിയില്‍ നിന്ന് സിബിഐ 27 കോടി രൂപയാണ് പിടിച്ചെടുത്തത്. ഭാരത റെയില്‍വേയുടെ പാന്‍ട്രിവ്യാപാരത്തിന്റെ 70 ശതമാനവും ഇയാളുടെ കൈകളിലാണ്. ഇയാളുടെ ആര്‍കെ അസോസിയേറ്റ്‌സ് അടക്കം എട്ടു കമ്പനികള്‍ക്കാണ് ഇതിന്റെ കരാര്‍ ലഭിച്ചിരുന്നത്. രാജധാനി, ശതാബ്ദി എന്നിവയടക്കം മിക്ക സുപ്രധാന ട്രെയിനുകളിലെ പാന്‍ട്രി കരാറും ഇയാളാണ് കരസ്ഥമാക്കിയിരുന്നത്. റെയില്‍വേയില്‍ ചില്ലറക്കരാറുകള്‍ എടുത്തിരുന്ന ഇയാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും ചില രാഷ്ട്രീയ നേതാക്കളുടെയും സഹായത്തോടെയാണ് വമ്പന്‍ കരാറുകാരന്‍ ആയി മാറിയത്. രണ്ട് മുന്‍ റെയില്‍വേ മന്ത്രിമാരുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. പാന്‍ട്രിക്കുപുറമേ രാജ്യത്തൊട്ടാകെയുള്ള അനവധി റെയില്‍വേ സ്‌റ്റേഷനുകളിലെ കാന്റീനുകളും കിയോസ്‌ക്കുകളും സ്റ്റാളുകളും ഇയാളുടേതാണ്. ഇവയ്ക്കു പുറമേ ഇയാള്‍ക്ക് നിരവധി കമ്പനികളുമുണ്ട്. ഇവയില്‍ നാലെണ്ണം സിബിഐയുടെ കേസില്‍ പറയുന്നുണ്ട്. റെയില്‍വേ കാറ്ററിംഗിന് കരാര്‍ ക്ഷണിക്കുമ്പോള്‍ ഇയാള്‍ പുതിയ ഡയറക്ടര്‍മാരുമായി പുതിയ പുതിയ കമ്പനിയുണ്ടാക്കും. ബന്ധങ്ങള്‍ ഉപയോഗിച്ച് പുതിയ കമ്പനി കരാര്‍ നേടിയെടുക്കും. ഇതാണ് ഇയാള്‍ അനുവര്‍ത്തിച്ചിരുന്ന നയം. ഇയാള്‍ക്കു പുറമേ രണ്ട് മുന്‍ റെയില്‍വേ ഉദ്യോഗസ്ഥരും പിടിയിലായിട്ടുണ്ട്. വടക്കന്‍ റെയില്‍വേ മുന്‍ കൊമേഴ്‌സ്യല്‍ മാനേജര്‍മാരായ  എം.എസ്. ചാലിയും സന്ദീപ് സൈലാസും. 83 ബാച്ചില്‍ പെട്ട ഇന്ത്യന്‍ റെയില്‍വേ സര്‍വ്വീസ് ഓഫീസറായ സൈലാസ്  മുന്‍കേന്ദ്രമന്ത്രിമാരായ  ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്‍െയും അംബികാസോണിയുടേയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.