ഗോളാന്തര ഊര്‍ജം: പുതുതലമുറയുടെ ഗവേഷണം ആശാവഹം- ഡോ. ബി. അശോക്

Monday 19 October 2015 11:21 am IST

കോഴിക്കോട്: ചിന്തകളേക്കാള്‍ വേഗത്തില്‍ രൂപപെടുന്ന നൂതനസാങ്കേതിക വിദ്യകള്‍ പ്രക്യതിസംരക്ഷണത്തിനു കൂടി ഊന്നല്‍ നല്‍കുന്നതാകണമെന്ന് വെറ്ററിനറി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ ബി അശോക്. സ്വാശ്രയ ഭാരത് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഗോളാന്തര ഊര്‍ജ സ്രോതസ്സുകളെക്കുടി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പൂതിയ തലമുറയുടെ ഗവേഷണം മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഊര്‍ജ പരിമിതിക്ക് പരിഹാരം കാണുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര മനസ്സില്‍ ആശയങ്ങളുടെ വിത്തുപാകണമെന്നും പരിസ്ഥിതി സംരക്ഷണം ദിനാചരണത്തില്‍ മാത്രം ഒതുങ്ങരുതെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊ. ശോഭീന്ദ്രന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ശാസ്ത്രജ്ഞരും വിദ്യാര്‍ഥികളും തമ്മില്‍ സംവാദം നടത്തി. കണ്ടല്‍ വനങ്ങളുടെ നശീകരണം, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുയര്‍ത്തുന്ന വെല്ലുവിളി. കാലാവസ്ഥാവ്യതിയാനം മൂലമൂണ്ടാകുന്ന വിളനഷ്ടം, തീക്കാറ്റ് പ്രതിഭാസം തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 1300 ഓളം വിദ്യാര്‍തഥികള്‍ സ്വപ്‌ന നഗരിയില്‍ നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്തു. പരിപാടിയില്‍ ഡോ ബി ശശികുമാര്‍ (ഐസിഎആര്‍-ഐ ഐ എസ് ആര്‍) അധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ ബി അശോക് ഉത്ഘാടനം ചെയ്തു പ്രസാര്‍ഭാരതി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ മനോജ് പട്ടേരിയ മുഖ്യാത്ഥിയായിരുന്നു. സ്വാശ്രയ ഭരത് എന്നതിനെപ്പറ്റി എസ് എസ് എം അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി പി എന്‍ നമ്പൂതിരി വിശദീകരിച്ചു. കൃഷി വിജ്ഞാന്‍ കേന്ദ്രയിലെ കെ എം പ്രകാശ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡോ ജാഫര്‍ പാലോട്ട് പ്രഭാഷണം നടത്തി. വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ എ ജയകുമാര്‍ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ ഡോ ടി കെ ജേക്കബ് സ്വാഗതവും ഡോ രാജാമോഹന (സെഡ് എസ് ഐ) നന്ദിയും പറഞ്ഞു.