പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിളിച്ചോതി ശാസ്ത്ര നാടകമത്സരം

Monday 19 October 2015 11:23 am IST

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണം, ഊര്‍ജ പുനരുത്പാദനം രാസവളപ്രയോഗമുയര്‍ത്തുന്ന വെല്ലുവിളികള്‍ തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തി അരങ്ങിലെത്തിയ നാടകങ്ങള്‍ ശാസ്ത്ര നാടക മത്സരവേദിയെ സമ്പന്നമാക്കി. ശാസ്ത്ര ബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും ചിന്തകള്‍ വിരിഞ്ഞ നാടകവേദി ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെയും ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് സ്വപ്‌നനഗരിയില്‍ നടക്കുന്ന സ്വാശ്രയഭാരത് 2015 എക്‌സ്‌പോയിലാണ് വിദ്യാര്‍ഥികള്‍ ശാസ്ത്രവും സമൂഹവും എന്നതിനെ ആസ്പദമാക്കി നാടകങ്ങള്‍ അവതരിപ്പിച്ചത്. ശാസ്ത്രാവബോധത്തിലൂടെ ഇന്നിനെയും നാളെയെയും കരുപ്പിടിപ്പക്കണമെന്ന പ്രമേയമായിരുന്നു പൊതുവെ നാടകങ്ങളുടേത്. പതിവ് നാടകങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഇല്ലാതെ അത്യന്തം ലളിതമായിരുന്നു നാടകാവതരണം. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുവാനുള്ള നമ്മുടെ വലിയ ഉത്തരവാദിത്വത്തിന്റെ വെളിച്ചം വീശല്‍ കൂടിയായിരുന്നു നാടകങ്ങള്‍. ഗ്രഹങ്ങളില്‍ ജലാംശം ഉണ്ടെന്ന കണ്ടെത്തല്‍ ശാസ്ത്രലോകത്തിന് പൊന്‍കിരീടമാകുമ്പോള്‍ നമ്മുടെ കാല്‍ക്കീഴിലെ വെളളവും മണ്ണും ഒലിച്ചുപോകുന്നതിനെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നാടകം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കല്ലും മണ്ണും പാറക്കല്ലും കേവലം വില്പനച്ചരക്ക് മാത്രമാകുന്ന ഇന്നത്തെ ലോകത്തില്‍ നാളത്തെ ലോകം എങ്ങിനെ ഭദ്രമാകുമെന്ന ചോദ്യവും വിദ്യാര്‍ത്ഥികള്‍ അഭിനയമികവിലൂടെ ഉയര്‍ത്തുന്നുണ്ട്. ഓരോ നാടകവും അരങ്ങിലെത്തുമ്പോഴും അരങ്ങ് വിടുമ്പോഴും ആസ്വാദകരില്‍ പ്രകൃതിയെ ആദരവോടെ കാണേണ്ടതിന്റെ ആവശ്യകതയെയാണ് ഊന്നിപ്പറയുന്നത്. ശാസ്ത്രത്തിലൂടെ പ്രകൃതിസ്വപ്‌നങ്ങള്‍ വിരിയണമെന്നും സ്വപ്‌നനഗരിയിലെ നാടകങ്ങള്‍ ചൂണ്ടികാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.