ഒമ്പത് ഐഎസ് ഭീകരര്‍ ഭാരതത്തിലുണ്ടെന്ന്‌ റിപ്പോര്‍ട്ട്

Monday 19 October 2015 12:41 pm IST

ഹൈദരാബാദ്: ഒമ്പത് സജീവ ഐഎസ് ഭീകരര്‍ ഭാരതത്തിലുണ്ടെന്ന്‌ പിടിയിലായ ഐഎസ് പ്രവര്‍ത്തക അഫ്ഷ ജബീന്‍ എന്ന നിക്കോള്‍ നിക്കി ജോസഫ്. ഇവരില്‍ രണ്ടു പേര്‍ മുംബൈയില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ ഹൈദരാബാദ്, ബംഗളൂരു, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവര്‍ വ്യക്തമാക്കി. യുവാക്കളെ ചേര്‍ക്കാന്‍ സഹായിക്കുന്ന ചില സംഘടനകളുടെ പേരും വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, അഫ്ഷ ജബീന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരമല്ലെന്ന് ഇന്റലിജന്‍സ് അറിയിച്ചു. ഭാരതത്തിലുള്ള ഐഎസ് പ്രവര്‍ത്തകര്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും ഐ ബി വ്യക്തമാക്കി. നിക്കി ജോസഫ് എന്ന വ്യാജപ്പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന അഫ്ഷ ജബീന്‍ നിരവധിയാളുകളെ ഐഎസില്‍ ചേര്‍ക്കുന്നതിനായി സാമൂഹ്യ മാധ്യമത്തിലൂടെ പ്രോത്സാഹനം നല്‍കിയിരുന്നു. തെലുങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ചെറുപ്പക്കാരെ അഫ്ഷ ആകര്‍ഷിച്ചിരുന്നു.  ഇവരുടെ ഫേസ് ബുക്കിലൂടെയുള്ള നിര്‍ദേശപ്രകാരം ഐഎസിലേക്കു ചേരാന്‍ തയാറെടുത്ത ഹൈദരാബാദുകാരന്‍ സല്‍മാന്‍ മഹിയുദീന്‍ അറസ്റ്റിലായതോടെയാണ് അഫ്ഷയിലേക്കു പോലീസിന്റെ ശ്രദ്ധ തിരിഞ്ഞത്. ഇതേതുടര്‍ന്നു പിടിയിലായ ഇവരെ യുഎഇയില്‍നിന്നു ഹൈദരാബാദിലേക്ക് എത്തിച്ചായിരുന്നു അറസ്റ്റ് ചെയ്തത്. ഭാരതത്തില്‍ നിന്നും ഐഎസിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനിടെ പിടിയിലായ അഫ്ഷ ജബീനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ കാര്യം വ്യക്തമായത്. സോഷ്യല്‍മീഡിയവഴി ചെറുപ്പക്കാരെ ആകര്‍ഷിച്ച് ഐഎസില്‍ ചേര്‍ത്തുവെന്നതാണു ഇവര്‍ക്കെതിരെയുള്ള കുറ്റം. ഐഎസ് ബന്ധം സംബന്ധിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, അഫ്ഷയെയും ഭര്‍ത്താവ് ദേവേന്ദര്‍ ബത്ര എന്ന മുസ്തഫയെയും മൂന്നു പെണ്‍മക്കളെയുമാണ് യുഎഇ നാടുകടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.