ലീഗിന്റെ പരാജയം ഉറപ്പിക്കാന്‍ കാന്തപുരം വിഭാഗം നീക്കം തുടങ്ങി

Monday 19 October 2015 12:50 pm IST

നിലമ്പൂര്‍: ലീഗ് സ്ഥാനാര്‍ത്ഥികളെ ഏതുവിധേനയും തോല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ കാന്തപുരം വിഭാഗം മെനഞ്ഞു തുടങ്ങി. ജില്ലയില്‍ എപി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളും മദ്രസകളും പിടിച്ചെടുക്കാന്‍ കായികമായി ഇകെ വിഭാഗം ശ്രമിച്ചിരുന്നു. വിഷയം ക്രമസമാധാന പ്രശ്‌നമായപ്പോള്‍ മുസ്ലീം ലീഗ് ഇകെ പക്ഷത്ത് നിന്നുകൊണ്ട് തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നാണ് എപി വിഭാഗത്തിന്റെ ആരോപണം. ഹജ്ജ്, വഖഫ് ബോര്‍ഡുകള്‍ ലീഗ് കുത്തകയാക്കി വെച്ചിരിക്കുകയാണെന്നും ഇവയൊന്നും സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്നില്ലെന്നും നേരത്തെ സംഘടന ആരോപിച്ചിരുന്നു. ഇകെ സുന്നികളുടെയും ഇരുവിഭാഗം മുജാഹിദുകളുടെയും രാഷ്ട്രീയ അഭയകേന്ദ്രമായി ലീഗ് മാറിയിരിക്കുന്നു. ലീഗിനെ മുജാഹിദുകള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങല്‍ ലീഗിനെ നയിച്ചിരുന്ന കാലത്ത് സര്‍ക്കാരില്‍ നിന്ന് എപി വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ പുതിയ നേതൃത്വത്തിന് മുജാഹിദുകളോടാണ് പ്രിയം. ഇങ്ങനെ പോകുന്നു കാന്തപുരം വിഭാഗത്തിന്റെ പരാതികള്‍. പോലീസിനെ ഉപയോഗിച്ച് എപി വിഭാഗത്തിലെ പ്രവര്‍ത്തകരെ ഉപദ്രവിക്കുകയാണ്. അത് അവസാനിക്കണമെങ്കില്‍ ഇകെ-ലീഗ്-മുജാഹിദ് അച്ചുതണ്ട് പരാജയപ്പെടണമെന്നാണ് എപി നേതാക്കള്‍ അണികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അണികളില്‍ ലീഗ് വിരുദ്ധ വികാരം ആളികത്തിക്കുകയെന്നതാണ് എപി വിഭാഗത്തിന്റെ പുതിയ സംഘടനയായ മുസ്ലീം ജമാഅത്തിന്റെ പ്രാഥമിക പരിപാടി. ഇതിന് കാന്തപുരത്തിന്റെ സന്തതസഹചാരിയായ ആര്യാടന്‍ മുഹമ്മദിന്റെ ആശീര്‍വാദവുമുണ്ട്. മുസ്ലീം വോട്ടുകള്‍ ഏകീകരിച്ച് ലീഗിനെ തകര്‍ക്കാനാണ് കാന്തപുരം-ആര്യാടന്‍ സഖ്യത്തിന്റെ ധാരണ.