വൃത്തിഹീനമായിട്ടുള്ള കടകള്‍ക്ക് നോട്ടീസ് നല്‍കി

Monday 19 October 2015 3:14 pm IST

അഞ്ചാലുംമൂട്: വൃത്തിഹീനമായി പ്രവര്‍ത്തിച്ച സൂപ്പര്‍ മാര്‍ക്കറ്റിനും അഴുകിയ മത്സ്യം വിറ്റതിന് വില്‍പ്പനകേന്ദ്രത്തിനും തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. അഞ്ചാലുംമൂട് കവലയിലെ തിരക്കേറിയ റോഡരുകില്‍ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നിലായി അഴുകിയ മലക്കറി ചാക്കിലാക്കി സൂക്ഷിച്ചതിനും ആഹാരസാധനങ്ങള്‍ സൂക്ഷിക്കുന്ന തുരുമ്പ് പിടിച്ച റാക്കുകളില്‍ നിന്നും എലിക്കാഷ്ടം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതിനുമാണ് നോട്ടീസ് നല്‍കിയത്. ശുചീകരണത്തിനായി രണ്ട് ദിവസം അനുവദിച്ചു. അഞ്ചാലുംമൂട് ചന്ത പരിസരം കാടുകയറിയ നിലയിലാണെന്നും പ്രവര്‍ത്തനം നിലച്ച ബയോഗ്യാസ് പ്ലാന്റിന് ചുറ്റും കൊതുക് കൂത്താടികള്‍ വളരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അഞ്ചാലുംമൂട് കവലയിലെ ഇ-ശുചിമുറികളും വൃത്തിഹീനമായി കിടക്കുകയാണ്. റിപ്പോര്‍ട്ട് പഞ്ചായത്തിനു നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സേഫ് കേരളയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.പി.മുരളീധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.ബാലഗോപാല്‍, ജൂനിയര്‍ എച്ച്‌ഐമാരായ എ.രാജേഷ്, പ്രതിഭ, ശ്രീകുമാരി, ജെ.പി.എച്ച്.എന്‍മാരായ ലത, സീജ തുടങ്ങിയവര്‍ പങ്കെടുത്തു. പരിശോധന വരുംദിവസങ്ങളില്‍ കര്‍ശനമായി തുടരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.സീമ ശിവാനന്ദ് അറിയിച്ചു.