കീഴല്ലൂരില്‍ ഇടത് ഭരണത്തിലെ വികസന പിന്നോക്കാവസ്ഥ സജീവ ചര്‍ച്ചയാകുന്നു

Monday 19 October 2015 6:07 pm IST

മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തില്‍ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നത്തില്‍ നിലവിലുള്ള എല്‍ഡിഎഫ് ഭരണ സമിതിയുടെ അനാസ്ഥയും കുടിവെള്ള പ്രശ്‌നവും ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും മുഖ്യവിഷയമാണ്. ഈ പഞ്ചായത്തില്‍ 14 വാര്‍ഡുകളാണ് ഉള്ളത്. ജനങ്ങളുടെ ആരോഗ്യ പരിരക്ഷ കാര്യങ്ങളില്‍ ഒട്ടനവധി ചെയ്യാനുണ്ടെങ്കിലും കാര്യമായ ഇടപെടലുകള്‍ നടത്താതെ സിപിഎം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണം തീര്‍ത്തും നിസംഗത കാണിക്കുകയുമാണ്. വളയായിലുള്ള ഗവ.ആയുര്‍വ്വേദ ആശുപത്രിയില്‍ കിടത്തിചികിത്സയ്ക്കുവേണ്ടി 1995ല്‍ എംപി ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിതിട്ടും ഒന്നര പതിറ്റാണ്ട് ആയിട്ടും അവിടെ പ്രവത്തനം ആരംഭിക്കാന്‍ കാലളങ്ങളായി പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഫിന് സാധിക്കാത്തത് ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഇവര്‍ ഒരുവിലയും കല്പിക്കുന്നില്ല എന്നതിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. എടയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കിടത്തിചികിത്സ ആരംഭിക്കണമെന്നത് ജനങ്ങളുടെ ഏറെ നാളത്തെ മുറവിളിയാണ്. ഇതിനൊന്നും യാതൊരു നടപടിയും സ്വീകരിക്കാന്‍കഴിയാത്തതിന് പൊതുജനം വോട്ടിലൂടെ പ്രതികരിക്കുമെന്ന് ഉറപ്പാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖ്യ പങ്കും സ്ഥിതിചെയ്യുന്നതും ഈ പഞ്ചായത്തിലാണ്. വരുന്ന ഡിസംബറില്‍ ആദ്യ വിമാനം പരീക്ഷണാര്‍ത്ഥം ഇറങ്ങുമെങ്കിലും അതിനനുസരിച്ചുള്ള വികസനമൊന്നും ഈ പഞ്ചായത്തില്‍ തൊട്ടുതീണ്ടിയിട്ടില്ല. വിമാനത്താവള റണ്‍വേ വികസനവുമായി ഇനിയും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെങ്കിലും പ്രദേശവാസികളുടെ ആശങ്ക ദുരീകരിക്കാന്‍ പഞ്ചായത്ത് ഭരണം കൈയ്യാളുന്നവര്‍ക്ക് സാധിച്ചിട്ടില്ല. വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാലിന്യ പ്രശ്‌നവും പാരിസ്ഥിതിക പ്രശ്‌നവും സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചപ്പോഴും ജനങ്ങളുടെ കൂടെ നിന്ന് അവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതന് പകരം അധികൃതരുമായി ഒത്തുകളിച്ചതായും പരക്കെ ആരോപണമുയര്‍ന്നിരുന്നു. തെളുപ്പ്, വടക്കുമ്പേത്ത് തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ട് ജനം കുടിവെള്ളത്തിനായി പരക്കം പായുമ്പോഴും പരിഹാരത്തിനായി താത്പര്യം കാണിക്കാത്തതും ജനങ്ങളുടെ അതൃപ്തി ഇക്കുറി എള്‍ഡിഎഫിന് എതിരാവുമെന്ന് ഉറപ്പാണ്. സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി പല വാര്‍ഡിലും പ്രശ്‌നങ്ങളുണ്ട്. യുഡിഎഫില്‍ ലീഗ്-കോണ്‍ഗ്രസ് പോര് മൂത്ത് നിരവധി വാര്‍ഡില്‍ ലീഗ് തനിച്ചാണ് മത്സര രംഗത്ത്. ബിജെപി എല്ലാ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. എല്‍.ഡിഎഫിന്റെ ജനവിരുദ്ധ ഭരണവും യുഡിഎഫിന്റെ തമ്മില്‍തല്ലും ബിജെപിയുടെ കൃത്യമായ വികസന അജണ്ടയും കീഴല്ലൂര്‍ പഞ്ചായത്തില്‍ പല വാര്‍ഡുകളിലും ഇക്കുറി താമര വിരിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.