മയില്‍പ്പീലി പുരസ്‌കാരം സമര്‍പ്പിച്ചു

Monday 19 October 2015 6:14 pm IST

കണ്ണൂര്‍: കലാസാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി കണ്ണൂര്‍ കൃഷ്ണ ജുവല്‍സും ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്‌നസ് ട്രസ്റ്റും ചേര്‍ന്ന് നല്‍കുന്ന ഈ വര്‍ഷത്തെ മയില്‍പ്പീലി പുരസ്‌കാര സമര്‍പ്പണം കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ വെച്ചുനടത്തി. സിനിമാതാരം കെ.പി.എ.സി. ലളിത, ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സാഹിത്യകാരന്‍ വാണീദാസ് എളയാവൂര്‍ എന്നിവരാണ് ഇത്തവണത്തെ മയില്‍പ്പീലി പുരസ്‌കാരത്തിന് അര്‍ഹരായത്. 50000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിന് കണ്ണൂര്‍ ചിന്മയാ മിഷനിലെ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി. ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സാഹിത്യകാരന്‍ വാണീദാസ് എളയാവൂര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഇരുവര്‍ക്കും ശില്‍പ്പങ്ങള്‍ കൈമാറി. പ്രശസ്തിപത്രം മയില്‍പ്പീലി പുരസ്‌കാരസമിതി ചെയര്‍മാ ന്‍ കെ.ബാലചന്ദ്രനും, ക്യാഷ് അവാര്‍ഡ് പുരസ്‌കാരസമിതി കണ്‍വീനര്‍ സുകുമാരന്‍ പെരിയന്നൂരും കൈമാറി. പുരസ്‌കാരസമിതി സീഫ് പേട്രണ്‍ സി.വി.രവീന്ദ്രനാഥ് അവാര്‍ഡ് ജേതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു. ആര്‍ട്ട്ിസ്റ്റ് നമ്പൂതിരി വിനയത്തിന്റെ വരക്കാരനാണെന്നും താഴെ നിന്നുകൊണ്ട് ഉയരങ്ങളിലേക്ക് വരകളെ നോക്കി കാണുകയും അതുതന്നെയാണ് അദ്ദേഹത്തിന്റെ മഹത്വമെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. അറിവിന്റെ അപാരതയാണ് വാണീദാസ് എളയാവൂരിന്റെ എഴുത്തുകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും അപാര പ്രാസംഗികന്‍ കൂടിയായ അദ്ദേഹത്തിന്റെ ദാസരാണ് വാക്കുകള്‍ എന്നും ഖാദര്‍ മാങ്ങാട് പറഞ്ഞു. ഭഗവാന്‍ സ്പര്‍ശിച്ചവര്‍ക്കുമാത്രമേ കല അതിന്റെ പരിപൂര്‍ണ്ണമായ ഭാവത്തില്‍ വരികയുള്ളു എന്നും ഭഗവാന്റെ സ്പര്‍ശനം ഏറ്റവരാണ് അവാര്‍ഡ്‌ജേതാക്കളെന്നും അനുഗ്രഹപ്രഭാഷണം നടത്തിക്കൊണ്ട് സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി പറഞ്ഞു. വിലമതിക്കാനാകാത്തതാണ് തനിക്കുലഭിച്ച ഈ അംഗീകാരമെന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും, അര്‍ഹതയെ അംഗീകരിക്കുകയും ആരാധിക്കേണ്ടതിനെ ആരാധിക്കുകയും ചെയ്യുന്നത് പുണ്യമാണെന്ന് വാണീദാസ് എളയാവൂരും മറുപടിപ്രസംഗത്തില്‍ പറഞ്ഞു. കെ . .ബാലചന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷപ്രസംഗം നടത്തി. മയില്‍പ്പീല ചീഫ് എഡിറ്റര്‍ നിഷ മയില്‍പ്പീലി വാര്‍ത്താപത്രിക അവതരണം നടത്തി. ഖാദര്‍ മാങ്ങാട് വാര്‍ത്താപത്രിക പ്രകാശനം നടത്തി. ഒ. അശോക് കുമാര്‍ കൈരളി ബുക്‌സ് പുസ്തക പ്രകാശന അവതരണം നടത്തി. വാണീദാസ് എളയാവൂര്‍ പുസ്തക പ്രകാശനം നടത്തി. ഖാദര്‍ മാങ്ങാട് ഏറ്റുവാങ്ങി. സുകുമാരന്‍ പെരിയച്ചൂര്‍ പരസ്‌കാര അവതരണം നടത്തി. സിവിആര്‍ സരസ്വതി പുരസ്‌കാര വിതരണവും കൃഷ്ണ ജുവല്‍സ് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണവും ചടങ്ങില്‍വെച്ച് നടത്തി. ഒ. അശോക് കുമാര്‍ നന്ദി രേഖപ്പെടുത്തി.