പത്മനാഭനും 'കെട്ടിവെച്ച കാശും' ? പിന്നെ പുരോഗമന ബുദ്ധിജീവികളും

Monday 19 October 2015 6:14 pm IST

നാട്ടില്‍ പെയ്യുന്ന മഴയ്‌ക്കെല്ലാം കുടപിടിക്കുന്ന, ചില സാംസ്‌കാരിക നായകരും ബുദ്ധിജീവികളും പുരോഗമന വാദികളും എന്ന് സ്വയം അഭിമാനം കൊള്ളുന്നവരുള്ള നമ്മുടെ നാട്ടില്‍, കഥയുടെ കുലപതിയെന്ന് മലയാളത്തിലെ നാട്ടാര്‍ വിളിക്കുന്ന, വിശ്വസിക്കുന്ന കഥാകാരന്‍ പത്മനാഭന്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയിലും വാര്‍ത്താ മാധ്യമങ്ങളിലും ഇടം നേടിയിരിക്കുകയാണല്ലോ. തലശ്ശേരിയിലെ കൊലപതാക കേസിലെ പ്രതിയായ സഖാവ് കാരയിക്ക് ജനവിധി തേടാന്‍ കെട്ടിവെയ്ക്കാനുള്ള തുക കൊടുത്തത് പത്മനാഭനെന്ന കഥാകാരനാണെന്ന് കമ്മ്യൂണിസ്റ്റുകളും ചില വാര്‍ത്താ മാധ്യമങ്ങളും വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ കെട്ടിവെക്കാനുള്ള കാശല്ല കൊടുത്തതെന്നും പത്രിക സമര്‍പ്പിച്ച ശേഷം പത്മനാഭനെന്ന കഥാകാരനായ കമ്മ്യൂണിസ്റ്റ് ഗുരു വിന്റെ അനുഗ്രഹം വാങ്ങാന്‍ വന്ന കാരായി സഖാവിനോടൊപ്പമുണ്ടായിരുന്ന നേതാക്കളായ പാര്‍ട്ടി സഖാക്കള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നല്‍കുക മാത്രമാണ് പത്മനാഭന്‍ ചെയ്തതെന്നാണ് മറ്റ് ചിലരുടെ ഭാഷ്യം. കഥാകാരനാവട്ടെ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇതെന്തായാലും ഇക്കാര്യത്തില്‍ പത്മനാഭന്‍ സ്വന്തം ഭാഗം വ്യക്തമാക്കേണ്ടിയിരിക്കുന്നു. നല്ലൊരു വിഭാഗം കണ്ണൂരുകാരും മലയാള ഭാഷാ സ്‌നേഹികളും ഏറെ ഇഷ്ടപ്പെടുകയും കഥാകാരന്റെ സ്വാഭാവ ഗുണംകൊണ്ട് ഒരുവിഭാഗം ഏറെ വെറുക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന കഥാകാരന്റെ കൊലപാതകികളോടുള്ള പക്ഷമറിയാന്‍ നാട്ടാര്‍ക്കൊപ്പം കണ്ണൂരാനും താല്പര്യമുണ്ട്. തെറ്റിനെ തെറ്റായും നേരിനെ നേരായും അവതരിപ്പിക്കുകയും അഭിപ്രായം പറയുകയുമാണ് സാമുഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരന്റെ-സാഹിത്യകാരന്റെ-കലാകാരന്റെ ബാധ്യത. എഴുത്തിന്റെ അറുപതും വയസ്സിന്റെ 80 വര്‍ഷവും പിന്നിട്ട പത്മനാഭന്‍ കെട്ടിവെക്കാന്‍ തന്നെയാണ് കൊലക്കേസ് പ്രതിക്ക് പണം നല്‍കിയതെങ്കില്‍ അത് കേരളീയ സമൂഹത്തോടും മലയാള സാഹിത്യ ലോകത്തോടും പത്മനാഭന്‍ ചെയ്ത കൊടും പാതകമാണെന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ. കൊലക്കേസ് പ്രതിയായ ഒരാള്‍ കേസ് തെളിയിക്കപ്പെടുന്നതുവരെയെങ്കിലും ആരോപിതനാണെന്നുള്ള തിരിച്ചറിവ് കഥാകാരന് വേണമായിരുന്നു. അതല്ല, അങ്ങനെ ചെയ്തില്ലെങ്കില്‍, താന്‍ നല്‍കിയത് സംഭാവനയാണെന്ന് വിളിച്ചുപറയാനുള്ള അര്‍ജ്ജവം അദ്ദേഹം കാട്ടണം. ദാദ്രിയും കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയുടെ കൊലപാതകവും മഹാരാഷ്ട്രയിലെ നരേന്ദ്ര ദബോല്‍ക്കറുടെ കൊലപാതകവുമടക്കം രാജ്യത്തും ലോകത്തും നടക്കുന്ന സകല ഏടാകൂടങ്ങളെപറ്റിയും സടകുടഞ്ഞെഴുന്നേറ്റ് അഭിപ്രായം പറയുന്ന ചില സാഹിത്യ ബുദ്ധിജീവികള്‍, അവാര്‍ഡുകള്‍ തിരിച്ചുനല്‍കി സ്ഥാനങ്ങള്‍ രാജിവെച്ച് 'മാതൃക' കാണിക്കുന്ന ഇടത് കുഴലൂത്തുകാര്‍, ഇവര്‍ക്കൊന്നും പത്മനാഭന്‍ കൊലക്കേസ് പ്രതിക്ക് മത്സരിക്കാന്‍ കെട്ടിവെക്കാനുളള പണം നല്‍കിയ കാര്യത്തില്‍ മിണ്ടാട്ടമില്ല. ഇതുതാന്‍ കണ്ണൂരിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റ് 'ബുദ്ധിസം'. രാജ്യത്തെ സംസ്ഥാനങ്ങളില്‍ എവിടെ എന്തു നടന്നാലും നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാര്‍ സംഘടനകളെയും പഴിചാരുകയും, ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്വമുള്‍പ്പെടെ മറച്ചുവെക്കുകയും ചെയ്യുന്ന ഇടത് ബുദ്ധിജീവികള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധമായത് എല്ലാം അലര്‍ജിയും അനുകൂലമായാലേതും നല്ലതും. കള്ളനായാലും കൊള്ളക്കാരനായാലും കൊലപാതകിയായാലും സഖാവാണെങ്കില്‍ എല്ലാം ആവാം. മറ്റുളളവരാണേല്‍ ബൂര്‍ഷ്വാ പിന്തിരിപ്പന്‍. പത്മനാഭന് കണ്ണൂരിലെങ്കിലും നാട്ടുകാരനെന്ന നിലയില്‍ നല്ലൊരു സൗഹൃദ വലയം ഉണ്ട്. എകാന്തതയില്‍ നിന്നുടലെടുക്കുന്ന ധാര്‍ഷ്ട്യ വും അഹന്തയും മൂകതയും ഭീരുത്വവും എല്ലാം ഉള്ളപ്പോഴും അങ്ങയുടെ കഥാലോകത്ത് വിഹരിച്ച് ആസ്വാദനത്തിന്റെ തലങ്ങളിലേക്കിറങ്ങി നിരവധി ശിഷ്യഗണങ്ങള്‍ക്ക് പത്മനാഭന്റെ കഥകളുടെ ആഴവും പരപ്പും അര്‍ത്ഥവും പകര്‍ന്നു നല്‍കിയവരും നല്‍കി വരുന്നവരുമായ ഒരുപാട് ഗുരുക്കന്‍മാരും കഥാസ്വാദകരുമുണ്ട്. ഇവരെല്ലാം അങ്ങയെകുറിച്ച് കൊണ്ടുനടന്ന ആദരവും ബഹുമാനവുമെല്ലാം തങ്ങളില്‍ ആരോപിതമായ താന്തോന്നിത്തത്താല്‍ മനസ്സില്‍ നിന്നും വീണ് തകര്‍ന്നടിഞ്ഞ് തരിപ്പണമായിരിക്കുകയാണ്. കഥാകാരനും സാഹിത്യകാരനും സാമുഹ്യ പ്രതിബദ്ധത വേണമെന്ന് പഠിച്ച് വളര്‍ന്ന കണ്ണൂരാനെപോലുള്ളവര്‍ക്ക്, അങ്ങ് കൊലപാതക കേസി ലെ പ്രതിക്ക് പണം നല്‍കിയെന്നത് സത്യമാണെങ്കില്‍ ഈ സാമൂഹ്യ പ്രതിബദ്ധത അങ്ങ യ്ക്ക് തൊട്ടുതീണ്ടിയിട്ടില്ലെന്ന് പറയേണ്ടിവരും. അതിലെ യാഥാര്‍ത്ഥ്യം തെളിയിക്കേണ്ടത് അങ്ങയുടെ കടമയാണ്. പണം നല്‍കിയെന്നത് ശരിയാണെങ്കില്‍ ഇവിടുത്തെ മുഖംമൂടി അണിഞ്ഞ ബുദ്ധിജീവികള്‍ മൗനം ഭഞ്ജിക്കുകയും വേണം.