പുരസ്‌കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നത് യജമാന ഭക്തികൊണ്ട് : ടി.പി.സുധാകരൻ

Monday 19 October 2015 7:07 pm IST

ബെംഗളൂരു:വർത്തമാനകാലത്ത് രാഷ്ട്രീയ കുഴലൂത്തുകാരായ സാഹിത്യകാരന്മാർ പുരസ്‌കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നത് യജമാനന്മാരോടുള്ള കൂറുകൊണ്ടാണെന്ന് പ്രമുഖ എഴുത്തുകാരനായ പ്രൊഫ.ടി.പി.സുധാകരൻ അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യവേദി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ ആവിഷ്‌കാരസ്വാതന്ത്ര്യവും പ്രതിവിധിയും പരിമിതികളും എന്ന വിഷയത്തിൽ അൾസൂർ യോഗേശ്വരാനന്ദ സ്‌കൂളിൽ നടന്ന സാഹിത്യസംവാദത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൗരാണിക സാഹിത്യകാലംതൊട്ട് ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിൽ ആവിഷ്‌കാരത്തിന് എന്നും അർഹിക്കുന്ന പ്രാധാന്യം നൽകിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയതിനുശേഷം നിന്റെ വിവേചനബുദ്ധികൊണ്ട് നിനക്ക് ശരിയെന്നു തോന്നുന്നത് മാത്രം ഉൾക്കൊണ്ടാമതിയെന്നു പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മകുടോദാഹരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിലും കോട്ടക്കൊത്തളങ്ങളിലും ആവിഷ്‌കരിച്ചിട്ടുള്ള രതിശിൽപ്പങ്ങൾ അർഹിക്കുന്ന അന്തസ്സോടെ ഉൾക്കൊണ്ടവരാണ് നമ്മൾ. പക്ഷേ വൈദേശിക സാഹിത്യം പലപ്പോഴും മതങ്ങൾ തമ്മിലുള്ള പോരാട്ടത്തിനുവേണ്ടിയാണ് നിലകൊണ്ടത്. കല്‍ബുര്‍ഗിയെന്ന സാഹിത്യകാരന്‍ കൊലചെയ്യപ്പെട്ടത് അത്യന്തം നിന്ദ്യവും നീചവുമായ കാര്യമാണ്. പക്ഷേ അതിന്റെ പേരില്‍ നടക്കുന്ന പുരസ്‌കാര തിരസ്‌കാരവും അതിന്റെ പിന്നിലുള്ള രാഷ്ട്രീയ ചേതോവികാരവും ജനങ്ങളെ അസ്വസ്ഥമാക്കാനും ലോകത്തിന്റെ മുമ്പില്‍ ഭാരതത്തിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുവാനും മാത്രമേ സാധിക്കുകയുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും ഭീകരസംഘടനയായ ഐഎസിനെക്കാളും ഭീകരമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തുന്ന നിരവധി സംഭവങ്ങള്‍ പ്രബുദ്ധമായ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അന്നൊന്നും പുരസ്‌കാര തിരസ്‌കരായ സാഹിത്യകാരന്മാരെ നമുക്ക് കാണാന്‍ സാധിച്ചിട്ടില്ല. കര്‍ണാടകയില്‍ 13-ാമത്തെ കൊലപാതകമാണ് സാഹിത്യകാരന്മാരുടെ ഇടയില്‍ നടന്നത്. അതിന്റെ ഉത്തരവാദിത്തം അതത് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനല്ലെയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് തപസ്യ പ്രസിഡന്റ് ടി.കെ.രവീന്ദ്രന്‍ ചോദിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അന്തഃസത്ത മനസ്സിലാക്കുവാന്‍ വേണ്ടിയും ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉള്‍ക്കൊള്ളുവാനും ഇടതുക്ഷ ചിന്തകര്‍ വേദങ്ങളും ഉപനിഷത്തുകളും സ്വായത്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കിഷോര്‍ പറഞ്ഞു. അന്ധമായ മോദി വിരോധം മാത്രമാണ് ഇപ്പോഴത്തെ സാഹിത്യകാരന്മാരുടെ പ്രകടനമെന്ന് ചക്രപാണി അഭിപ്രായപ്പെട്ടു. അഡ്വ.കൃഷ്ണന്‍, കൃഷ്ണകുമാര്‍ കടമ്പൂരാന്‍, മോഹന്‍ദാസ്, അജിത്ത്, രവീന്ദ്രമല്യ, അനിത പ്രേംകുമാര്‍, ഗണേശ്, മനോജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തപസ്യ സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രന്‍ സ്വാഗതവും ടി.പി.സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.