സ്ത്രീത്വത്തെ സിപിഎം അപമാനിക്കുന്നു: തിരുവഞ്ചൂർ

Monday 19 October 2015 7:18 pm IST

കോട്ടയം: സ്ത്രീത്വത്തെ അപമാനിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ പ്രസ്ഥാവനയേക്കാൾ തരംതാഴ്ന്നതാണ് ഇത് സംബന്ധിച്ച് സിപിഎം നേതാക്കളുടെ നിലപാട്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഈ വിഷയത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ്. എതിരാളികളെ ഒളിയമ്പെയ്തും കരിവാരിത്തേച്ചുമുള്ള രാഷ്ട്രീയം സിപിഎം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ ചലനം ഉണ്ടാക്കുവാൻ സാധിക്കുകയില്ല. എസ്എൻഡിപി-ബിജെപി സഖ്യം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റം ഉണ്ടാക്കില്ല. ദേശീയ തലത്തിൽ കോൺഗ്രസ്സിന്റെ മുഖ്യ എതിരാളി ബിജെപിയാണ്. ദേശീയ തലത്തിൽ സിപിഎം കോൺഗ്രസ്സുമായി സഖ്യം ഉണ്ടാക്കി ബിജെപിയുടെ വളർച്ചയെ ചെറുക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. കോൺഗ്രസ്സിലെ വിമതപ്രശ്‌നം പാർട്ടി ഗൗരവമായി കാണും. ഇതിൽ റിബലായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കും. തിരഞ്ഞെടുപ്പ് രംഗത്ത് ഇപ്പോൾ കാണുന്ന ചിത്രം അന്തിമമായി കാണേണ്ടതില്ലെന്നും അതിൽ മാറ്റങ്ങൾ വരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.