ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം: കോടിയേരിയെ തള്ളി കാനവും രംഗത്ത്

Monday 19 October 2015 7:29 pm IST

കാസര്‍കോട്: ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ് ബുക്ക് പരാമര്‍ശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ച് നിലപാടുകളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ചെറിയാനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്ത് വന്നിരുന്നു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ 'ജനസഭ 2015' പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് കാനം ചെറിയാന്‍ ഫിലിപ്പിന്റെ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ചത്. ചെറിയാന്‍ ഫിലിപ്പ് എന്നല്ല, സ്ത്രീകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍ ഹീനമായ പരാര്‍ശങ്ങള്‍ ആരു നടത്തിയാലും സിപിഐ അതിന് എതിരാണ്. ചെറിയാന്‍ ഫിലിപ്പ് ഫേസ് ബുക്കില്‍ പരാമര്‍ശിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെങ്കില്‍ പോലും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ അത്തരമൊരു പരാമര്‍ശം അദ്ദേഹം നടത്താന്‍ പാടില്ലായിരുന്നു. ഇത്തരം കാര്യങ്ങളില്‍ സിപിഐയ്ക്ക് വ്യക്തമായ നിലപാടുകളുണ്ട്. ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തെ അനുകൂലിച്ചുകൊണ്ട് ചില സിപിഎം നേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കാന്‍ താനാളല്ലെന്ന് കാനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.