ദുബായ് ഐടി മേള- ജൈടെക്‌സ് 2015 പുതുമകളോടെ കേരളപവലിയന്‍

Monday 19 October 2015 7:32 pm IST

തിരുവനന്തപുരം: കേരളത്തിലെ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തുടക്കക്കമ്പനികളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയാണ് ജൈ ടെക്‌സ് 2015 ല്‍ പങ്കെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് സിഇഒ ഗിരീഷ് ബാബു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച ജൈടെക്‌സിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗിരീഷ് ബാബു. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ സാങ്കേതികമേളകളിലൊന്നാണ് ജൈടെക്‌സ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക്, കോഴിക്കോട് ഫോറം ഫോര്‍ ഐടി എന്നിവിടങ്ങളില്‍ നിന്നായി 33 സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ അരങ്ങേറിയ ജൈടെക്‌സില്‍ പങ്കാളികളായ ചെറുകിട കമ്പനികളില്‍ ഭൂരിഭാഗവും വന്‍ബിസിനസ് പങ്കാളിത്തം കരസ്ഥമാക്കിയതായും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയിലെ മലയാളി വ്യവസായസാന്നിധ്യം പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുക എന്ന ലക്ഷ്യവും ജൈടെക്‌സിലെ പങ്കാളിത്തം കൊണ്ട് ഉദ്ദേശിക്കുന്നതായി കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിശദീകരിച്ച് സിഇഒ ആര്‍. അജിത്കുമാര്‍ പറഞ്ഞു. സോഫ്ട്‌വെയര്‍ കമ്പനികളുടെ ദേശീയസംഘടനയായ നാസ്‌കോം കോഴിക്കോടിനെ മികച്ച വളര്‍ച്ചാനിരക്ക് പ്രകടിപ്പിക്കുന്ന സോഫ്ട്‌വെയര്‍ നിര്‍മാണ കേന്ദ്രമായി പരിഗണിച്ചിട്ടുണ്ടെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. മലബാറില്‍ നിന്നുള്ള 11 കമ്പനികളാണ് ജൈടെക്‌സില്‍ പങ്കെടുക്കുന്നത്. ബാസ്ട്ര ടെക്‌നോളജീസ്, കോഡ്‌ലാറ്റിസ്, ഓഫെയ്റ്റ്, അബാംസോഫ്റ്റ്, സൈബ്രോ സിസ്, വാല്യൂമെന്റര്‍, ഫ്‌ളൂ അപ്, ക്രിയേസ് ടെക്‌നോളജീസ്, ഐസ് ലാബ് സൊല്യൂഷന്‍സ്, അകിരാ സോഫ്ട്‌വെയര്‍ സൊല്യൂഷന്‍സ്, നീം സോഫ്ട്‌വെയര്‍, അലാഡിന്‍ പ്രോ, ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്‌സ് സൊല്യൂഷന്‍സ്, എക്‌സ്‌പോ ഡൈന്‍, സ്മാര്‍ട്ട് സ്‌കൂള്‍ തുടങ്ങിയ കമ്പനികള്‍ ജൈടെക്‌സില്‍ പങ്കെടുക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.