യജ്ഞഭംഗ ശ്രമം

Monday 19 October 2015 8:00 pm IST

ഹോമകുണ്ഡത്തില്‍ നിന്നും വാനത്തിലേക്കുയരുന്ന ധൂപംകണ്ടപ്പോള്‍ വിഭീഷണന് സംഭവം പിടികിട്ടി. അദ്ദേഹം ശ്രീരാമന് ആകാശത്തിലേക്കുയരുന്ന പുക കാട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു. 'പ്രഭോ, രാവണന്‍ ഹോമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഈ ഹോമം പൂര്‍ത്തീകരിച്ചാല്‍ പിന്നെ രാവണനെ ജയിക്കാന്‍ നമുക്കെന്നല്ല പ്രപഞ്ചത്തിലെ ഒരു ശക്തിക്കും സാദ്ധ്യമാവുകയില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ ഹോമത്തിന് വിഘ്‌നം വരുത്തിയേ മതിയാകു. വിഭീഷണന്‍ പറഞ്ഞതുകേട്ട് ശ്രീരാമനും സുഗ്രീവനും വാനരന്മാര്‍ക്ക് ആ ഹോമം മുടക്കുന്നതിനുള്ള ആജ്ഞ നല്‍കി. രാമസുഗ്രീവന്മാരുടെ ആജ്ഞയനുസരിച്ച് ഹനുമാന്‍, അംഗദന്‍ മുതലായവരുടെ നേതൃത്വത്തില്‍ വാനരസേന രാവണമന്ദിരത്തിലെത്തി. ആന, കുതിര, രഥം തുടങ്ങിയവ നശിപ്പിച്ചുകൊണ്ട് വാനരന്മാര്‍ അവിടമാകെ തിരഞ്ഞെങ്കിലും അവര്‍ക്ക് ഹോമസ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. ചുറ്റുപാടും നോക്കി സ്ഥലം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചു നില്‍ക്കുന്ന അവരോട് വിഭീഷണ പത്‌നിയായ 'സരമ' ആംഗ്യംകൊണ്ട് രാവണന്റെ ഹോമസ്ഥലം ചൂണ്ടിക്കാട്ടിക്കൊടുത്തു. സരമ കാണിച്ചുകൊടുത്ത ഭാഗത്തേക്ക് അവര്‍ ഒന്നിച്ചു നീങ്ങി. ഹോമം നടത്തുന്ന ഗുഹാദ്വാരം ഭദ്രമായി അടയ്ക്കാനായി ഉപയോഗിച്ചിരുന്ന പാറക്കല്ല് അവര്‍ നിഷ്പ്രയാസം എടുത്ത് തവിടുപൊടിയാക്കി. അംഗദന്‍ ഗുഹയിലേക്കിറങ്ങി നോക്കിയപ്പോള്‍ രാവണന്‍ ഹോമകുണ്ഡത്തിനു സമീപം ഇരിക്കുന്നതുകണ്ടു. അംഗദന്റെ ആജ്ഞപ്രകാരം മറ്റു വാനരന്മാരും അകത്തുകടന്നു. കണ്ണുമടച്ച് ധ്യാനനിമഗ്നനായിരിക്കുന്ന ആ രാക്ഷസരാജനെ വാനരന്മാര്‍ തുടര്‍ച്ചയായി തലങ്ങും വിലങ്ങും പ്രഹരിക്കാന്‍ തുടങ്ങി. ഭൃത്യജനങ്ങളെ കൊന്നു. ഹോമസാമഗ്രികള്‍ ഒന്നിച്ചെടുത്ത് ഹോമകുണ്ഡത്തിലിട്ടു. ഗുഹയിലെ സജ്ജീകരണങ്ങളും ഹോമസ്ഥല പരിസരവും വാനരര്‍ തകര്‍ത്തു. രാവണന്റെ കൈയില്‍നിന്നും സ്രുവം ഹനുമാന്‍ പിടിച്ചെടുത്ത് ദൂരെ കളഞ്ഞു. വാനരന്മാര്‍ രാവണന്റെ ശരീരമാസകലം കൈകൊണ്ടും പല്ലുകള്‍കൊണ്ടും മാന്തിയും കടിച്ചും മുറിവേല്പിച്ചു. പക്ഷെ ഇതുകൊണ്ടൊന്നും ജയകാംക്ഷയോടെ ഏകാഗ്രചിത്തനായിരിക്കുന്ന രാവണനെ സ്വല്പംപോലും ഇളക്കാന്‍ കഴിഞ്ഞില്ല. ഏതുവിധത്തിലും ഹോമം പൂര്‍ത്തിയാക്കുന്നതിന്നുള്ള ഇച്ഛാശക്തി രാവണനുണ്ടെന്നു മനസ്സിലാക്കിയ വാനരന്മാര്‍ ഇനി മണ്ഡോദരിയെ അപമാനിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു. അവര്‍ മണ്ഡോദരിയുടെ മടിക്കുത്തഴിക്കാനും റൗക്ക വലിച്ചുകീറിക്കളയാനും തുടങ്ങി. മണ്ഡോദരി വാവിട്ടു നിലവിളിച്ചു.