മനുഷ്യന് യോജ്യം ദുഷ്ടപ്പട്ടം

Monday 19 October 2015 8:03 pm IST

ലോകന്യായപ്രകാരം മാംസഭുക്കുകളെയും സസ്യഭുക്കുകളെയും എങ്ങനെയുള്ളവരാണെന്ന് പറയാമെന്നും, ന്യായപ്രകാരം അവര്‍ക്ക് എങ്ങനെയുള്ള അനുഭവത്തിനാണവകാശമുള്ളതെന്നും നോക്കാം. മൃഗചരിത്രാചാര്യന്മാര്‍ മാംസഭുക്കുകളായ സിംഹം, കടുവാ മുതലായ ജന്തുക്കളെ ദുഷ്ടമൃഗങ്ങളെന്നും സസ്യഭുക്കുകളായ പശു, ആട്, മാന്‍ മുതലായവയെ സാധു മൃഗങ്ങളെന്നും പറഞ്ഞുവരുന്നു. എന്നാല്‍ സിംഹാദികള്‍ക്ക് സ്വാഭാവികമായി മാംസമേ വേണ്ടൂ. പ്രയാസപ്പെട്ടാലും വല്ലപ്പോഴും അതിനു മാംസമേ കിട്ടുകയുള്ളൂ. നമുക്കോ മാംസാഹാരം കഷ്ടപ്പെട്ടു പരിചയിക്കുന്നതും എളുപ്പത്തില്‍ ലഭിക്കാത്തതുമാണ്. നമ്മേപ്പോലെയാണ് അന്യജന്തുവിനു വേദനയെന്നുള്ള വിവേകവും മനുഷ്യനാണുള്ളത്. അതുകൊണ്ട് ദുഷ്ടമൃഗങ്ങള്‍ അല്പവും കുറ്റവാളികളല്ല. ഈ മനുഷ്യനാണ് എല്ലാ കുറ്റങ്ങളുമുള്ള ദുഷ്ടദ്രോഹി. ന്യായസ്ഥനായ മൃഗത്തിനു 'ദുഷ്ട' എന്ന വിശേഷണം കൊടുത്ത സ്ഥിതിയ്ക്ക് മനുഷ്യനു 'ദുഷ്ടദുഷ്ട' എന്ന വിശേഷണം കൊടുക്കണം. സിംഹാദികള്‍ വിശക്കുമ്പോള്‍ വളരെ കാത്തിരുന്നു എന്തിനെയങ്കിലും കിട്ടിയാല്‍ ക്ഷണം കൊണ്ട് കാര്യം കഴിക്കും. മനുഷ്യനാകട്ടെ, മോഷ്ടിച്ചോ, ബലാല്‍ക്കാരമായോ, വിലയ്ക്കു വാങ്ങിയോ മുന്‍കൂട്ടികൊണ്ടുവന്ന് പട്ടിണിയിട്ട്, വേലയെടുപ്പിച്ച്, കഷ്ടപ്പെടുത്തി, ചിത്രവധം ചെയ്യുകയാണ്. ആ സ്ഥിതിയ്ക്ക് ഇവനെ വളരെവളരെ കൂടുതല്‍ ദുഷ്ടനെന്നു പറയണം. മൃഗം മറ്റൊന്നിനെ ഉപദേശിച്ചു മാംസം തീറ്റാറില്ല, മനുഷ്യരോ, ഇതു കഷ്ടമെന്നും വേണ്ടെന്നും കരുതി കൊല്ലാതിരിക്കുന്നവരോട് ദുര്‍ന്യായങ്ങള്‍ പറഞ്ഞു കൊല്ലിക്കക്കൂടി ചെയ്യുന്നുണ്ട്. അതിനാല്‍ ഇവന് അസംഖ്യം ദുഷ്ടപ്പട്ടം കൊടുക്കണം. അന്യന്‍ ഇവനോടു എങ്ങനെ പെരുമാറാനാണ് ഇവന്റെ ന്യായം സമ്മതിക്കുന്നതെന്നു നോക്കാം. സാധു മൃഗത്തിനെ വധിക്കാമെന്നുള്ള ഇവന്റെ ന്യായം ദുഷ്ടമൃഗത്തെ ക്രൂരമായി വധിക്കാനും ആ മുറയ്ക്ക്, അനേകകാരണങ്ങളാല്‍ ദുഷ്ടമൃഗത്തെക്കാള്‍ വളരെ ദുഷ്ടനായ ഇവനെ കുറേശ്ശേ കുറേശ്ശേ വേദനപ്പെടുത്തി അതിക്രൂരമായി കൊന്നാലും മതിയാകയില്ലെന്നാണല്ലൊ വന്നു ചേരുന്നത്. ഇങ്ങനെയുള്ള മനുഷ്യന് ആരെന്തുപദ്രവം ചെയ്താലും ദോഷമില്ലെന്ന് അവന്റെ ഹിംസാന്യായം കൊണ്ടു തന്നെ സിദ്ധിക്കുന്നു. തുടരും  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.