അഹങ്കാരം നാശകാരണം

Monday 19 October 2015 8:05 pm IST

മഹിഷാസുരന്‍ അഹങ്കാരമാണ്. മദം ആര്‍ക്കുണ്ടായാലും അത് നാശത്തിലേ കലാശിക്കൂ. സാക്ഷാല്‍ ദേവി തന്നെ തന്റെ മുന്നില്‍ വന്നിട്ടും അവന്‍ ദേവിയോട് ജ്ഞാനമല്ല ആഗ്രഹിച്ചത്- അതിലെ വിഷയസുഖത്തെ-സ്ത്രീ സ്വരൂപത്തെയാണ് കാമിച്ചത്. അന്യരെ ഉപദ്രവിച്ച് വിഷയസുഖങ്ങളില്‍ മതിവരാത്തവരുടെ കഥയാണ് ഈ മഹിഷാസുരന്റെ കഥ പറയുന്നത്. കഠിന തപസ്സുചെയ്ത് ബ്രഹ്മാവിനേയും ഒപ്പം ദേവിയെയും ഭജിച്ചു എന്നിട്ടും, മരണത്തെപ്പോലും തനിക്കു കീഴ്‌പ്പെടുത്താനാകും എന്ന അഹങ്കാരത്തില്‍ തീര്‍ത്തും 'അബലയെന്നു കരുതിയാണ്' തനിക്കു സ്ത്രീയാല്‍ മാത്രമെ മരണമുണ്ടാകാവൂ എന്ന വരം വാങ്ങിയത്. തന്മൂലം അവന്‍ അഹങ്കാരിയുമായി, മൂന്നു ലോകങ്ങളും കരബലത്താല്‍ അധീനമാക്കി. തപസ്സും, ദാനവും, ധനവും ഒന്നുമല്ല, വിവേകവും വിനയവുമാണ് വേണ്ടത്. ഈ മഹിഷാസുരവധത്തില്‍ നിന്നും നാം മനസ്സിലാക്കണം. അഹങ്കാരമില്ലാതെ, വിനയത്തോടെ ജീവിക്കണം. 'വിദ്യാവിനയ സമ്പന്ന' എന്നാണ്. വിനയമാണ് സമ്പത്തെന്നും വിദ്യയെന്നത് വിനയമാണെന്നുമാണ് ഇതിനര്‍ത്ഥം. അതിന് ജ്ഞാനം വേണം. വിദ്യ വേ ണം. ആ ജ്ഞാനം നേടാന്‍ നമുക്കീ നവരാത്രിവ്രതമെടുത്ത് മഹിഷാസുര മര്‍ദ്ദിനിയായ ആ ദേവിയെ ഭജിയ്ക്കാം! അഹങ്കാരം എന്നാല്‍ ഞാന്‍ എന്നതില്‍ അഭിമാനിക്കുകയാണ്. എല്ലാം ചെയ്യുന്നത് ‘ഞാനാണ് കര്‍ത്തൃത്വം (ചെയ്യുന്നതും അനുഭവിയ്ക്കുന്നതും) ഞാനാണ് എന്ന്. ഞാന്‍ സുഖിയാണ്, ദു:ഖിയാണ് എന്ന ചിന്ത തന്നെ! അഹങ്കാരം വാസ്തവത്തില്‍ മിഥ്യയാണ്. തെറ്റായ ധാരണയാണ്. ഈ പ്രപഞ്ചം (ലോകം) നിലനില്‍ക്കുന്നതല്ല; ഇല്ലാതാകുന്ന ഈ പ്രപഞ്ചം യഥാര്‍ത്ഥമാണെന്ന് (ശാശ്വതമാണെന്ന്) ധരിക്കുന്നു. അതുതന്നെയാണ് മിഥ്യ. ഈശ്വരന്റെ ചൈതന്യാംശമായ ജീവന് രൂപ കല്‍പന ചെയ്യുന്നതിനെയാണ് സൃഷ്ടി എന്നു പറയുന്നത്. അത് ‘സാത്വിക-രാജസ-താമസ ’ ഗുണങ്ങളാണ്. സത്വഗുണ പ്രധാനമായ മഹത്തത്വം മായയില്‍ പ്രതിബിംബരൂപേണ സ്ഥിതിചെയ്യുന്നതായ ഈ ജീവങ്കല്‍ ഞാന്‍ (അഹം) എന്ന ജ്ഞാ നത്തെ ഉണ്ടാക്കുന്നു. ഞാന്‍ എന്നതും ഈ ബോധത്തെയാണ് ഞാന്‍ കണ്ടൂ, ഞാന്‍ കേട്ടൂ, ഞാന്‍ ചെയ്തൂ, ഞാന്‍ പറഞ്ഞു, എന്നിങ്ങനെയാണ് ഞാന്‍’ അഹങ്കാരമാകുന്നത്. ചിദാത്മാവ് സത്വാഭിഗുണങ്ങള്‍ - കാലം എന്നിവയുടെ ചേര്‍ച്ച കൊണ്ടുണ്ടാകുന്ന ഒരു തത്വമാണ് മഹത്തത്വം. ഇതില്‍ തമോഗുണം അധികമായിട്ട് വികല്‍പത്തിന്റെ (സംശയം) അത് , ഇത് എന്ന ബോധമുളവാക്കുന്ന തോന്നലുണ്ടാക്കുന്ന അഹങ്കാര തത്വത്തെ സൃഷ്ടിച്ചു. ചരാചരങ്ങളെല്ലാം അഹങ്കാരത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. അഹങ്കാരത്തില്‍ നിന്നുണ്ടായ ചിത്തത്തില്‍ അഹങ്കാരം തന്നെയാണുണ്ടാവുക. അഹങ്കാരവും മൂന്നു വിധമാണ്-സാത്വികം, രാജസം, താമസം-എന്നിങ്ങനെ അവയെ ജ്ഞാനശക്തി, ക്രിയാശക്തി, അര്‍ത്ഥശക്തി (ദ്രവ്യശക്തി) എന്ന് തരം തിരിച്ചിരിക്കുന്നു. ജനിച്ചവയെല്ലാം ജന്തുക്കള്‍ എന്നും, ഉണ്ടായവയെല്ലാം ഭൂതങ്ങള്‍ എന്നും പറയുന്നു. ഭൂതങ്ങളുടെ ആദിയും വികാരത്തെ പ്രാപിച്ചതുമായ താമസാഹങ്കാരത്തില്‍ നിന്നും ആകാശമുണ്ടായി. ആകാശത്തിന്റെ ഗുണമാണ് (ഉറക്കെ ശബ്ദമുണ്ടാക്കുമ്പോള്‍ നാമും പറയുന്നു അത് അഹങ്കാര മാണെന്ന്) ശബ്ദം. ദേവിയും മൂന്നുഗുണങ്ങളില്‍ പ്രകാശിക്കുന്നു, ക്രിയാശക്തി രജോഗുണമാണ്, അതിനാല്‍ രക്തവര്‍ണ്ണമാണ്. അത് സന്തോഷത്തെ ഉണ്ടാക്കുന്നതാണ്. മഹാദ്വേഷം, മഹാദ്രോഹം, മത്സരം, ഡംഭ്, നിദ്ര, അത്യാഗ്രഹം ഇതെല്ലാം രാജസത്തിന്റെ ഗുണമാണ്. ആ ദേവി തന്നെയാണ് തമോഗുണപ്രധാനിയായി മഹാകാളീരൂപത്തില്‍ ശത്രുക്കളെ ഇല്ലാതാക്കുന്നത്. തമോഗുണം- മോഹം, ദുഃഖം, മടി, നിദ്ര, കോപം, അന്യന്മാരെ കുറ്റം കാണുകയും പറയുകയും (പരദൂഷണം) ചെയ്യുക, അന്യരെ ദ്രോഹിക്കുക മുതലായവയെല്ലാം തമോഗുണമാണ്. സത്യം, ശ്രദ്ധ, ക്ഷമ, അനുകമ്പ, ശാന്തി, സന്തോഷം മുതലായവയുണ്ടാക്കുന്ന സത്വഗുണം ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. അത് സദ് വിചാരങ്ങളെ ഉണ്ടാക്കുന്നതും, ദുഷ്ടവിചാരങ്ങളെ കളയുന്നതുമാണ്. അതിനെയാണ് ജ്ഞാനം എന്നു പറയുന്നത്. അത് ശരത്കാലത്തിലെ ചന്ദ്രനെപോലെ തെളിഞ്ഞും ശുഭമായതുമാണ്-അത് സരസ്വതിയാണ്. ഈ മൂന്നു ഗുണങ്ങളോടുകൂടിയ ത്രിമൂര്‍ത്തികളെയാണ് അഷ്ടമി, നവമി, ദശമി എന്നീ നാളുകളില്‍ ഭജിക്കുന്നത്. ശുദ്ധമായ സത്വ-രജോ-തമോ ഗുണങ്ങള്‍ ഒരിക്കലും തനിയെ നില്‍ക്കില്ല. അവ പരസ്പരം ആശ്രയിച്ച് കൊണ്ടാണ് നില്‍ക്കുക. മഹാമായയാല്‍ ഉണ്ടാക്കപ്പെട്ടതാണ് വിശ്വം. ഇത് സത്തും അസത്തുമാണ്. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍, സൂര്യന്‍, ചന്ദ്രന്‍, വായു, കാലന്‍ എല്ലാവര്‍ക്കും കാര്യം നടത്താന്‍ ശക്തി വേണം. അല്ലെങ്കില്‍ ഇളകാന്‍ പോലും ശക്തിയുണ്ടാവില്ല. ഈ ജഗത്തിന്റെ കാരണം തന്നെ സാക്ഷാല്‍ പരമേശ്വരിയാണ്! ഈ ഭൂതങ്ങളുടെ കാരണക്കാരിയാണ്. സാത്വികം പ്രകാശമാകുമ്പോ ള്‍-അറിവുണ്ടാകുമ്പോള്‍ താമസമായ കാര്യത്തില്‍ വൈരാഗ്യം വരുന്നു. തമോഗുണമാണ് മോഹത്തെ ഉണ്ടാക്കുന്നത് സാത്വികത്തില്‍, ബുദ്ധിയില്‍ ധര്‍മ്മബോധം വരും. ധര്‍മ്മബോധമുണ്ടായാല്‍ രജസ്സിന്റെയും തമസ്സിന്റെയും ദോഷങ്ങളെ കളഞ്ഞ് മോഹത്തെ ക്ഷയിപ്പിക്കുന്നു. അതാണ് മോക്ഷം (മോഹങ്ങളുടെ ക്ഷയം തന്നെ മോക്ഷം) മോഹങ്ങളില്ലാതായാല്‍ ദുഃഖവും ഇല്ലാതാകും. അതുകൊണ്ട് ദുഃഖങ്ങളില്ലാതാകാന്‍ ആ ദേവിയെ വിധിപോലെ പൂജിക്കൂ! ഭക്തിയോടെ പൂജിക്കൂ! വിധിയാംവണ്ണം പൂജചെയ്യാനറിയാത്തവര്‍, ആത്മാര്‍ത്ഥമായി, ഭക്തിശ്രദ്ധയോടെ നാമം മാത്രം ജപിച്ചാലും ആ ദേവി ഇഷ്ടമുള്ളതെല്ലാം പ്രദാനം ചെയ്യും! (തുടരും) ഫോണ്‍ : 9446239120  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.