വാള്‍ മാര്‍ട്ട് ഭാരതത്തില്‍ കോടിക്കണക്കിന് ഡോളറിന്റെ കൈക്കൂലി വിതരണം ചെയ്‌തെന്ന് റിപ്പോര്‍ട്ട്

Monday 19 October 2015 8:29 pm IST

വാഷിങ്ടണ്‍: അമേരിക്ക ആസ്ഥാനമാക്കിയ ആഗോള വ്യാപാര സ്ഥാപനമായ വാള്‍ മാര്‍ട്ട് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭാരതത്തില്‍ കോടിക്കണക്കിന് ഡോളര്‍ കൈക്കൂലി വിതരണം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കണ്ടെത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ ദ വാള്‍ സ്ട്രീറ്റ് ജേണലാണ് പുറത്തുവിട്ടത്. 2009ല്‍ രാജ്യത്തെ മൊത്തവില്‍പ്പന മേഖലയിലേക്ക് പ്രവേശിച്ച വാള്‍ മാര്‍ട്ട് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതി എന്റര്‍പ്രൈസുമായി ചേര്‍ന്ന് ചെറുകിടവ്യാപാര രംഗത്ത് കടന്നുവരാനും ശ്രമിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായിട്ടായിരുന്നു കൈക്കൂലി വിതരണം. ഉത്പന്നങ്ങള്‍ കസ്റ്റംസ് ശൃംഖലവഴി അധികം പ്രയാസപ്പെടാതെ കടത്തിവിടാനും റിയല്‍ എസ്റ്റേറ്റ് പെര്‍മിറ്റുകള്‍ക്കുമായി താഴേക്കിടയിലെ ഓഫീസര്‍മാര്‍ക്കാണ് വാള്‍ മാര്‍ട്ട് കൈക്കൂലി നല്‍കിയത്. 12000 രൂപയ്ക്ക് താഴെയായിരുന്നു ഭൂരിഭാഗം കൈക്കൂലി തുകകളും. ചില ചെറിയ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കന്‍ കമ്പനി ഭീമന്‍ നല്‍കിയ കൈക്കൂലി കേട്ടാല്‍ ആരും മൂക്കത്തു വിരല്‍വെയ്ക്കും, 350 രൂപ. എന്നിരുന്നാലും കൈക്കൂലികളെല്ലാം കൂട്ടിച്ചേര്‍ത്താല്‍ വാള്‍ മാര്‍ട്ട് വാരിയെറിഞ്ഞ പണത്തിന്റെ കണക്ക് കോടിക്കണക്കിന് ഡോളറായി മാറും. അതേസമയം, കൈക്കൂലിയുടെ പേരില്‍ വാള്‍ മാര്‍ട്ടിനെതിരെ നടപടിക്കു സാധ്യതയില്ല. യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ട് പ്രകാരം വാള്‍ മാര്‍ട്ടിന്റെ ഭാരത വിഭാഗം കൈക്കൂലിയിലൂടെ എന്തെങ്കിലും ലാഭമുണ്ടാക്കിയാലേ നടപടിയെടുക്കാന്‍ സാധിക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.