കൂത്തുപറമ്പില്‍ ആയുധം പിടികൂടിയ സംഭവം; സിപിഎം നേതൃത്വത്തിന്റെ അറിവോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍: ആര്‍എസ്എസ്

Monday 19 October 2015 8:49 pm IST

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ സിപിഎം കേന്ദ്രത്തില്‍വെച്ച് വന്‍ ആയുധ ശേഖരം പിടികൂടിയ സംഭവം സിപിഎം നേതൃത്വത്തിന്റെ അറിവോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ കൂത്തുപറമ്പില്‍ വിളിച്ചുചേര്‍ത്ത് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മിന്റെ ജില്ലയിലെ ക്രിമിനലുകളുടെ താവളമായ കൂത്തുപറമ്പ് പഴയനിരത്ത് കേന്ദ്രീകരിച്ച് നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടത്തിവരുന്നതിന്റെ ഭാഗമായി ശേഖരിച്ചവയാണ് ആയുധങ്ങളും മാരകശേഷിയുള്ള ബോംബുകളും. 2010ല്‍ ബിജെപി അനുഭാവിയായ സത്യനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സ്ഥലമാണ് ഈ പ്രദേശം. അതിനാല്‍ തന്നെ സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് ഗൂഢാലോചന പുറത്തുകൊണ്ടുവരണം. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രമായ ചിറ്റാരിപ്പറമ്പിലെ കോട്ടയില്‍ എന്ന സ്ഥലത്തുവെച്ച് ബിജെപി വനിതാ സ്ഥാനാര്‍ത്ഥിയെ ഉള്‍പ്പെടെ ആയുധവുമായി തടഞ്ഞുനിര്‍ത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ തെരഞ്ഞെടുപ്പിനെ രക്തരൂക്ഷിതമാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് വ്യക്തമാകുകയാണ്. ജില്ലാ ഭരണ കൂടം ബൂത്തുകളില്‍ വെബ് ക്യാമറകളും സായുധ പോലീസ് സംവിധാനവും ഏര്‍പ്പെടുത്തി സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താനുളള സാഹചര്യം ഉണ്ടാക്കണമെന്നും പ്രജില്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സി.കെ.സുരേഷ് ബാബു, എ.പി.പുരുഷോത്തമന്‍ എന്നിവരും സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.