ജയരാജന്റെ സമരം രാഷ്ട്രീയ പ്രേരിതം: മന്ത്രി കെ.സി.ജോസഫ്

Monday 19 October 2015 8:53 pm IST

കണ്ണര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം വെട്ടിക്കുറച്ചുവെന്നാരോപിച്ച് ഇ.പി.ജയരാജന്‍ സമരം നടത്താനൊരുങ്ങുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് മന്ത്രി കെ.സി.ജോസഫ് കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ ആരോപിച്ചു. ജയരാജന്‍ സമരത്തില്‍ നിന്നും പിന്‍മാറണം. റണ്‍വേയുടെ നീളം കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊന്നുണ്ടായിട്ടില്ല. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിന് തടസ്സവാദമുന്നയിച്ചവരാണ് സിപിഎം. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കണ്ണൂരില്‍ തെരഞ്ഞെടുപ്പിന് 10 കമ്പനി കേന്ദ്രസേനയെ വിട്ടുനല്‍കും. കേന്ദ്രസേനയെ ഇറക്കുന്നതില്‍ സിപിഎം വിറളിപൂണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കെ.സി.ജോസഫ് പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം നിലവാരമില്ലായ്മയാണെന്നും ഇതില്‍ കോടിയേരിയുടെ പ്രതികരണം തീരെ ശരിയായില്ലെന്നും പറഞ്ഞു. പല സ്ഥലങ്ങളിലും യുഡിഎഫിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാതെ പോയത് വലിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.