മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനും ജുഡീഷ്യല്‍ അംഗവും വാങ്ങുന്നത് പെന്‍ഷന്‍ കുറച്ചശേഷമുള്ള ശമ്പളം

Monday 19 October 2015 8:57 pm IST

തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനും ജുഡീഷ്യല്‍ അംഗവും കമ്മീഷനില്‍ നിന്നും വാങ്ങുന്നത് പെന്‍ഷന്‍ കുറച്ചശേഷമുള്ള ശമ്പളമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ് അറിയിച്ചു. ഇവര്‍ കോടതിയില്‍ നിന്നും വിരമിക്കുമ്പോള്‍ കമ്മ്യൂട്ട് ചെയ്ത തുക കുറയ്ക്കാതെയുള്ള മുഴുവന്‍ പെന്‍ഷനാണ് കമ്മീഷനില്‍ നിന്നും വാങ്ങുന്ന ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നത്. എല്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാരും ഇപ്രകാരമാണ് കമ്മീഷനില്‍ നിന്നും ശമ്പളം വാങ്ങുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്റെ പദവി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും ജുഡീഷ്യല്‍ അംഗത്തിന്റെ കമ്മീഷനിലെ പദവി ഹൈക്കോടതി ജഡ്ജിയുടേതുമാണ്. വിവിധ കമ്മീഷനുകളിലെ സേവനവും പ്രതിഫലവും സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മുന്‍ ഐഎഎസ്സ് ഉദേ്യാഗസ്ഥന്‍ ആര്‍. നാരായണന്റെ ശുപാര്‍ശ പുറത്തു വന്ന പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ വിശദീകരണം. ഇതില്‍ വിവിധ കമ്മീഷനുകളില്‍ ജഡ്ജിമാരെ നിയമിക്കുമ്പോള്‍ അവരുടെ പെന്‍ഷന്‍ കിഴിച്ചുവേണം പ്രതിഫലം നല്‍കാനെന്ന് ശുപാര്‍ശ ചെയ്തിരുന്നു.