സുപ്രീകോടതി വിധി അപലപനീയം ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ്

Monday 19 October 2015 8:58 pm IST

കൊച്ചി: ഭരണഘടനയുടെ 99ാം ഭേദഗതി റദ്ദാക്കിയ സുപ്രീകോടതി വിധിയെ അപലപിക്കുന്നതായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചു രാഷ്ട്രപതി നിയമിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ ഈ ഭരണഘടനാ വ്യവസ്ഥ ദുര്‍വ്യാഖ്യാനം ചെയ്ത് 1993ല്‍ സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സ്വയം ഏറ്റെടുത്തു. തുടര്‍ന്നു കൊളീജിയം സംവിധാനം ഏര്‍പ്പെടുത്തി ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്ന ഏകരാജ്യമായി. പാര്‍ലമെന്റിന്റെ രണ്ടുസഭകളും ഐകകണ്‌ഠേന പാസാക്കി 20 സംസ്ഥാനങ്ങള്‍ അംഗീകരിച്ച ഭരണഘടനാ ഭേദഗതി തികച്ചും ബാലിശമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിലെ നാലു ന്യായാധിപന്മാര്‍ ചേര്‍ന്ന് അസ്ഥിരപ്പെടുത്തിയത്. ഇതു ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ഭരണഘടനയെ സംരക്ഷിക്കേണ്ട സുപ്രീംകോടതി ഭരണഘടനാ വ്യവസ്ഥയെ സംഹരിക്കുന്ന പ്രവൃത്തിയാണ് ചെയ്യുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്രൃം ഹനിക്കുന്നു എന്ന കാരണം പറഞ്ഞാണ് സുപ്രീംകോടതി 99ാം ഭരണഘടന ഭേദഗതി റദ്ദാക്കിയതെന്നാണ് വിധിന്യായത്തില്‍ പറയുന്നത്. ഇതിനെതിരെ നിയമനിര്‍മാണം നടത്തി നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് വൈസ് പ്രസിഡന്റ് അഡ്വ. മജ്‌നു കോമത്ത്, ജനറല്‍ സെക്രട്ടറി എ. ജയശങ്കര്‍, സെക്രട്ടറി പി.എ. അസീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.