നിരവധി മാല മോഷണക്കേസുകളിലെ പ്രതികള്‍ പിടിയില്‍

Monday 19 October 2015 9:38 pm IST

തിരുവനന്തപുരം: വര്‍ക്കല, ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധികളില്‍ അതിരാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന സ്ത്രീകളില്‍നിന്ന് സ്വര്‍ണമാല കവരുന്ന രണ്ടംഗ സംഘം പോലീസ് പിടിയിലായി. റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസും എസ്പിയുടെ ഷാഡോ ടീമും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കടക്കാവൂര്‍ കായിക്കര മാമ്പള്ളി നെല്ലിടയാന്‍ വീട്ടില്‍ സജു (37), അഞ്ചുതെങ്ങ് പുതുവല്‍ പുരയിടം വീട്ടില്‍ വിനോദ് (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സംഘം ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല പ്രദേശത്തുനിന്നും 15 ഓളം സ്ത്രീകളുടെ മാല പൊട്ടിക്കുകയും ബൈക്കുകള്‍ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ഓടാനായി ഇറങ്ങുന്നവരെപ്പോലെ ട്രാക്ക് സ്യൂട്ട് ധരിച്ച് വ്യായാമം ചെയ്യുന്നതായി നടിച്ച് സ്ത്രീകള്‍ അടുത്തെത്തുമ്പോള്‍ അവരുടെ മാല പൊട്ടിച്ച് ബൈക്കില്‍ കയറി രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്. വ്യക്തമായി സ്ഥലത്തെയും അവിടുത്തെ ആളുകളെയും മാലപൊട്ടിക്കേണ്ടവരെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നതിനായി ഒരു സ്ത്രീയും പുരുഷനും അടങ്ങുന്ന സംഘം കാറില്‍ സഞ്ചരിച്ചിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാല പൊട്ടിക്കല്‍ നടന്നിരുന്നത്. സ്ത്രീകള്‍ സഞ്ചരിക്കുന്ന തരത്തിലുള്ള ഇരുചക്ര വാഹനങ്ങളിലായിരുന്നു പ്രതികള്‍ മാല പൊട്ടിക്കല്‍ നടത്തിയിരുന്നത്. ആറ്റിങ്ങല്‍ കൊല്ലമ്പുഴ ഭാഗത്തുനിന്ന് മോഷ്ടിച്ചെടുത്ത ഹോണ്ടാ ആക്ടീവ സ്‌കൂട്ടറില്‍ വ്യാജനമ്പര്‍ പതിച്ച് വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍നിന്ന് ഉള്‍പ്പെടെ തുടര്‍ച്ചയായി ഒരുദിവസം 4 മാലകള്‍ പൊട്ടിച്ചതും ഇവരായിരുന്നു. വര്‍ക്കല എസ്എന്‍ കോളേജിനടുത്ത് ശ്രീനിവാസപുരം ചിത്തിരയില്‍ സരോജത്തിന്റെ അഞ്ചരപവന്റെ മാല പൊട്ടിച്ചെടുത്തെങ്കിലും സ്ത്രീകളുടെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് മാല ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ആറ്റിങ്ങല്‍ കൊല്ലമ്പുഴ തോപ്പില്‍ വീട്ടില്‍ അനീഷ് കുറുപ്പിന്റെ ഹോണ്ടാ ആക്ടീവാ മോഷ്ടിച്ചതും ഈ സംഘമാണ്. ചിറയിന്‍കീഴ് ശാര്‍ക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നവരില്‍ നിന്ന് മാല പൊട്ടിച്ചതും ആറ്റിങ്ങല്‍ ഭാഗത്തുനിന്ന് മാല പൊട്ടിച്ചതും ഇതേ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മാല പൊട്ടിക്കുന്നതിന് വിവരങ്ങള്‍ എത്തിച്ചിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാറും ആറ്റിങ്ങലില്‍ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറും ഇവരുടേതായ മാല പൊട്ടിക്കുന്നതിന് ഉപയോഗിച്ചിരുന്ന മറ്റൊരു സ്‌കൂട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായര്‍, ഷാഡോ ഡിവൈഎസ്പി സുല്‍ഫിക്കര്‍, വര്‍ക്കല സിഐ ബി. വിനോദ്, എസ്‌ഐ ജെ.എസ്. പ്രവീണ്‍, എസ്പിയുടെ ഷാഡോ ടീം അംഗങ്ങളും മറ്റു പോലീസ് ഉദേ്യാഗസ്ഥരുമാണ് പ്രതികളെ പിടികൂടിയത്. കാറില്‍ സഞ്ചരിച്ചിരുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ ഉടനെ പിടിയിലാകുമെന്നും റൂറല്‍ എസ്പി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.