സീരി എ: ഇന്റര്‍-ജുവന്റസ് സമനില

Monday 19 October 2015 9:43 pm IST

മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ കരുത്തന്മാരുടെ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇന്നലെ ഇന്റര്‍ മിലാനും നിലവിലെ ലീഗ് ചാമ്പ്യന്മാരുമായ ജുവന്റസും തമ്മിലുള്ള ക്ലാസ്സിക്ക് പോരാട്ടമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. കളിയില്‍ മുന്‍തൂക്കം നേടിയതും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതും ജുവന്റസായിരുന്നെങ്കിലും ഇന്റര്‍ ഗോളിയെ കീഴടക്കാന്‍ മാന്‍സുകിച്ചും ഡിബാലയും പോഗ്ബയും ക്വാഡ്രാഡോയും ഉള്‍പ്പെട്ട താരനിരക്ക് കഴിയാതിരുന്നതോടെ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു. ഈ കളിയില്‍ വിജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമായിരുന്ന അവസരമാണ് ഇന്റര്‍മിലാന്‍ താരങ്ങള്‍ ഇല്ലാതാക്കിയത്. നിലവില്‍ 8 കളികളില്‍ നിന്ന് 17 പോയിന്റുമായി ഇന്റര്‍ മൂന്നാമതാണ്.18 പോയിന്റുള്ള ഫിയോറന്റീനയാണ് ഒന്നാമത്. 17 പോയിന്റുള്ള റോമ രണ്ടാമതും. എട്ട് കളികളില്‍ നിന്ന് 9 പോയിന്റ് മാത്രമുള്ള ജുവന്റസ് 14-ാം സ്ഥാനത്താണ്. രണ്ട് കളികളില്‍ മാത്രമാണ് ഈ സീസണില്‍ അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മൂന്നെണ്ണത്തില്‍ വീതം സമനിലയും പരാജയവും കൊണ്ട് തൃപ്തിടയേണ്ടിയും വന്നു നിലവിലെ ചാമ്പ്യന്മാര്‍ക്ക്. എന്നാല്‍ ഫിയോറന്റീനക്ക് ഞായറാഴ്ച തിരിച്ചടി നേരിട്ടു. നാപ്പോളിയാണ് സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഫിയോറന്റീനയെ 2-1ന് കീഴടക്കിയത്. വിജയത്തോടെ 15 പോയിന്റുമായി നപ്പോളി നാലാം സ്ഥാനത്തെത്തി. ഇന്‍സിഗ്‌നെയും ഹിഗ്വയിനുമാണ് നാപ്പോളിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ബെരാര്‍ഡിയും (പെനാല്‍റ്റി) മിസ്സിരോളിയും നേടിയ ഗോളുകളുടെ ബലത്തില്‍ സാസ്സുലോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ലാസിയോടെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ അറ്റ്‌ലാന്റ 3-0ന് കാപ്രിയെയുും ഗനോവ 3-2ന് ചീവോയെയും ഫ്രോസിനോനെ 2-0ന് സാംപദോറിയെയും പലേര്‍മോ 1-0ന് ബോലോഗ്‌നയെയും കീഴടക്കിയപ്പോള്‍ വെറോണ-ഉദിനെസെ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.