ജയത്തോടെ സെല്‍റ്റ രണ്ടാമത്

Monday 19 October 2015 9:53 pm IST

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സെല്‍റ്റ ഡി വിഗോ തകര്‍പ്പന്‍ വിജയവുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഞായറാഴ്ച നടന്ന എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെല്‍റ്റ വിയ്യാറയലിനെ തകര്‍ത്തു. സെല്‍റ്റക്ക് വേണ്ടി 41-ാം മിനിറ്റില്‍ ഫാബിയന്‍ ഒറെല്ലയും 90-ാം മിനിറ്റില്‍ അഗുഡോ ഡുറാനും ലക്ഷ്യം കണ്ടപ്പോള്‍ വിയ്യാറയലിന്റെ ആശ്വാസഗോള്‍ 67-ാം മിനിറ്റില്‍ ഡെനിസ് സുവാരസ് നേടി. 47-ാം മിനിറ്റില്‍ വിയ്യാറായലിന്റെ എറിക് ബെയ്‌ലി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും അവര്‍ക്ക് തിരിച്ചടിയായി. വിജയത്തോടെ 8 കളികളില്‍ നിന്ന് 18 പോയിന്റുമായി റയല്‍ മാഡ്രിഡിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. റയലിനും 18 പോയിന്റാണുള്ളതെങ്കിലും ഗോള്‍ ആവറേജിലാണ് അവര്‍ മുന്നിലെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണക്കും 18 പോയിന്റ്. മറ്റൊരു എവേ മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 2-0ന് റയല്‍ സോസിഡാഡിനെ കീഴടക്കി. 9-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാനും ഇഞ്ചുറി സമയത്ത് ഫെരേര കരാസ്‌കോയും അത്‌ലറ്റികോയുടെ ഗോളുകള്‍ നേടി. 16 പോയിന്റുമായി അത്‌ലറ്റികോ നാലാമതാണ്. മറ്റൊരു മത്സരത്തില്‍ ഗറ്റാഫെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ലാസ് പല്‍മാസിനെ തകര്‍ത്തപ്പോള്‍ ഡിപോര്‍ട്ടീവോ-അത്‌ലറ്റിക് ബില്‍ബാവോ കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.