എതിരാളികള്‍ ചെന്നൈയിന്‍ എഫ്‌സി : ജയം ലക്ഷ്യമിട്ട് നോര്‍ത്ത് ഈസ്റ്റ്

Monday 19 October 2015 9:56 pm IST

ഗുവാഹത്തി: മികച്ച താരങ്ങളുണ്ടായിട്ടും ഐഎസ്എല്‍ രണ്ടാം സീസണില്‍ ഇതുവരെ വിജയം നേടാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം മൈതാനത്ത് തുടര്‍ച്ചയായ രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്നു. ഇന്നത്തെ കളിയില്‍ എതിരാളികള്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സി. ഗുവാഹത്തിയിലെ ഇന്ദിരാഗന്ധി സ്‌റ്റേഡിയത്തില്‍ രാത്രി 7ന് കിക്കോഫ്. കഴിഞ്ഞ ദിവസം എഫ്‌സി ഗോവയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെട്ടത്. കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് 3-1ന് പരാജയപ്പെട്ട് സീസണ്‍ ആരംഭിച്ച അവര്‍ രണ്ടാം കളിയില്‍ പൂനെ എഫ്‌സിയോട് 1-0നും കീഴടക്കി. മാര്‍ക്വീ താരം പോര്‍ച്ചുഗലിന്റെ സിമാവോ സബ്രോസക്ക് ഇതുവരെ കളിക്കാന്‍ കഴിയാതിരുന്നതാണ് ഒരുപരിധിവരെ അവര്‍ക്ക് തിരിച്ചടിയാവുന്നത്. 4-4-2 ശൈലിയില്‍ കളത്തിലിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും എതിരാളികളേക്കാള്‍ മികച്ച പന്തടക്ക കാണിച്ചെങ്കിലും സ്‌ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മായാണ് വെനസ്വേലന്‍ ഫുട്‌ബോളിന് ചരിത്ര നേട്ടം സമ്മാനിച്ച കോച്ച് സെസാര്‍ ഫാരിയാസിന്റെ ശിക്ഷണത്തിലിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടിയാവുന്നത്. പ്രത്യേകിച്ചും അര്‍ജന്റീന സ്‌ട്രൈക്കര്‍ നിക്കോളാസ് വെലസിന്റെ പ്രകടനം. തുറന്ന അവസരങ്ങള്‍ പോലും ഗോളാക്കാന്‍ കഴിയാതെ വലയുകയാണ് താരം. ഘാന സ്‌ട്രൈക്കര്‍ ഫ്രാന്‍സിസ് ഡാഡ്‌സിയുടെ കാര്യം തഥൈവ. എങ്കിലും ഇരുവരും ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്നാണ് കരുതുന്നത്. മറിച്ചായാല്‍ ഇവരിലൊരാള്‍ക്കൊപ്പം ഇന്ത്യന്‍ താരം ബോയ്താങ് ഹോകിപ് ഇറങ്ങിയേക്കും. മുന്നേറ്റനിരയെ അപേക്ഷിച്ച് ഭേദം പ്രതിരോധമാണ്. സെഡ്രിക് ഹെങ്ബര്‍ട്ടിനൊപ്പം ഇന്ത്യന്‍ താരം റീഗന്‍ സിങ്, സോഹ്മിംഗ്ലിയാന രാള്‍ട്ടെ, യുമ്‌നം രാജു എന്നിവരായിരിക്കും ഇറങ്ങാന്‍ സാധ്യത. പരിക്കേറ്റ മിഗേ്വല്‍ ഗാര്‍ഷ്യയുടെ അഭാവവും നോര്‍ത്ത് ഈസ്റ്റ് നിരയില്‍ നിഴലിക്കുന്നുണ്ട്. പരിക്കില്‍ നിന്ന് മുക്തനായ മാര്‍ക്വീ താരം സിമാവോ സബ്രോസ ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു. എന്നാല്‍ ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിക്കുമോ എന്ന കാര്യം ഉറപ്പില്ല. മികച്ച മധ്യനിരയും നോര്‍ത്ത് ഈസ്റ്റിനുണ്ട്. സിലാസിനും ഡിയോമാന്‍സി കമാറയ്ക്കുമൊപ്പം ഇന്ത്യന്‍ താരങ്ങളായ സിയാം ഹാങ്ഗല്‍, സഞ്ജു പ്രധാന്‍ എന്നിവരിലൊരാളും ആദ്യ ഇലവനില്‍ ഇടംപിടിക്കാനാണ് സാധ്യത. പകരക്കാരായി ബ്രൂണോ ഹെരേരോ, സെയ്ത്യാസെന്‍ സിങ് എന്നിവര്‍ പകരക്കാരായും കളത്തിലെത്തിയേക്കും. എഫ്‌സി ഗോവക്കെതിരെ കഴിഞ്ഞ കളിയില്‍ പ്രതിരോധ-മധ്യ-മുന്നേറ്റ നിരതാരങ്ങള്‍ തമ്മില്‍ ഒത്തിണക്കം പ്രകടിപ്പിക്കാത്തതാണ് നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിയാവുന്നത്. വ്യക്തിപരമായി നോക്കിയാല്‍ മറ്റ് ഏത് ടീമിനോടും കിടപിടിക്കാന്‍ കരുത്തുള്ള താരങ്ങളാണ് ടീമിലുണ്ട്. ഈ കുറവുകളെല്ലാം നികത്തി വിജയം ലക്ഷ്യമിട്ടായിരിക്കും സെസാര്‍ ഫാരിയാസ് ഇന്ന് കരുത്തരായ എഫ്‌സി ഗോവക്കെതിരെ നോര്‍ത്ത് ഈസ്റ്റിനെ കളത്തിലിറക്കുക. എന്തായാലും ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും നോര്‍ത്ത് ഈസ്റ്റ് ആരാധകരെ തൃപ്തരാക്കില്ലെന്ന തിരിച്ചറിവും അവര്‍ക്കുണ്ടാകും. മൂന്ന് കളികളില്‍ കളിച്ചിട്ടും പോയിന്റ് പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിയാത്ത അവര്‍ ഏറ്റവും പിന്നിലുമാണ്. മറുവശത്ത് മാര്‍ക്കോ മറ്റരസിയുടെ ചെന്നൈയിന്‍ എഫ്‌സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ രണ്ട് കളികള്‍ പരാജയപ്പെട്ട അവര്‍ പിന്നീടുള്ള രണ്ട് കളികളും മികച്ച വിജയം നേടിയാണ് ഇന്നത്തെ പോരാട്ടത്തിന് ഒരുങ്ങുന്നത്. അവസാന രണ്ട് കളികളില്‍ നിന്ന് അഞ്ച് തവണ എതിര്‍ ഗോള്‍വല കുലുക്കിയ കൊളംബിയന്‍ സ്‌ട്രൈക്കര്‍ സ്റ്റീവന്‍ മെന്‍ഡോസയുടെ ഗോളടി മികവിലാണ് ചെന്നൈയിന്‍ എഫ്‌സി ഇന്നും മികച്ച വിജയം സ്വപ്‌നം കാണുന്നത്. കളം നിറഞ്ഞുകളിക്കുന്ന എലാനോ രണ്ട് ഗോളുകളും നേടി തന്റെ പ്രതിഭക്കൊത്ത പ്രകടനം നടത്തുന്നുണ്ട് എന്നതും ചെന്നൈയിന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ചെന്നൈയില്‍ നടന്ന ആദ്യ കളിയില്‍ അത്‌ലറ്റികോ കൊല്‍ക്കത്തയോടും ദല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഡൈനാമോസിനോടും പരാജയപ്പെട്ടശേഷമായിരുന്നു തുടര്‍ന്നുള്ള രണ്ട് കളികളില്‍ ഗംഭീര വിജയം സ്വന്തമാക്കി എലാനോയും കൂട്ടരും തിരിച്ചുവന്നത്. തുടക്കത്തിലെ പതര്‍ച്ചക്കുശേഷം പ്ലേ മേക്കര്‍ എലാനോ കളം നിറഞ്ഞതോടെയാണ് ചെന്നൈയിന്റെ തിരിച്ചുവരവ് അസാധ്യമായത്. എലാനോയുടെ കരുത്തില്‍ ചെന്നൈയിന്‍ നടത്തിയ കുതിപ്പില്‍ സ്റ്റീവന്‍ മെന്‍ഡോസ ഉള്‍പ്പെടെയുള്ള സ്‌ട്രൈക്കര്‍മാര്‍ക്ക് യഥേഷ്ടം പന്ത് കിട്ടിയതോടെ ചെന്നൈയിന്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി. നാല് കളികളില്‍ നിന്ന് രണ്ട് വിജയവുമായി ആറ് പോയിന്റുള്ള ചെന്നൈയിന്‍ എഫ്‌സി പോയിന്റ് പട്ടികയില്‍ നാലാമതാണ്. വിജയിച്ച രണ്ട് മത്സരങ്ങളിലും ഇറങ്ങിയ 4-3-1-2 ശൈലിയായിരിക്കും മാര്‍ക്കോ മറ്റരാസി ഇന്നും സ്വീകരിക്കുക. അപൗല ഈഡല്‍ ഗോള്‍ വലയത്തിന് മുന്നില്‍ നിലയുറപ്പിക്കുേമ്പാള്‍ പ്രതിരോധത്തില്‍ അലസ്സാന്‍ഡോ പൊറ്റന്‍സക്കൊപ്പം, ബെര്‍ണാഡ് മെന്‍ഡിയോ മാലിസണോ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും. ഇവര്‍ക്കൊപ്പം മെഹ്‌റജുദ്ദീന്‍ വാഡു, ലാല്‍മംഗായ്‌സംഗയും ഇറങ്ങാനാണ് സാധ്യത. മധ്യനിരയില്‍ ഹര്‍മന്‍ജ്യോത് ഖബ്‌റ, റാഫേല്‍ അഗസ്റ്റൂസോ, തോയ് സിംഗ് എന്നിവര്‍ ഇറങ്ങുമ്പോള്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളില്‍ എലാനോയല്ലാതെ മറ്റാരുമില്ല. സ്‌ട്രൈക്കറായി മെന്‍ഡോസക്കൊപ്പം ജയേഷ് റാണെയും ഇറങ്ങുമെന്നാണ് കരുതുന്നത്. പകരക്കാരുടെ നിരയും താരനിബിഡമാണ്. ഫുക്രു ടഫേര, മാനുവല്‍ ബ്ലാസി, ഈഡര്‍, ബ്രൂണോ പെലിസ്സാറി എന്നീ വിദേശ താരങ്ങള്‍ക്കൊപ്പം മലയാളി താരം സക്കീര്‍ മുണ്ടംപാറ, ധനചന്ദ്രസിംഗ്, അഭിഷേക് ദാസ്, ജെജെ ലാല്‍പെഖുലിയ തുടങ്ങിയവരും ഉണ്ട്. എന്തായാലും അതിജീവനത്തിന്റെ പോരാട്ടത്തിനായി നോര്‍ത്ത് ഈസ്റ്റും വിജയത്തുടര്‍ച്ചക്ക് ചെന്നൈയിന്‍ എഫ്‌സിയും കളത്തിലിറങ്ങുമ്പോള്‍ മികച്ച പോരാട്ടം പ്രതീക്ഷിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.