ഹരിത കേരളത്തിന്റെ മരണമണി

Monday 19 October 2015 10:06 pm IST

വികസനപദ്ധതികള്‍ക്കായി കൃഷിഭൂമിയും ഏറ്റെടുക്കാം എന്ന കേരള സര്‍ക്കാര്‍ വിജ്ഞാപനം ഇപ്പോള്‍തന്നെ ശുഷ്‌കമായിരിക്കുന്ന കൃഷിഭൂമിയുടെ സമ്പൂര്‍ണമായ നാശത്തിനിടയാക്കും.കേരളത്തിന്റെ പരിസ്ഥിതിക്കും മരണമണിയാണിത്. വിളവെടുക്കുന്ന ആകെ ഭൂമിയുടെ രണ്ടുശതമാനം ജില്ലയിലും അഞ്ചുശതമാനം സംസ്ഥാനത്തിലും പദ്ധതികള്‍ക്കായി ഏറ്റെടുക്കാമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം. പദ്ധതികള്‍ പൊതുതാല്‍പ്പര്യത്തിന് ആവശ്യമാണെന്ന് വിലയിരുത്തുന്നപക്ഷം കൃഷിഭൂമി ഏറ്റെടുക്കാം എന്ന ഉത്തരവ് ഭൂമാഫിയ ശക്തമായ, ഉന്നതങ്ങളില്‍ അഴിമതി ആറാടുന്ന കേരളത്തിന് വിനാശകരമാകും എന്നുറപ്പാണ്. ഭൂമി ഏറ്റെടുക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് എങ്ങനെ നേടാമെന്ന് 'കേരളം ഭരിക്കുന്ന' ഭൂമാഫിയയെ ആരും പഠിപ്പിക്കേണ്ടതില്ല. കൃഷിഭൂമിയുടെ രണ്ടുശതമാനം എന്നതുതന്നെ ഏക്കറുകള്‍ വരുമ്പോള്‍ സാമൂഹിക ആഘാതപഠനം എന്നത് കണ്ണില്‍പ്പൊടിയിടലാണ്. വിജ്ഞാപനം പറയുന്നത് 2008 ന് മുമ്പ് ഏറ്റെടുത്ത കൃഷിഭൂമി പരിവര്‍ത്തന പദ്ധതിക്കാണെന്നും ഇതുവഴി 200 കോടി രൂപ റവന്യൂ വരുമാനമുണ്ടെന്നുമാണ്. പക്ഷേ കേരള ഫൈനാന്‍സ് ബില്‍ 2015 ല്‍ സംസ്ഥാനത്ത് റെഗുലറൈസ് ചെയ്ത കൃഷിഭൂമിയാണ് ഈവിധം ഏറ്റെടുക്കുന്നത്. ഭൂമാഫിയ സമ്മര്‍ദം കൃഷിക്കാരെ കൂടുതല്‍ കൃഷിഭൂമി നികത്താന്‍ പ്രലോഭിപ്പിക്കും എന്നുറപ്പാണ്. മലയാളി അരിഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍ നെല്‍കൃഷി ചെയ്തിരുന്ന അഞ്ചുലക്ഷം ഹെക്ടര്‍ ഭൂമി 1980 നും 2009 നും ഇടയ്ക്ക് നികത്തപ്പെട്ടു. നെല്‍കൃഷിക്കുപകരം കൂടുതല്‍ ലാഭകരമായ റബര്‍, കുരുമുളക് മുതലായവ കൃഷി ചെയ്യാനും വ്യവസായ വികസനത്തിനും മറ്റുമായിട്ടാണ് വയല്‍ നികത്തിയത്. ഇപ്പോള്‍ കേരളീയര്‍ അരി തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും പഞ്ചാബില്‍നിന്നും ഗുജറാത്തില്‍നിന്നും ഇറക്കുമതി ചെയ്താണ് ആഹാരം കഴിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഘടകമാണ് നെല്‍വയല്‍. പ്രകൃതിക്കനുകൂലമായ ജലനിര്‍ഗമന സംവിധാനമാണിത്. ഭൂഗര്‍ഭജലം നിലനിര്‍ത്തുന്നത് വയലുകളാണ്. എല്ലാത്തരം ചെടികള്‍ക്ക് വളരാനുള്ള സാധ്യത നല്‍കുന്നത് ഭൂഗര്‍ഭജലമാണ്. കൊച്ചിയിലെ പൊക്കാളി കൃഷിയും തൃശൂരിലെ കോള്‍ കൃഷിയുമെല്ലാം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്. നെല്‍വയലുകള്‍ നികത്തി നെല്‍കൃഷി അപ്രത്യക്ഷമായാല്‍ ഹരിത കേരളം മരുഭൂമിയാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൃഷിയില്‍നിന്നും കര്‍ഷകര്‍ പിന്മാറാനുള്ള പ്രധാന കാരണം കൃഷിപ്പണിക്ക് ആളെ കിട്ടാതെ വന്നപ്പോഴാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം 35.5 ശതമാനം പണിക്കാരും കെട്ടിടം പണിക്കാരായി മാറി. ബഹുനില കെട്ടിടങ്ങള്‍ പെരുകുന്ന കേരളത്തില്‍ കെട്ടിടം പണിക്കാണ് സാധ്യത ഏറിയെന്നുമാത്രമല്ല മെച്ചപ്പെട്ട കൂലിയും ലഭിക്കുന്നു. മറ്റൊരു വസ്തുത കേരളത്തിലെ ജനസംഖ്യാ വര്‍ധനവും സ്വത്ത് വീതംവച്ച് കിട്ടിയ സ്ഥലങ്ങള്‍ വയലാണെങ്കിലും നികത്തി വീട് വയ്ക്കലുമാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ അയയ്ക്കുന്ന പണം അധികവും മുടക്കുന്നത് ആഡംബര സൗധങ്ങള്‍ പണിയുന്നതിനാണ്. ചാവക്കാട് പ്രദേശങ്ങള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു. സേവനമേഖലയുടെ വികസനവും വയല്‍ നികത്തലിന് കാരണമായി. ഇപ്പോള്‍ വികസന പദ്ധതികള്‍ക്കായി ജില്ലയില്‍ കൃഷി ഭൂമി രണ്ടുശതമാനത്തില്‍ താഴെയും സംസ്ഥാനത്ത് അഞ്ചുശതമാനത്തില്‍ താഴെയും ഏറ്റെടുക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ഇതിന്റെ പരിധി വര്‍ധിപ്പിക്കാന്‍ അധികാരമുണ്ടെന്നും വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്. ഇതിനായി സാമൂഹിക ആഘാത യൂണിറ്റുകളെ നിയോഗിക്കും, ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഈ യൂണിറ്റിന് കൈമാറണം എന്നൊക്കെയാണ് നിബന്ധന. പദ്ധതി സാധ്യമായ മറ്റുപ്രദേശങ്ങള്‍ പരിശോധിക്കുകയും സാധ്യതാ പഠനം നടത്തുകയും ചെയ്യും. എന്നാല്‍ ഇവരുടെ തീരുമാനം എന്തുതന്നെയായാലും അവസാന വാക്ക് സര്‍ക്കാരിന്റേതാണ് എന്നുപറയുമ്പോള്‍ ഈ സംവിധാനം വെറും നോക്കുകുത്തിയാവുമെന്ന് വ്യക്തം. മന്ത്രിയുടേയും ഉദ്യോഗസ്ഥരുടെയും പോക്കറ്റ് നിറയ്ക്കാനുള്ള സംവിധാനം കൂടിയായി ഇത് മാറും. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഉയരുന്ന ഏറ്റവും വലിയ ആക്ഷേപം വികസന പദ്ധതികളുടെ പേരില്‍ കൃഷിഭൂമി ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു എന്നാണ്. ഏതായാലും മലയാളിക്കിനി 'ഹരിത കേരളം' എന്ന പേരില്‍ അഹങ്കരിക്കേണ്ടിവരില്ല. വനഭൂമി നശിച്ചുകൊണ്ടിരിക്കുകയാണ്. നദികള്‍ വറ്റിവരളുകയാണ്. കായലുകള്‍ കയ്യേറ്റം ചെയ്യപ്പെടുകയാണ്. കേരളത്തിലെ പച്ചപ്പ് നശിക്കുമ്പോള്‍ അവശേഷിക്കുന്നത് എന്തായിരിക്കും എന്നത് ആലോചിക്കാന്‍കൂടി വയ്യ.