കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ നീക്കം

Monday 19 October 2015 10:21 pm IST

കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ നീക്കം. ഓടുന്ന ബസ് ഷെഡ്യൂളിന് ആനുപാതികമായി ജീവനക്കാര്‍ മതിയെന്ന നിര്‍ദ്ദേശമാണ് മാനേജ്‌മെന്റ് തലത്തില്‍ ഉണ്ടായിട്ടുള്ളത്. ഘട്ടം ഘട്ടമായി മൂവായിരത്തോളം ജീവനക്കാരെ ഒഴിവാക്കാനാണ് ആലോചന. നഷ്ടത്തിലോടുന്ന കോര്‍പ്പറേഷനെ ലാഭകരമാക്കാനായുള്ള ഈ നിര്‍ദ്ദേശം എംപാനല്‍ ജീവനക്കാരെയാണ് ഗുരുതരമായി ബാധിക്കുക.കണക്കുകള്‍ പ്രകാരം 6294 ഷെഡ്യൂളുകളാണ് കോര്‍പ്പറേഷനുള്ളത.് ഇതില്‍ ഓടുന്നത് അയ്യായിരത്തോളമാണ്. പല കാരണങ്ങളാല്‍ മറ്റ് ഷെഡ്യൂളുകള്‍ തടസ്സപ്പെട്ടിരിക്കയാണ്. 34987 സ്ഥിരം ജീവനക്കാരും പതിനായിരത്തോളം താല്‍ക്കാലികക്കാരുമാണ് കോര്‍പ്പറേഷനിലുള്ളത.് ഇതില്‍ നിന്ന് ഒഴിവാക്കുന്നവരില്‍ ഭൂരിപക്ഷവും താല്‍ക്കാലിക ജീവനക്കാരായിരിക്കുമെന്ന് വ്യക്തമാണ്. പത്തും പതിനഞ്ചും വര്‍ഷമായി ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവരാണ് എംപാനലുകാര്‍.സര്‍വ്വീസുകള്‍ കൃത്യമായി നടത്തുന്നതില്‍ ഇവരുടെ പങ്ക് വലുതാണ്.സ്ഥിരപ്പെടുത്തണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല സുപ്രീം കോടതിയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് അനുകൂലമായി വിധിയും നേടി. കോര്‍പ്പറേഷനില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ നികത്താതിരിക്കുന്നതും ആസൂത്രിതമാണ്. ജീവനക്കാരെ ഒഴിവാക്കുന്നതിനായി കോടതിവിധിയും മറ്റും മാനേജ്‌മെന്റ് ഉയര്‍ത്തിക്കാട്ടും തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച് ശ്രമം ശക്തമാക്കാനാണ് മാനേജ്‌മെന്റ് നീക്കം.