വാഴക്കുളം പഞ്ചായത്തില്‍ മുന്നണികളുടെ പോരാട്ടം കനത്തു

Monday 19 October 2015 10:27 pm IST

ആലുവ: വാഴക്കുളം ഗ്രാമപഞ്ചായത്ത് കാനാംപറമ്പ് മൂന്നാം വര്‍ഡില്‍ മുന്നണികളുടെ പോരാട്ടം കനത്തു. കുത്തക സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസും കുത്തക തകര്‍ക്കാന്‍ സിപിഎമ്മും ഇവര്‍ക്കിടയില്‍ താമര വിരിയിക്കാന്‍ ബിജെപിയും രംഗത്തിറങ്ങിയതോടെ പോരാട്ടം ശക്തിപ്പെട്ടിരിക്കുകയാണ്. ഇടത് സ്ഥാനാര്‍ത്ഥിയായി പി.കെ. മണിയും ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി എം.ഇ. അബ്ദുള്‍ കെരീമും ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീരേഷു (കുട്ടന്‍)മാണ് ഇഞ്ചോടിച്ച് പോരടിക്കുന്നത്. ഇടതുസ്ഥാനാര്‍ത്ഥി പി.കെ. മണി കര്‍ഷക തൊഴിലാളി യൂണിയന്‍ വാഴക്കുളം വില്ലേജ് പ്രസിഡന്റും സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. വാഴക്കുളം പഞ്ചായത്തില്‍ ജനറല്‍ സീറ്റില്‍ ഏക പട്ടികജാതി വിഭാഗക്കാരനാണ് മണി. മണിയുടെ ജനകീയ പിന്തുണയാണ് ജനറല്‍ വാര്‍ഡില്‍ മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചത്. ബി.എ, എല്‍.എല്‍.ബി പഠന കാലത്ത് എസ്എഫ്‌ഐ ആലുവ ഏരിയ സെക്രട്ടറിയായിരിക്കെ നിരവധി തവണ പോലീസ് മര്‍ദ്ദനമേറ്റിട്ടുണ്ട്. ചെറുകിട വ്യവസായ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അബ്ദുള്‍ കെരീം സിറ്റിംഗ് മെമ്പര്‍ ലൈല അബ്ദുള്‍കെരീമിന്റെ ഭര്‍ത്താവാണ്. കോണ്‍ഗ്രസ് വാഴക്കുളം മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. മുന്‍മന്ത്രി ടി.എച്ച്. മുസ്തഫയുടെ തറവാട് വീടിരിക്കുന്ന വാര്‍ഡാണിത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച്. അബ്ദുള്‍ജബ്ബാറിന്റെ സാന്നിദ്ധ്യവും ഇക്കുറിയും വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് അബ്ദുള്‍ കെരീം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീരേഷ് യുവമോര്‍ച്ച പഞ്ചായത്ത് ഭാരവാഹിയാണ്. ബി.ജെ.പിക്ക് കാലങ്ങളായി ലഭിക്കുന്ന വോട്ടുകള്‍ക്ക് പുറമെ എസ്എന്‍ഡിപി ധാരണ വഴി ലഭിക്കുന്ന വോട്ടുകളും ബിജെപിയുടെ ജയം ഉറപ്പാക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.