വോട്ട് വണ്ടി ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി

Monday 19 October 2015 10:28 pm IST

കൊച്ചി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മള്‍ട്ടിപോസ്റ്റ് ഇലക്ട്രോണിക് സംവിധാനം ജനങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജമാക്കിയിട്ടുള്ള വോട്ടുവണ്ടി ജില്ലയില്‍ ആദ്യ ഘട്ട പര്യടനം പൂര്‍ത്തിയാക്കി. രാവിലെ 10.30ന് കരിമുകള്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച വോട്ടുവണ്ടി പുത്തന്‍കുരിശ്, പൂതൃക്ക, രാമമംഗലം, ആശുപത്രിപ്പടി, പാമ്പാക്കുട, മണീട്, തിരുവാണിയൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഇന്ന് ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടുവണ്ടിയെത്തും. നിരവധി ആളുകളാണ് വോട്ടുവണ്ടി സന്ദര്‍ശിക്കാനായി എത്തിയത്. വോട്ടു ചെയ്യുന്ന രീതി, ഇലക്ട്രോണിക് യന്ത്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് വോട്ടുവണ്ടിയില്‍ മറുപടി ലഭിച്ചു. തെറ്റു വരാത്ത രീതിയില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് വോട്ട് വണ്ടിയുടെ ലക്ഷ്യം. വോട്ടിങ്ങ് യന്ത്രത്തെ കുറിച്ച് കമ്മീഷന്‍ തയാറാക്കിയ ലഘുലേഖയും വാഹനത്തില്‍ വിതരണം ചെയ്യുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയ്, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവരടങ്ങിയ സെല്ലിനാണ് വോട്ടു വണ്ടി പര്യടനത്തിന്റെ ചുമതല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.