എരുമേലിയില്‍ ചിത്രം വിചിത്രമാകുന്നു

Monday 19 October 2015 10:46 pm IST

എരുമേലി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമെത്തിയപ്പോള്‍ എരുമേലി ഗ്രാമപഞ്ചായത്തില്‍ ചിത്രം വിചിത്രമായി.31 പേര്‍ പത്രിക പിന്‍വലിച്ചതോടെ ജില്ലയിലെ പഞ്ചായത്തില്‍ ഏറ്റവുമധികം സ്ഥാനാര്‍ത്ഥികളായ 99 പേര്‍ മത്സരിക്കുന്നത് ഇവിടെയാണ്. കാര്‍ഷികമലയോര മേഖലയില്‍ വികസനത്തിന്റെ പേരില്‍ 22 ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയാണ് വിജയക്കൊടിപാറിക്കാന്‍ ബിജെപി പ്രചരണമാരംഭിച്ചിരിക്കുന്നത്. യുഡിഎഫിലെ സീറ്റു ചര്‍ച്ചകളിലെ അവസരവാദവും കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ തര്‍ക്കങ്ങളും എരുമേലിയില്‍ പല സ്ഥാനാര്‍ത്ഥികള്‍ക്കും വിമതഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജപ്പന്‍ നായര്‍ മത്സരിക്കുന്ന കിഴക്കേക്കര മൂന്നാം വാര്‍ഡിലും എലിവാലിക്കര 18-ാം വാര്‍ഡില്‍ മാണി കോണ്‍ഗ്രസ് നേതാവും മൂക്കന്‍പെട്ടിയില്‍ മുന്‍ എല്‍ഡിഎഫ് മുന്‍ പഞ്ചായത്തംഗത്തിനെതിരെയും വിമതസ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിക്കഴിഞ്ഞു. വിവാദമായ എലിവാലിക്കര സീറ്റില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, സിഎസ്ഡിഎസ് അടക്കം ആറോളം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. യുഡിഎഫ് വോട്ടുകള്‍ മൂന്നായി വിഭജിക്കാനായി സ്ഥാനാര്‍ത്ഥികളെ മുന്നണികള്‍ മന:പൂര്‍വ്വം നിര്‍ത്തിയതാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ എല്‍ഡിഎഫിലെ മിക്കബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും പാളയത്തിലെ പട മൂലം പരാജയഭീഷണിയിലുമാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ചില സ്ഥാനാര്‍ത്ഥികളെ ജയിക്കാന്‍ ഇരുമുന്നണികളും ഒരുമിച്ചപ്പോള്‍ ചിലരെ തോല്‍പ്പിക്കാനും അണിയറയില്‍ നീക്കങ്ങളാരംഭിച്ചുകഴിഞ്ഞു. എന്നാല്‍ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഭീഷണിയുണ്ടാക്കിയ പി.സി.ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ കേരളകോണ്‍ഗ്രസ് സെക്കുലര്‍ മുന്നണിക്കു മുന്നില്‍ മുട്ടുമടക്കി നാലു സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ മേഖലയില്‍ വിജയമുറപ്പിക്കാന്‍ ബിജെപി 22 വാര്‍ഡുകളിലും വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ എല്‍ഡിഎഫ് സ്വതന്ത്ര പഞ്ചായത്തംഗമായിരുന്ന എം.എസ്.രതീഷ്‌കുമാര്‍ ബിജെപി സ്വതന്ത്രനായി സംവരണ സീറ്റീല്‍ പൊര്യന്മലയും, സിപിഎം കുടുംബത്തിലെ അംഗവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവസാനവട്ടവും പാര്‍ട്ടിക്കാര്‍ തഴഞ്ഞ നിഷാ സജിയും, സിപിഎം പ്രവര്‍ത്തകനായിരുന്ന തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് നേര്‍ച്ചപ്പാറ വാര്‍ഡിലും ബിജെപി സാരഥികളായി മത്സരരംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ ഇരുമുന്നണികളിലെയും തഴയപ്പെട്ട ഘടകകക്ഷികളുടെ കൂട്ടായ്മയില്‍ 9 സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ വിമതഭീഷണി തന്നെയാണ് ഇരുവരും ഒരുക്കിയിരിക്കുന്നത്. വിജയ സാധ്യതയുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ചിലവാര്‍ഡുകളില്‍ യുഡിഎഫ്-എല്‍ഡിഎഫ് രഹസ്യ കൂട്ടുകെട്ടുകളും ചര്‍ച്ചകളും നടക്കുന്നതായും ബിജെപി നേതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.