എരുമേലി ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടുന്നു

Monday 19 October 2015 10:48 pm IST

എരുമേലി: കഴിഞ്ഞ 30 വര്‍ഷത്തെ അവഗണനയുടെ ആഴം തിരിച്ചറിഞ്ഞ പഴയയൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിലെ ചില നേതാക്കളുടെ പിന്നണിയാളായി രംഗത്തെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവും തമ്മിലുള്ള മത്സരമാണ് എരുമേലി ഡിവിഷനില്‍ അരങ്ങേറുന്നത്. കെഎസ്‌യു ജില്ലാ സെക്രട്ടറി, 1995ല്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ 3 വര്‍ഷം വീതം പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസിന്റെ സമരമുഖങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന റജി ജേക്കബ്(റജി അമ്പാറ)ആണ് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് പിന്തുണയോടെ മത്സരത്തിനിറങ്ങുന്നത്. സീറ്റ് ചര്‍ച്ചകളുടെ അന്തിമനിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് താന്‍ പത്രിക നല്‍കിയതെന്നും എന്നാല്‍ പത്രിക പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെയും എംപി അടക്കമുള്ളവരുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായെന്നും റജി അമ്പാറ ജന്മഭൂമിയോടു പറഞ്ഞു. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ പത്രിക നല്‍കാനുള്ള നീക്കത്തെ തന്ത്രപരമായി വെട്ടിയ നേതാക്കള്‍ ബ്ലോക്ക് ഡിവിഷനിലേക്ക് പത്രിക നല്‍കാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും പത്രിക സമര്‍പ്പണത്തിന്റെ അവസാന നിമിഷം അതും നിഷ്‌കരുണം തഴയുകയായിരുന്നുവെന്നും റജി അമ്പാറ പറഞ്ഞു. കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളും ചില സുഹൃത്തുക്കളും ചേര്‍ന്ന് നല്‍കിയ പിന്തുണയില്‍ തലേദിവസം രാത്രി 11 മണിയോടെയാണ് ഫേസ്ബുക്ക് വഴി റജി അമ്പാറയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. ഇതിനിടെ മുക്കൂട്ടുതറ മുട്ടപ്പള്ളി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ആന്റണി ജോസഫ്(ബിനു മറ്റക്കര) ആണ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അദ്ധ്യാപകനും പെന്‍ഷന്‍ യൂണിയന്‍ സംഘടനാ നേതാവും കൂടിയായ സിപിഎമ്മിലെ പി.കെ.അബ്ദുള്‍ കരീമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ളത്. എരുമേലിയുടെ വികസനകാര്യത്തില്‍ പേട്ടതുള്ളല്‍ പാതയിലൂടെ ശയനപ്രദക്ഷിണ സമരം നടത്തി പുതിയ സമരരീതിയുടെ തുടക്കം കുറിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രഭാകരന്‍(ബിജെപി) അനിയനാണ് ത്രികോണ മത്സരത്തിന് വഴിയൊരുക്കി രംഗത്തുള്ളത്. എരുമേലിയില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് നെടുനായകത്വം വഹിക്കുകയും ഒട്ടേറെ സമരങ്ങളിലൂടെ സംഘാടകനായിത്തീര്‍ന്ന അനിയന്‍ എരുമേലിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്നണികള്‍ക്ക് ഭീഷണിയാണ് ഉയര്‍ത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.