ബിജെപി സ്ഥാനാര്‍ത്ഥിയുടെ വളര്‍ത്തുപ്രാവുകളെ സിപിഎമ്മുകാര്‍ കൊന്നൊടുക്കി

Monday 19 October 2015 10:54 pm IST

കായംകുളം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും പത്തിയൂരില്‍ സിപിഎമ്മിന്റെ കൊടും ക്രൂരത.  ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലെ വളര്‍ത്തുപ്രാവുകളെ അവര്‍ കൂട്ടത്തോടെ കൊന്നൊടുക്കി. പത്തിയൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ മത്സരിക്കുന്ന മഹിളാ മോര്‍ച്ച പഞ്ചായത്ത് കണ്‍വീനര്‍ കുഴുവേലില്‍ സുനിതയുടെ വീട്ടിലെ മുപ്പതോളം പ്രാവുകളെയാണ് കഴിഞ്ഞ  രാത്രിയില്‍  കൊന്നൊടുക്കിയത്.മുനയുള്ള കമ്പിവടി ഉപയോഗിച്ച് കൂടിനുള്ളിലുള്ള പ്രാവുകളെ കുത്തിക്കൊല്ലുകയായിരുന്നു. 25 പ്രാവുകളെ മോഷ്ടിക്കുകയും ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥിയായി സുനിത നാമനിര്‍ദ്ദേശ പത്രിക കൊടുത്തതുമുതല്‍ സിപിഎമ്മില്‍പ്പെട്ടവര്‍ ഭീഷണിപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. പത്തിയൂരില്‍  നിരവധി ക്രിമിനല്‍കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന സിപിഎം ഗുണ്ടാസംഘമാണ് ഇതിനുപിന്നില്‍. സിപിഎമ്മിന് സ്വാധീനമുള്ള വാര്‍ഡില്‍ അടുത്തകാലത്തായി ബിജെപിക്കുണ്ടായ മുന്നേറ്റവും ജനപങ്കാളിത്തവും പൊതുസമ്മതയായ സുനിതയുടെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന്  ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ വിറളിപൂണ്ട് പാര്‍ട്ടി നിരവധി തവണ സുനിതയ്ക്കും കുടുംബത്തിനുമെതിരെ ഭീഷണിമുഴക്കിയിരുന്നു. സംഭവത്തില്‍ ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രന്‍പിള്ള, പുളിയറ വേണുഗോപാല്‍, പി.എസ്. സുരേഷ് എന്നിവര്‍ പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.