കാമ്പസുകളില്‍ കോടതി നിയന്ത്രണം

Tuesday 20 October 2015 11:29 pm IST

കൊച്ചി: സംസ്ഥാനത്തെ കോളേജ് കാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നത് ഹൈക്കോടതി വിലക്കി. അധ്യാപക, അനധ്യാപക ജീവനക്കാരുടേതൊഴിച്ച് മറ്റു വാഹനങ്ങള്‍ കാമ്പസില്‍ പ്രവേശിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിധി. എല്ലാ കോളേജുകളിലും വിദ്യാര്‍ഥികളുടേത് അടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കാമ്പസുകളുടെ കവാടത്തിന് സമീപമായിരിക്കണം പാര്‍ക്കിങ് ഏരിയകള്‍. വാഹനങ്ങള്‍ ഉള്ളില്‍ കടക്കാത്ത വിധം ചെക്ക് പോസ്റ്റുകള്‍ ഒരുക്കണം. അധ്യാപകരുടേയും മറ്റു ജീവനക്കാരുടേയും വാഹനങ്ങള്‍ക്ക് മാത്രമേ ഇതു വഴി പ്രവേശനം അനുവദിക്കാവൂ. സംസ്ഥാനത്തെ എല്ലാ കോളേജുകളിലും ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കണം.ഇരുചക്രവാഹനങ്ങള്‍ സൈലന്‍സര്‍ ഒഴിവാക്കിയും മറ്റും ശബ്ദമലിനീകരണമുണ്ടാക്കുന്നതിനെതിരെ ശക്തമായ നടപടി വേണം. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കാനും കോളേജ് മാനേജ്‌മെന്റുകളോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോളേജുകളിലെ ആഘോഷങ്ങളെല്ലാം രാത്രി ഒമ്പത് മണിക്ക് മുമ്പ് നിര്‍ത്തണമെന്നും ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം കോളേജ് ഒഫ് എഞ്ചിനിയിറിങ് കോളജിലെ സംഭവങ്ങളില്‍ പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ കേസില്‍ ഇടപെടാനാകില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ സര്‍വകലാശാലയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഈവര്‍ഷം ഓഗസ്റ്റ് 20 നാണ് ഓണാഘോഷ പരിപാടികള്‍ക്കിടെ തിരുവനന്തപുരം കോളേജ് ഒഫ് എന്‍ജിനീയറിങ്ങില്‍ വിദ്യാര്‍ത്ഥിനി ജീപ്പിടിച്ച് മരിച്ചത്. തുടര്‍ന്ന് കോളേജിലെ മൂന്നംഗ സമിതിയുടെ അന്വേഷണ പ്രകാരം സംഭവത്തിന് ഉത്തരവാദികളായ വിദ്യാത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.