യൂബര്‍ പീഡനം: പ്രതി കുറ്റക്കാരന്‍; ശിക്ഷ പിന്നീട്

Tuesday 20 October 2015 12:11 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ യൂബര്‍ കാറിനുള്ളില്‍ യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഡ്രൈവര്‍ ശിവ് കുമാര്‍ കുറ്റക്കാരനെന്നു ദല്‍ഹി ഹൈക്കോടതി. ശിക്ഷ നവംബര്‍ 23നു പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. തട്ടിക്കൊണ്ടു പോകല്‍, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴി മാത്രം മതി പ്രതിയെ ശിക്ഷിക്കാനെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ സാക്ഷികളായ 28 പേരില്‍ എല്ലാവരും മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദങ്ങളില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകനായ ഡികെ മിശ്രയുടെ നിലപാട്. തെളിവുകള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള 13 പ്രോസിക്യൂഷന്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രതിക്ക് അനുമതി നല്‍കി ദല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പെണ്‍കുട്ടിയും ദില്ലി പൊലീസും നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജീവപര്യന്തം തടവ് ശിക്ഷയായി ലഭിയ്ക്കാനാണ് സാദ്ധ്യത. ഐ.പി.സി 366, 323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിയ്ക്കുന്നത്. കോടതി നടപടികള്‍ക്കിടെ കുറ്റം ചുമത്തുന്ന രേഖയില്‍ ഒപ്പിടാന്‍ ശിവകുമാര്‍ യാദവ് വിസമ്മതിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പിന്നീട് കോടതിയുടേയും അഭിഭാഷകന്റേയും പ്രേരണ പ്രകാരമാണ് യാദവ് ഒപ്പിടാന്‍ തയ്യാറായത്. തന്നെ ജയിലിലും ജയില്‍ വാഹനത്തിലും സഹതടവുകാര്‍ തന്നെ മര്‍ദ്ദിച്ചതായി ശിവകുമാര്‍ യാദവ് പരാതിപ്പെട്ടു. മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിയ്ക്കാനും ശിവകുമാര്‍ ശ്രമിച്ചു. 2014 ഡിസംബര്‍ അഞ്ചിനാണ് ദല്‍ഹിയില്‍  ഇരുപത്തഞ്ചുകാരിയായ യാത്രക്കാരിയായ  ഫിനാന്‍സ് എക്‌സിക്യൂട്ടിവിനെ ടാക്‌സി െ്രെഡവര്‍ കാറിനുള്ളില്‍ വെച്ച്  ബലാത്സംഗം ചെയ്തത്. സംഭവം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം പ്രതിയായ ശിവ് കുമാറിനെ പോലീസ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.