തേഞ്ഞിപ്പലം ബിജെപി ഭരിക്കുമെന്ന് നാട്ടുകാര്‍; ഇരുമുന്നണികളും അങ്കലാപ്പില്‍

Tuesday 20 October 2015 12:36 pm IST

തേഞ്ഞിപ്പലം: പഞ്ചായത്ത് ഇത്തവണ ബിജെപി ഭരിക്കും. ഇങ്ങനെ പറയുന്നത് മറ്റാരുമല്ല ഇരുമുന്നണികളിലേയും പ്രാദേശിക നേതൃത്വവും. ആകെയുള്ള പതിനേഴ് വാര്‍ഡിലും ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തത് ബിജെപിയാണ്. അതുപോലെ തന്നെ പ്രചാരണ രംഗത്തും മറ്റ് പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കി ബിജെപി മുന്നേറി കഴിഞ്ഞു. കുടുംബസംഗമത്തിലൂടെയും മറ്റ് കണ്‍വെന്‍ഷനുകളിലൂടെയും ബിജെപി നാളുകളായി ജനങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് മറ്റ് പാര്‍ട്ടികള്‍ തലപൊക്കി തുടങ്ങിയത്. അണികളും വലിയ ആവേശത്തിലാണ്. സംസ്ഥാന-ജില്ലാ-മണ്ഡലം ഭാരവാഹികളടക്കം പഞ്ചായത്തില്‍ മത്സരരംഗത്തുണ്ട് എന്നതും തെരഞ്ഞെടുപ്പിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. വളരെ ചിട്ടയോടെയാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും യുഡിഎഫ്-എല്‍ഡിഎഫ് ഒത്തുതീര്‍പ്പ് രാഷ്ട്രീയവും ജനങ്ങളുടെ മുന്നില്‍ തുറന്ന് കാണിക്കാന്‍ പ്രത്യേക സംഘത്തിനെ വരെ നിയോഗിച്ച് കഴിഞ്ഞു. നിലവിലെ ഭരണകക്ഷിയായ യുഡിഎഫിലെ പ്രധാനികള്‍ ലീഗും കോണ്‍ഗ്രസും രണ്ട് വഴിക്കാണ്. ഐക്യജനാധിപത്യ മുന്നണിയിലെ ഐക്യം പൂര്‍ണ്ണമായും ശിഥിലമായി കഴിഞ്ഞു. ഇടതുമുന്നണിയിലെ അവസ്ഥയും വിത്യസ്തമല്ല സിപിഐ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കഴിഞ്ഞു. എന്നാല്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്ന് മനസിലാക്കിയ ഇരുമുന്നണികളും ചില സ്ഥലങ്ങളില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.