നിലമ്പൂരിലെ കള്ളവോട്ട്: അന്വേഷണം ആരംഭിച്ചു

Tuesday 20 October 2015 12:38 pm IST

നിലമ്പൂര്‍: നഗരസഭയില്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കൃത്രിമം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് കലക്ടര്‍ ടി. ഭാസ്‌കരന്‍ നിലമ്പൂരിലെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയില്‍ യുഡിഎഫ് അനുകൂലരെ വ്യാപകമായി വെട്ടിനിരത്തിയിരുന്നു. പുതുതായി പേര് ഉള്‍പ്പെടുത്താന്‍ അഭിമുഖത്തിന് ഹാജരായവരെയും ഒഴിവാക്കിയിട്ടുണ്ട്. ചക്കാലക്കുത്ത് ഡിവിഷനില്‍ സ്ഥിര താമസക്കാരടക്കം 41 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കുന്നതിന് മുമ്പ് നോട്ടീസ് നല്‍കി വാദം കേള്‍ക്കണമെന്ന ചട്ടവും പാലിക്കപ്പെട്ടിട്ടില്ല. സംഭവത്തില്‍ നഗരസഭ സെക്രട്ടറി പ്രമോദിനോട് കലക്ടര്‍ വിശദീകരണം തേടി. പേരുകള്‍ എന്റര്‍ ചെയ്തിരുന്നെങ്കിലും കമ്പ്യൂട്ടര്‍ തകരാറാണ് കാരണമെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് സംബന്ധിച്ച് പരാതികള്‍ വ്യാപകമായി. മുസ്ലീംലീഗിന് പ്രാമുഖ്യമുള്ള മേഖലകളിലും ക്രമക്കേട് സംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നു. ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെയും നഗരസഭകളിലെയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് എതിര്‍ പാര്‍ട്ടിയിലെ വോട്ടര്‍മാരെ വെട്ടിമാറ്റുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.