കലാകാരന്മാര്‍ പുരസ്കാരങ്ങള്‍ തിരികെ നല്‍കിയതിന് പിന്നില്‍ മോഹഭംഗമാകാമെന്ന് നടി ശോഭന

Tuesday 20 October 2015 2:21 pm IST

തിരുവനന്തപുരം: പുരസ്‌ക്കാരങ്ങള്‍ വളരെ വൈകി ലഭിച്ചതിലുള്ള മോഹഭംഹമാകാം കലാകാരന്‍മാരെ അത് മടക്കിനല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് നടി ശോഭന. സാറാ ജോസഫ് അടക്കമുള്ളവര്‍ പുരസ്‌കാരം മടക്കി നല്‍കിയത് എന്തിനു വേണ്ടിയാണെന്നും വിവാദം എന്താണെന്നും തനിക്ക് അറിയില്ലെന്നും തിരുവനന്തപുരം പ്രസ് ക്ലബിലെ മുഖാമുഖം പരിപാടിയില്‍ ശോഭന വ്യക്തമാക്കി. മികച്ച അവസരങ്ങള്‍ വന്നാല്‍ താന്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുമെന്നും ശോഭന പറഞ്ഞു. സൂര്യഫെസ്റ്റിവലില്‍ തുടര്‍ച്ചയായ ഇരുപത്തിയഞ്ചാം വര്‍ഷത്തെ നൃത്തപ്രകടനം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരത്ത് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. താന്‍ പുരസ്കാരങ്ങളൊന്നും മടക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ സിനിമയില്‍ സജീവമായി നിന്ന കാലത്താണ് എനിക്ക് ഉര്‍വശി അവാര്‍ഡ് കിട്ടിയത്. ഏറെ വൈകി പുരസ്‌കാരങ്ങള്‍ തന്നിരുന്നെങ്കില്‍ തീര്‍ച്ചയായും നിരസിക്കുമായിരുന്നുവെന്നും ശോഭന പറഞ്ഞു. മുന്‍കാലത്തെ ഇതിഹാസ ചലച്ചിത്രകാരന്‍മാര്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് വേണ്ടി സിനിമകള്‍ ഒരുക്കിയിരുന്നു. ഇക്കാലത്ത് എത്രപേര്‍ ഞങ്ങളുടെ പ്രായത്തിലുള്ളവര്‍ക്കു വേണ്ടി സിനിമ ചെയ്യുമെന്ന് അറിയില്ല. 'തിര'യിലേതു പോലുള്ള വേഷങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും മലയാളത്തില്‍ വീണ്ടും അഭിനയിക്കുമെന്നും ശോഭന പറഞ്ഞു.