കന്യാമറിയത്തിന്റെ ഉടലും സരിതയുടെ മുഖവുമായി ഡിഫി നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്

Tuesday 20 October 2015 4:55 pm IST

തിരുവനന്തപുരം: കന്യാമറിയത്തിന്റെ ഉടലിനൊപ്പം സോളാര്‍കേസിലെ പ്രതി സരിത എസ് നായരുടെ മുഖവും വച്ച് ഡിവൈഎഫ്‌ഐ നേതാവ് ഫേസ് ബുക്കിലിട്ട് പോസ്റ്റ് വിവാദമാകുന്നു. കണ്ണൂര്‍ പേരാവൂരിലെ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹി അരുണാണ് തന്റെ ഫേസ് ബുക്കില്‍ വിവാദ പോസ്റ്റിട്ടത്. സംഭവം വിവാദമായതിന് പിറകെ പോസ്റ്റ് അരുണ്‍ പിന്‍വലിച്ചു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കണമെന്ന അപേക്ഷിക്കുന്ന മുഖ്യമന്ത്രിയും ചിത്രത്തോടൊപ്പമുണ്ട്. മത വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘം നടത്തിയെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ശരത് ചന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി. കേസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. അടിയങ്ങള്‍ വിചാരിച്ചതിലും കൂടുതല്‍ സീറ്റ് നല്‍കി അനുഗ്രഹിക്കണമേ എന്റെ സരിതേ എന്നു മുഖ്യമന്ത്രി പ്രാര്‍ഥിക്കുന്ന രീതിയിലാണ് പോസ്റ്ററിലെ വാചകങ്ങള്‍. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വ്യാപകമായ രീതിയില്‍ പോസ്റ്ററിനെ എതിര്‍ത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചുള്ള പോസ്റ്റര്‍ വിവാദമായതിനു പിന്നാലെയാണ് സരിതയെ യേശുവിന്റെ മാതാവായ മറിയത്തിന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്തി ഡിവൈഎഫ്‌ഐയുടെ പുതിയ പോസ്റ്റര്‍ എത്തിയത്.