മുഖത്തിനിണങ്ങും മേക്അപ്

Tuesday 20 October 2015 8:24 pm IST

എപ്പോഴും സുന്ദരിയായിരിക്കാന്‍ ആരാണ് മോഹിക്കാത്തത്. സ്വന്തം സൗന്ദര്യത്തിന് കുറച്ചുകൂടി മാറ്റുകൂട്ടുന്നതിനാണ് എല്ലാവരും മേക്അപ് ചെയ്യുന്നത്. എന്നാല്‍ മേക്അപ് ശരിയായ വിധത്തിലല്ല എങ്കില്‍ അത് വിപരീതഫലമേ തരൂ. മേക്അപ്പിന്റെ അടിസ്ഥാനം ചര്‍മ്മത്തിന്റെ നിറം, തരം, മുഖത്തിന്റെ ആകൃതി എന്നിവയെ ആശ്രയിച്ചാണ്. ഓരോരുത്തരുടേയും മുഖത്തിനിണങ്ങുന്ന മേക്അപ് വേണം തിരഞ്ഞെടുക്കാന്‍. നിങ്ങളുടേത് അണ്ഡാകൃതിയിലുള്ള മുഖമാണെങ്കില്‍ എങ്ങനെയായിരിക്കണം മേക്അപ് എന്ന് നോക്കാം.  ആദ്യം ഈ ആകൃതിയുള്ള മുഖത്തിനിണങ്ങുന്ന  ഫൗണ്ടേഷന്‍ കണ്ടെത്തുക. ശരീര വര്‍ണ്ണത്തിന് അനുയോജ്യമായ ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുക. ഫൗണ്ടേഷന്‍ മുഖത്തിന്റെ ആകൃതിക്കനുസരിച്ചല്ല, ചര്‍മ്മത്തിന്റെ നിറത്തിനനുസരിച്ച് വേണം തിരഞ്ഞെടുക്കാന്‍. മുഖത്തിനുയോജ്യമായ മേക്അപ് വേണം ചുണ്ടിനായി തിരഞ്ഞെടുക്കാന്‍. കണ്ണുകളും ചുണ്ടും ഒരേസമയം എടുത്തുകാണിക്കുന്ന തരം മേക്അപ് ഒഴിവാക്കുക. ചുണ്ടുകള്‍ എടുത്തു കാണിക്കുന്നതാണെങ്കില്‍ കണ്ണുകളുടെ മേക്അപ് ലളിതമാക്കുക. അണ്ഡാകൃതിയിലുള്ളവര്‍ക്ക് നയന ഭംഗി പലതരത്തില്‍ മികവുറ്റതാക്കാം. കണ്ണുകള്‍ ആകര്‍ഷകമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ കണ്‍പീലികള്‍ക്ക് കട്ടി നല്‍കുകയും ക്രീമി ഷാഡോകള്‍ ഉപയോഗിക്കുകയും ചെയ്യുക.  അണ്ഡാകൃതിയില്‍ മുഖം ഉള്ളവര്‍ കവിളിന്റെ കാര്യത്തിലും ശ്രദ്ധ നല്‍കണം. അണ്ഡാകൃതിയിലുള്ള മുഖത്തിന്റെ ഭൂരിഭാഗവും കവിളെല്ലുകള്‍ കൈയടക്കുന്നതിനാല്‍ മൊത്തത്തില്‍ ഭംഗി നല്‍കാനും കളയാനും ഇത് കാരണമാകുമെന്നതിനാല്‍ ശ്രദ്ധിക്കണം. മുഖം തുടുത്തിരിക്കുന്നത് ഇഷ്ടപ്പെടുന്നവര്‍ നേര്‍ത്ത ഇളംചുവപ്പ്, പിങ്ക് ബ്ലഷ് ഉപയോഗിക്കുന്നത് മുഖത്തിന്റെ ഭംഗി കൂട്ടും. ലിപ് സ്റ്റിക്കുകളേക്കാള്‍ ലിപ്‌ഗ്ലോസ്സായിരിക്കും അനുയോജ്യം.