സമ്പത്തില്‍ അഹങ്കരിക്കരുത്

Tuesday 20 October 2015 8:49 pm IST

ദുര്‍വ്വാസാവ് മഹര്‍ഷിയുടെ ശാപത്താല്‍ ഐശ്വര്യവും യൗവനവും നശിച്ച ഇന്ദ്രന്‍ ദു:ഖിതനായ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് ചോദിച്ചു ഹേ, ഇന്ദ്രാ, നീ ദേവന്മാരില്‍ മുഖ്യനാണല്ലോ.  ദിക് പാലകരില്‍ പ്രധാനിയും. എന്നിട്ടും എങ്ങനെയാണ് ഇത്രയും അഹങ്കാരിയായത്. ദുര്‍വ്വാസവ് മഹര്‍ഷിയെ നിന്ദിച്ചതാണല്ലോ നിനക്കീ ദു:ഖത്തിനു കാരണമായത്.  വന്ദിക്കേണ്ടവരെ വന്ദിക്കാത്തത് തീര്‍ച്ചയായും  അഹങ്കാരമാണ്. ആര്, എന്തു വസ്തു തരുന്നതായാലും, പ്രത്യേകിച്ച് മഹാത്മാക്കള്‍ തരുന്നത് ഈശ്വരന്‍ തന്നെ തരുന്നതാണ് എന്ന് കരുതി ബഹുമാനിക്കണം. സമസ്തജീവരാശികളുടേയും ഹൃദയത്തില്‍ ഇരിക്കുന്നവ നാണ് ശ്രീ ഹരി. ഹരി എപ്പോള്‍ ആ ശരീരം വിട്ടു പോകുന്നുവോ അതോടെ ശരീരം ശവമായി തീരും. ഇന്ദ്രിയങ്ങളില്‍ മുഖ്യമായ മനസ്സ്  ഞാനാണ്, ബ്രഹ്മാവാണ്. ജ്ഞാനം, അറിവ്-മഹേശ്വരനാണ്. ബുദ്ധി ദുര്‍ഗയാണ്. അവള്‍ ആത്മസ്വരൂപവുമാണ്, പ്രകൃതിയുമാണ്. പുഷ്പവും പ്രകൃതിയാണ്. പ്രകൃതിയെ നശിപ്പിക്കുന്നത് നാശത്തിനാണ് എന്ന് ബ്രഹ്മാവ് പറയുന്നത് നമ്മോടാണെന്ന് മനസ്സിലാക്കു- വൃക്ഷങ്ങള്‍ വെട്ടി പക്ഷികള്‍ക്ക് ഇരിപ്പിടമില്ലാതാക്കുമ്പോള്‍ സൂക്ഷിക്കുക, പ്രകൃതി തിരിച്ചടിക്കും. സമ്പത്തില്‍ മദം വരാതെ, വിഷയങ്ങളില്‍ മുങ്ങാതെ ഇരിക്കുക . എല്ലാ ദു:ഖങ്ങള്‍ക്കും കാരണം പ്രവൃത്തിയാണ്. അതിനാല്‍ ശ്രീഹരിയെ സേവിക്കു. എങ്കില്‍ ലക്ഷ്മി -സര്‍വ്വൈശ്വര്യങ്ങളും വരും. അതുകേട്ട് വൈകുണ്ഠത്തില്‍ ചെന്ന് ശ്രീഹരിയെ സ്തുതിച്ച ഇന്ദ്രനോടും മറ്റു ദേവന്മാരോടും ബ്രഹ്മാവിനോടും വിഷ്ണു പറയുന്നു. ഹേ! ദേവന്മാരെ! എല്ലാവര്‍ക്കും ഹിതമായതും സത്യമായതും, എല്ലാറ്റിന്റേയും സാരവും എന്തു സംഭവിച്ചാലും  അത് സുഖത്തെ ഉണ്ടാക്കുന്നവനുമായ എന്റെ അധീനത്തിലാണ് ഈ ലോകവും ലോകരും. എന്റെ ഭക്തന്മാരെ  ആരൊരാള്‍ ക്രോധിക്കുന്നുവോ അവരുടെ അടുത്ത് ഞാന്‍ ലക്ഷ്മിയോടൊത്ത് വസിക്കില്ല. ശംഖുശബ്ദം, തുളസി, ശിവാരാധന ഇവയൊന്നും ഇല്ലാത്ത ദിക്കിലും ഞങ്ങളുണ്ടാവില്ല. എന്നേയും എന്റെ ഭക്തരേയും നിന്ദിക്കുന്ന സ്ഥലത്തും ഞങ്ങളുണ്ടാകില്ല. ഭക്തിയില്ലാത്തവര്‍, വൃതങ്ങള്‍ നോല്‍ക്കാത്തവര്‍, അതിഥികള്‍ക്ക് അന്നം നല്‍കാത്തവര്‍ , സൂര്യോദയത്തില്‍ സ്‌നാനം ചെയ്യാതെ അന്നപാനം ചെയ്യുന്നവര്‍, വെറുതെ വാചകം പറയുന്നവര്‍, സ്വന്തം അംഗങ്ങളില്‍ കൈകൊണ്ട് കൊട്ടിക്കൊണ്ടിരിക്കുന്നവര്‍, സന്ധ്യാവന്ദനം ചെയ്യാത്തവര്‍,  ഇവരുടെയൊന്നും ഗൃഹങ്ങളില്‍ ലക്ഷ്മിയുണ്ടാകില്ല. എവിടെയെല്ലാം സാളഗ്രാമം, ശംഖ്, തുളസി, എന്നിവവെച്ച് ആരാധിക്കുന്നുണ്ടോ,  ശിവ പൂജയുണ്ടോ അതിഥി പൂജയുണ്ടോ, ദുര്‍ഗ്ഗാപൂജ, കീര്‍ത്തനം എന്നിവയുണ്ടോ അവിടെയെല്ലാം ലക്ഷ്മിയുണ്ടാവും. പിന്നീട് പാലാഴി മഥനം ചെയ്തപ്പോള്‍അതില്‍ നിന്നും ലക്ഷ്മി വീണ്ടും അവതരിച്ചു. ഇന്ദ്രന്‍ പാലാഴിയില്‍ നിന്നും വന്ന ലക്ഷ്മിയെ പൂജചെയ്യുവാന്‍ തുടങ്ങി. അഗ്നി, ഗണപതി, സൂര്യന്‍, വിഷ്ണു, ശിവന്‍, പാര്‍വ്വതി എന്നിവരെ ആദ്യം പൂജിച്ചു. നല്ല ചന്ദനത്തില്‍ മുക്കിയ പാരിജാത പൂക്കളാല്‍ (വെളുത്ത സുഗന്ധമുള്ള പൂക്കളാല്‍) ലക്ഷ്മിയെ ആവാഹിച്ച് അതിലിരുത്തി. ശ്രേഷ്ഠങ്ങളായ പൂക്കള്‍ , വസ്ത്രങ്ങള്‍, പഴങ്ങള്‍, നൈപായസം, പാല്‍പായസം, അപ്പം, ലഡു മുതലായവ സമര്‍പ്പിച്ചു സുഗന്ധ ധൂപങ്ങളാലും പുഷ്പങ്ങളാലും ദേവിയെ ആരാധിക്കണം. ലക്ഷ്മീ കീര്‍ത്തനങ്ങളാല്‍ സ്തുതിക്കണം. എന്നാല്‍ ദേവി ഇന്ദ്രനെ പ്രസാദിച്ചപോലെ നമ്മളേയും പ്രസാദിക്കും. എല്ലാ സന്ധ്യകളിലും പ്രത്യേകിച്ച് നവരാത്രി സന്ധ്യകളില്‍, ലക്ഷ്മിയെ ഉപാസിക്കേണ്ടത്. ഐശ്വര്യത്തിന് വളരെ അത്യാവശ്യമാണ്. നവമിയില്‍ വിശേഷിച്ചും. നവരാത്രി പൂജകഴിഞ്ഞു, ദശമിനാളില്‍ (വിജയദശമി). സരസ്വതിയെ അതായത് വിദ്യാ സ്വരൂപിണിയായ ദേവിയേയും ഇതുപോലെ പൂജിച്ച്, അറിവ്- ജ്ഞാനം-തരണേ എന്നു പ്രാര്‍ത്ഥിയ്ക്കൂ- നമുക്കീ നവരാത്രിവ്രതം ദേവിക്ക് സമര്‍പ്പിക്കാം. ജ്ഞാനമുണ്ടാകാന്‍ - വിനയവും ഭക്തിയും ഉണ്ടാകാന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.