ആഹാരവും സ്വഭാവവും

Tuesday 20 October 2015 8:51 pm IST

ആഹാരഭേദം സ്വഭാവഭേദത്തെ ഉണ്ടാക്കുമെന്നും മാംസഭക്ഷണം സ്വഭാവത്തെ ക്രൂരമാക്കുമെന്നും പല മഹാന്മാരും അഭിപ്രായപ്പെടുന്നു. മനസ്സിനെ പരിശുദ്ധമാക്കുന്ന പദാര്‍ത്ഥങ്ങളെ വേണം ഭക്ഷിക്കാനെന്നും ആഹാരഭേദം കൊണ്ടുണ്ടാകുന്ന സ്വഭാവഭേദം ഒരു മൃഗശാലയില്‍ ചെന്നു നോക്കിയാല്‍ പ്രത്യക്ഷപ്പെടുമെന്നും സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ വെച്ചു പ്രസ്താവിച്ചിരിക്കുന്നു. ബുദ്ധിയെ സംബന്ധിച്ച് നോക്കിയാല്‍ മാംസാഹാരത്തിന് എന്തു സ്ഥാനമാണുള്ളത്? ഇതിന്റെ വാസ്തവം മേധാവികളായ മഹാന്മാരുടെ ചരിത്രങ്ങളില്‍ നിന്നാണല്ലോ ഗ്രഹിക്കേണ്ടത്. തത്ത്വജ്ഞാനം, ഗണിതം, സാഹിത്യം മുതലായ നാനാകലകളിലും നിസ്തുലരായ പ്രശസ്തി സമ്പാദിച്ചിരുന്ന പ്രഫസര്‍ ന്യൂമാന്‍ 'മാംസഭക്ഷണം ബുദ്ധിവികാസത്തിന് അനുകൂലമെന്ന് ഞാന്‍ ഒരിക്കലും അഭിപ്രായപ്പെടുകയില്ല'എന്നും ഭൂലോകത്തിലെ പ്രസിദ്ധ പണ്ഡിതനും സസ്യഭുക്കുമായ പ്രഫസര്‍ ജോണ്‍ ഈബിമേയര്‍ 'മാംസഭക്ഷണം ആരോഗ്യത്തിനും ദേഹശക്തിക്കും ഒരിക്കലും ആവശ്യമായിട്ടുള്ളതല്ല' എന്നും പറഞ്ഞിരിക്കുന്നു. ഒരു പ്രസിദ്ധ വാഗ്മിയും വിശാലഹൃദയനും സത്യവാദിയുമായ എഡ്വേര്‍ബാട്ട്‌സര്‍ പറയുന്നത്, 'സ്വയം ഭരണത്തിനുതകുന്നതും പ്രകൃതിക്കനുസരിച്ചതുമായ ഒരാഹാരം സസ്യമാകുന്നു' എന്നാണ്. ഇപ്രകാരം തന്നെ ബുദ്ധന്‍, പിത്താഗോറസ്, മില്‍ട്ടണ്‍, സര്‍ ഐസക്ക് ന്യൂട്ടണ്‍, സെന്റ് പീറ്റര്‍, സെന്റ് മാത്യു, സെന്റ് ജോണ്‍, ളൈസ് മുതലായ അനേകം മഹാന്മാര്‍ ഇതിലേയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. മാംസഭക്ഷണംകൊണ്ട് പലമാതിരി വ്യാധികള്‍ ഉണ്ടാകുന്നുണ്ടെന്ന് ഡാക്ടര്‍ ഹെയ്ഗ് മുതലായ പ്രസിദ്ധ ഇംഗ്ലീഷ് ഭിഷഗ്വരന്മാര്‍, ഫ്രഞ്ചു വൈദ്യന്മാര്‍ ഇവര്‍ സയുക്തികം തെളിയിച്ചിരിക്കുന്നു. അതായത് മാംസത്തിന്, ശരീരത്തിലുള്ള യൂറിക്കാസിഡ് എന്ന വിശേഷശക്തിയെ കുറയ്ക്കാന്‍ തീരെ ശക്തിയില്ലെന്നല്ല അതിനെ വര്‍ദ്ധിപ്പിച്ച് താഴെപ്പറയുന്ന യൂറിക്കാസിഡ് സംബന്ധിച്ച പല രോഗങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ശക്തിയുണ്ടെന്ന് അവര്‍ പറയുന്നു. ആ രോഗങ്ങള്‍ മുടക്കുവാതം, വാതം, തലവേദന, സന്നി, ആസ്തമാ, ഞരമ്പുകള്‍ക്കുകോച്ച്, മനച്ചടവ്, മാന്ദ്യം, പ്രമേഹം, ഗുദഭ്രംശം മുതലായവയാണ്. റാബര്‍ട്ട് ബെല്‍ എന്ന മഹാന്‍ ഇംഗ്ലണ്ട്, സ്‌ക്കോട്ടുലണ്ട്, അയര്‍ലണ്ട് മുതലായ സ്ഥലങ്ങളില്‍ അധികമായി ബാധിച്ചു കാണുന്ന കാന്‍സര്‍ എന്ന രോഗത്തിന്റെ കാരണത്തെപ്പറ്റി അന്വേഷിച്ചതില്‍ അതിന്റെ പ്രധാനകാരണം മാംസഭക്ഷണമാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും അതിനെ വര്‍ജ്ജിച്ചിട്ടു ഗോതമ്പു മുതലായ സസ്യാഹാരങ്ങളെക്കൊണ്ടുപചരിച്ചതില്‍ ഈ രോഗത്തിനു കുറവുണ്ടായിട്ടുണ്ടെന്നും പ്രസ്താവിക്കുന്നു. (തുടരും)