പിന്‍ഗാമിയായി പ്രിയങ്ക, ഇന്ദിരയെ സോണിയ എതിര്‍ത്തു

Tuesday 20 October 2015 9:43 pm IST

ന്യൂദല്‍ഹി: പ്രിയങ്കയായിരിക്കും തന്റെ പിന്‍ഗാമിയെന്ന് ഇന്ദിരാഗാന്ധി പറഞ്ഞിരുന്നെന്ന് മുന്‍പ്രധാനമന്ത്രിയുടെ അടുത്തയാളായിരുന്ന എം.എല്‍. ഫൊത്തേദാര്‍. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പേ ഇന്ദിരാഗാന്ധിക്ക് മരണത്തെക്കുറിച്ച് ചില തോന്നലുകള്‍ ഉണ്ടായിരുന്നു. ഈ സമയത്താണ് പ്രിയങ്കയാകും രാഷ്ട്രീയത്തിലെ തന്റെ പിന്‍ഗാമിയെന്ന് അവര്‍ തന്നോട് പറഞ്ഞത്. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ സോണിയ എതിര്‍ക്കുകയായിരുന്നു. ഫൊത്തേദാര്‍ തുടര്‍ന്നു. അദ്ദേഹം അവരുടെ അവസാന ദിനങ്ങളും വിവരിക്കുന്നു. 1984 ഒക്‌ടോബറില്‍ അവര്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ കാലാവസ്ഥാ മാറ്റവും മറ്റും ഇഷ്ടപ്പെട്ടിരുന്ന അവര്‍ അവിടുത്തെ ക്ഷേത്രവും മസ്ജിദും സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചിരുന്നു. ആ മാസം 31നാണ് അവര്‍ കൊല്ലപ്പെട്ടത്. ഫൊത്തേദാര്‍ ഓര്‍ക്കുന്നു. ഈ സ്മരണങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയ അദ്ദേഹത്തിന്റെ പുസ്തകം ചിനാര്‍ ഇലകള്‍ ഈ മാസം 30ന് പ്രകാശനം ചെയ്യും. കുടുംബത്തില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് പ്രധാനമന്ത്രി പദം സോണിയ ഏറ്റെടുക്കാതിരിക്കാനുള്ള കാരണം. അല്ലാതെ മനസാക്ഷിയുടെ ശബ്ദമൊന്നുമല്ല കാരണം. കശ്മീരില്‍ നിന്ന് മടങ്ങുന്ന സമയത്താണ് പ്രിയങ്കക്ക് രാഷ്ട്രീയം ചേരുമെന്നും വളരെക്കാലം അവര്‍ക്ക് അധികാരത്തിലിരിക്കാന്‍ കഴിയുമെന്നും ഇന്ദിര പറഞ്ഞത്. വാജ്‌പേയി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ട ശേഷം കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതിനെ മാധവ റാവു സിന്ധ്യ എതിര്‍ത്തിരുന്നു. അദ്ദേഹം ഇതിനും വേണ്ടി സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍ സിങിനെയാണ് സമീപിച്ചിരുന്നത്. സോണിയ ഡോ, മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ സിന്ധ്യ അസ്വസ്ഥനായിരുന്നു. തനിക്ക് പുതിയ കോണ്‍ഗ്രസ് അധ്യക്ഷയില്‍ നിന്ന് ഒന്നും ലഭിക്കില്ലെന്ന്  സീതാറാം കേസരി തനിക്ക് മുന്നറിയിപ്പ നല്‍കിയിരുന്നു.   അതുപോലെ സംഭവിച്ചു. നരസിംഹറാവുവിന്റെ വിശ്വസ്തര്‍ക്ക് എതിരെ പ്രവര്‍ത്തിച്ച സോണിയ പക്ഷപാതികളായ അര്‍ജുന്‍ സിങ്, എന്‍ഡി തിവാരി, ഷീലാ ദീക്ഷിത് എന്നിവര്‍ക്കുപോലും മെച്ചപ്പെട്ടത് ലഭിച്ചപ്പോള്‍ രാജ്യസഭാ എംപി സ്ഥാനം പോലും തനിക്ക് ലഭിച്ചില്ല. ഫൊത്തേദാര്‍ പറയുന്നു. സോണിയക്കു വേണ്ടി അധ്യക്ഷ പദവി ഒഴിയേണ്ടിവരുമെന്ന് സീതാറാം കേസരിയോട് പറയാന്‍ ഏല്‍പ്പിച്ചിരുന്നത് തന്നെയാണ്. അദ്ദേഹം ഓര്‍ക്കുന്നു. രാജീവും ബന്ധുവായ അരുണ്‍ നെഹ്‌റുവും തമ്മില്‍ തെറ്റിയതിനു പിന്നില്‍ സോണിയയും സതീഷ് ശര്‍മ്മയുമാണ്. അരുണ്‍ നെഹ്‌റു പ്രതികാരം ചെയ്യുമെന്നും ഇതിന് തിരിച്ചടിയുണ്ടാകുമെന്നും  ഞാന്‍ രാജീവിനോടു പറഞ്ഞു. അങ്ങനെ തന്നെ സംഭവിച്ചു, ബൊഫോഴ്‌സ് സംഭവം പുറത്തുവന്നു. വിപി സര്‍ക്കാര്‍ വീണ ശേഷം രാജീവിനെ പ്രധാനമന്ത്രിയാക്കുന്നതിനെ അന്നത്തെ രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി ആയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വെങ്കട്ടരാമന്റെ എതിര്‍പ്പില്‍ രാജീവ് അമ്പരന്നു. ഫൊത്തേദാര്‍ പറയുന്നു. പ്രിയങ്ക രാഹുല്‍ പോര് രൂക്ഷമാക്കും ഫൊത്തേദാറിന്റെ വെളിപ്പെടുത്തലുകള്‍ പ്രിയങ്കാ രാഹുല്‍ പോരിന് മൂര്‍ച്ഛ കൂട്ടും. ഇന്ദിരാഗാന്ധി പ്രിയങ്കയില്‍ തന്റെ പിന്‍ഗാമിയെ കണ്ടിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. പ്രിയങ്കയ്ക്ക്  രാഷ്ട്രീയ മോഹങ്ങള്‍  ഉണ്ടെന്ന് മുന്‍പ് തെളിഞ്ഞതാണ്. പിന്നീട് സോണിയ അടക്കമുള്ളവരുടെ സമ്മര്‍ദ്ദം മൂലം അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാതെയിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങിയിരുന്നു താനും. രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ കൊണ്ടുപിടിച്ച ശ്രങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും പ്രിയങ്ക ചര്‍ച്ചാവിഷയമാകുന്നത്. പ്രിയങ്കയെ മുന്നിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തില്‍ നേരത്തെതന്നെ രാഹുല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.