ആണവായുധം ഭാരതത്തെ നേരിടാനെന്ന് പാക്കിസ്ഥാന്‍

Tuesday 20 October 2015 9:50 pm IST

കറാച്ചി:  നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഭാരതം യത്‌നിക്കുമ്പോഴും പാക്കിസ്ഥാന്‍ പ്രകോപനപരമായ വാക്കുകളും പ്രവൃത്തികളും തുടരുന്നു. തങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നത് ഭാരതത്തെ നേരിടാനെന്ന് പാക് വിദേശകാര്യ സെക്രട്ടറി അയ്‌സാസ് ചൗധരി. ഭാരത സേന രൂപപ്പെടുത്തിയ  സൈനിക തത്വം (കോള്‍ഡ്- സ്റ്റാര്‍ട്ട് ഡോക്ട്രീന്‍) പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ളതാണെന്നും ചൗധരി ആരോപിച്ചു. ഇതാദ്യമായാണ് ഒരു ഉന്നത പാക് ഉദ്യോഗസ്ഥന്‍ ആണവായുധ നിര്‍മ്മാണ ത്തിന് വിശദീകരണം നല്‍കുന്നതും അതിനെ പ്രതിരോധ തന്ത്രമായി വ്യാഖ്യാനിക്കുന്നതും. ഭാവിയില്‍ ഭാരതവുമായി ഉണ്ടായേക്കാവുന്ന യുദ്ധത്തില്‍ പ്രയോഗിക്കാനാണ് കുറഞ്ഞ ചെലവില്‍ നമ്മള്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നത്. പാക് ആണവ പദ്ധതി പ്രതിരോധത്തിനുള്ളതാണ്, ചൗധരി പറഞ്ഞു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ യുഎസ് സന്ദര്‍ശനവേളയില്‍ ആണവ കരാറുകളിലൊന്നും ഒപ്പിടില്ലെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബര്‍ 22ന് നവാസ് ഷെരീഫ്    അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തും. ആണവായുധങ്ങള്‍ കുറയ്ക്കുന്നതിനുള്ള കരാറില്‍ ഒപ്പിടാന്‍ പാക്കിസ്ഥാനെ ഒബാമ പ്രേരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു സാധ്യമാവില്ലെന്ന് അയ്‌സാസ് ചൗധരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.