സൈബര്‍ ലോകത്ത് സംഭവിക്കുന്നത്

Tuesday 20 October 2015 10:04 pm IST

സൈബര്‍മേഖല എന്നാല്‍ ക്രിമിനല്‍ മേഖല എന്നായി മാറുകയാണ്. വെറും ക്രിമിനല്‍ മേഖലയല്ല, കൊടും ക്രിമിനല്‍ മേഖല. സൈബര്‍ വലയില്‍ കുടുങ്ങുന്നവരില്‍ നല്ലൊരു ശതമാനവും സ്ത്രീകളാണ്. അടുക്കളയും ഓഫീസും മറ്റുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ചില സ്ത്രീകള്‍ക്ക് വിനോദത്തിനും മറ്റ് അസാന്മാര്‍ഗികവൃത്തികള്‍ക്കും തുറന്നുകിട്ടിയ മേഖലയായി സൈബര്‍ മേഖല മാറുകയാണ്. സ്ത്രീ എന്നാല്‍ പാചകം, ഗൃഹഭരണം (ഇപ്പോള്‍ പുറംജോലിയും) എന്നായിരുന്നല്ലൊ വ്യാഖ്യാനം. അടുക്കളയ്ക്കപ്പുറം, ഓഫീസിനപ്പുറം ഒരു ലോകമുണ്ടെന്ന് അവര്‍ക്കറിയില്ലായിരുന്നു. അതില്‍ സ്ത്രീകള്‍ക്കായി ചതിക്കുഴികള്‍ ഒരുങ്ങുന്നുണ്ടെന്ന് പലപ്പോഴും തിരിച്ചറിയാറുമില്ല. അടുത്തിടെ കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്ന സ്ത്രീയെയും അവരുടെ കക്ഷികളെയും പോലീസ് പിടികൂടുകയുണ്ടായി. കൊച്ചിയില്‍ ഇന്ന് ഫഌറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭവും ഡിജെ പാര്‍ട്ടി എന്ന പേരില്‍ നടക്കുന്ന സെക്‌സ് വിനോദവും എല്ലാം വാര്‍ത്തയാണ്. അതില്‍പ്പെട്ടതായിരുന്നു ഒരു സ്ത്രീ ഓണ്‍ലൈന്‍ വഴി കക്ഷികളെ തേടിപ്പിടിച്ച് നടത്തിവന്ന പെണ്‍വാണിഭവും. ഒടുവില്‍ അവര്‍ പോലീസ് വലയില്‍ വീണു. ഈ സ്ത്രീയുടെ വലയില്‍ കുടുങ്ങിയവരില്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഉണ്ടായിരുന്നുവത്രെ. കുറച്ചുനാള്‍ മുമ്പാണ് ഷൈന്‍ ടോം ചാക്കോ എന്ന നടന്‍ ഈവിധം വലയില്‍ വീണതും പിടിക്കപ്പെട്ടതും. ഇന്ന് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഡബിള്‍ ഡിജിറ്റ് വളര്‍ച്ചയാണത്രേ. സൈബര്‍ കുറ്റങ്ങളാണ് ഇന്ന് മാലോകര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ഭീഷണി. സൈബര്‍ മേഖലവഴി സ്വത്ത് തട്ടിപ്പ്, അഴിമതി, പെണ്‍വാണിഭം ഇവയ്‌ക്കെല്ലാം ചടുലമായ വളര്‍ച്ചയാണ്. ഇതില്‍ കുടുങ്ങുന്നത് അധികവും സ്ത്രീകളാകുന്നു. അവര്‍ക്ക് ഇതിന്റെ ആഴമോ ഭീഷണികളോ  തിരിച്ചറിയാനാവാത്തതാണ് കാരണം. ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഇത് ആഗോളപ്രതിഭാസമാണെന്നും ഇതുവഴി ഇരകള്‍ക്ക് 388 ദശലക്ഷം ഡോളര്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ്. സൈബര്‍ കുറ്റങ്ങളുടെ വളര്‍ച്ചയാകട്ടെ ആഗോള കുറ്റകൃത്യങ്ങളുടെ 35 ശതമാനമാണ്. ഒരു മിനിട്ടില്‍ 141 ഇരകളാണ് സൈബര്‍ ക്രൈം മേഖലയ്ക്ക് ലഭിക്കുന്നത്. പ്രധാനമായ ഒരു വസ്തുത സൈബര്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നതാണ്. കേരളത്തിലും സൈബര്‍ മേഖലയില്‍ അന്വേഷകരുടെ എണ്ണം തുലോം പരിമിതമാണ്. ഇത് കൊച്ചിയിലും തെളിയുകയുണ്ടായി. പെണ്‍വാണിഭം മാത്രമല്ല, ബാങ്ക് കവര്‍ച്ച, സ്വത്തപഹരണം എല്ലാം സൈബര്‍ സ്‌പേസ് വഴി നടക്കുന്നു. 2010 ല്‍ 5628 ബാങ്ക് കവര്‍ച്ചകള്‍ നടന്നു എന്ന് എഫ്ബിഐ റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നഷ്ടമായത് 436 ദശലക്ഷം ഡോളറാണ്. 2011 ല്‍ 3,00,000 ആളുകള്‍ സൈബര്‍ കുറ്റവാളികളുടെ ഇരകളായിരുന്നു എന്നാണ് എഫ്ബിഐ പറയുന്നത്. കവര്‍ച്ച മാത്രമല്ല, ചാരവൃത്തിയും സൈബര്‍ മേഖലവഴി നടക്കുന്നുണ്ട്. സ്ത്രീകള്‍ സൈബര്‍ കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ വീഴ്ത്താവുന്ന ഇരകളാണ്. അതുകൊണ്ടാണ് സ്ത്രീപീഡനം ഈ മേഖലയില്‍ കൂടുന്നത്. അടുക്കളയില്‍ ഒതുങ്ങിയിരുന്നവര്‍ ഫേസ്ബുക്ക് മുതലായ സൈറ്റുകളുടെ ആകര്‍ഷണത്തില്‍പ്പെട്ട്, അവയില്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിച്ച് വീടുവിട്ട് ഇറങ്ങുകപോലും ചെയ്യുന്നു. അങ്ങനെ ഇറങ്ങിയ ഒരു വീട്ടമ്മ തന്റെ കാമുകനെ കണ്ടുമുട്ടിയപ്പോഴാണ് അവന്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണെന്നറിഞ്ഞത്. മറ്റൊരു വിദ്യാര്‍ത്ഥിനി കള്ളഫോട്ടോ നെറ്റില്‍ കണ്ട് പ്രണയിച്ച് ഇറങ്ങിപ്പോയി കിഴവന്‍ കാമുകനെ കണ്ടപ്പോള്‍ ആത്മഹത്യ ചെയ്തു. ഇങ്ങനെ സൈബര്‍ മേഖലയുമായി ബന്ധപ്പെട്ടുവരുന്ന കഥകള്‍ പെരുകുകയാണ്. ഫേസ്ബുക്കില്‍ ഇടുന്ന ഫോട്ടോകള്‍ പലപ്പോഴും വ്യാജമായിരിക്കും. നിഷ്‌ക്കളങ്കയായ ചില വിദ്യാര്‍ത്ഥിനികള്‍ സ്വന്തം ഫോട്ടോ നെറ്റിലിട്ടപ്പോള്‍ അതെടുത്ത് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചതും ആ കുട്ടികളുടെ ആത്മഹത്യകളിലേക്ക് നയിച്ചു. പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുന്നസംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ന് ഏത് പ്രണയമാണ് വ്യാജമെന്നോ, ഏതാണ് സത്യമെന്നോ തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ക്കാകുന്നില്ല. എങ്കിലും പ്രണയം പുതുതലമുറയ്ക്ക് ലഹരിയാണ്. അമ്മ-മക്കള്‍ ഇടപെടല്‍ വളരെ ദുര്‍ലഭമാണ്. കുട്ടികള്‍ അഭിപ്രായമോ ഉപദേശമോ നേടുന്നത് സ്വന്തം കൂട്ടുകാരികളില്‍ നിന്നായിരിക്കും. അവരില്‍നിന്നും വിദഗ്ദ്ധമായ ഒരു ഉപദേശവും ലഭിക്കാന്‍ സാധ്യതയുമില്ല. സ്ത്രീപീഡനം, പ്രണയഭ്രാന്ത്, ഇ-മെയില്‍ പീഡനം, സൈബര്‍ബന്ധം എല്ലാം ഇതിന്റെ ഭാഗമാകുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു. ഭാരതം ഐടി ആക്ട് പാസാക്കിയിട്ടുണ്ടെങ്കിലും സ്ത്രീപ്രശ്‌നങ്ങള്‍ അത് ഒരു വിഷയമാക്കിയിട്ടില്ല. മറ്റൊന്ന് സൈബര്‍ അശ്ലീലമാണ്. ദല്‍ഹിയിലെ റിതു കോഹ്‌ലി എന്ന സ്ത്രീയെ നിരന്തരം പിന്തുടര്‍ന്ന് അവരുമായി അശ്ലീലഭാഷയില്‍ ചാറ്റുചെയ്തതും ടെലഫോണില്‍ സംസാരിച്ചതും വാര്‍ത്തയായിരുന്നല്ലോ. ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി നെറ്റ് വഴി പെണ്‍കുട്ടിക്ക് കള്ളസന്ദേശം അയച്ചതും പിടിക്കപ്പെട്ടിരുന്നു. സൈബര്‍ അശ്ലീലവും അശ്ലീല വെബ്‌സൈറ്റുകളും സൈബര്‍ മേഖലയിലുണ്ട്. ഈ മേഖലയിലെ 50 ശതമാനം സൈറ്റുകളും അശ്ലീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടത്രെ. ഇത് പുതുതലമുറക്ക് വളരെ അപായം സൃഷ്ടിക്കുന്നതാണ്. കാരണം ഇന്ന് കുട്ടികള്‍ക്കുപോലും സൈബര്‍ മേഖലയില്‍ വിഹരിക്കാന്‍ അവസരമുണ്ട്. ഈവിധം സൈറ്റുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കുമ്പോള്‍ അത് അവരെ വഴിതെറ്റിക്കുന്നു. സ്ത്രീകളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫ് ചെയ്യുന്നത് ഇന്ന് വളരെ സാധാരണമാണ്. കാരണം ഇതിനുവേണ്ടി ഇപ്പോള്‍ അവര്‍ക്ക് ഇന്റര്‍നെറ്റ് കഫേകളില്‍ പോകേണ്ട ആവശ്യമില്ല. സ്വന്തം വീട്ടില്‍തന്നെ നെറ്റ് ഉപയോഗിക്കാനുള്ള സാധ്യത ഇന്നുണ്ട്. ദല്‍ഹിയില്‍ ഒരു ബ്യൂട്ടീഷ്യന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റ് പ്രചരിപ്പിച്ചിരുന്നു. സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ അവര്‍ക്ക് ഇ-മെയില്‍ ചെയ്യുന്നതും ഇപ്പോള്‍ പതിവാണ്. സ്ത്രീകളുടെ സ്വകാര്യത ലംഘിച്ച് അവരോട് സ്വകാര്യസംഗമത്തിന് തീയതി ചോദിക്കല്‍, ഇരയുടെ മുഖം മറ്റൊരാളുടെ ശരീരത്തില്‍ ചേര്‍ത്ത് പ്രദര്‍ശിപ്പിക്കുക മുതലായവ ഇന്ന് പലരുടെയും സ്വകാര്യ വിനോദമായി മാറിയിരിക്കുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ അവരുടെ നേരെ ആക്രമണമുണ്ടായാല്‍ അത് പുറത്തുപറയാനോ പരാതി കൊടുക്കാനോ പലപ്പോഴും വൈമുഖ്യം കാണിക്കുന്നപോലെ പല സൈബര്‍പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഈവിധം സൈബര്‍ കുറ്റങ്ങള്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ല. ഐടി ആക്ട് വെറും നോക്കുകുത്തിയായിമാറുന്നു. ഇതുവരെ 80,000 സൈബര്‍ കുറ്റകൃത്യങ്ങളെപ്പറ്റി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ 2012 ല്‍ 50,000 കേസുകള്‍ സൈബര്‍ മേഖലയിലെ ഹൈടെക് സംവിധാനം ഉപയോഗിച്ച് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്ന് സൈബര്‍ ചാറ്റ്‌റൂമുകള്‍ സ്ത്രീകള്‍ക്കും ഒരു ആകര്‍ഷണമായി മാറുകയാണ്. ഭാരതസ്ത്രീകള്‍ തങ്ങളുടെ സ്വഭാവശുദ്ധി ഐതിഹ്യങ്ങളില്‍ അവശേഷിപ്പിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുമോ? പതിനാറിനും 35-നും ഇടയ്ക്കുള്ള സ്ത്രീകളെയാണ് സൈബര്‍ മേഖലയിലെ വേട്ടക്കാര്‍ പിന്തുടരുന്നതത്രെ. സ്ത്രീകള്‍ തങ്ങള്‍ക്ക് യാതൊരു പരിചയവും ഇല്ലാത്തവരുമായി ചാറ്റ് ചെയ്യുന്നതിന്റെ അപകടം തിരിച്ചറിയുന്നില്ല. അതുപോലെ തങ്ങളുടെ പാസ്‌വേര്‍ഡുകള്‍ സംരക്ഷിക്കണമെന്ന തിരിച്ചറിവും സ്ത്രീകള്‍ക്ക് കുറവാണ്. സെന്‍സിറ്റീവ് ആയിട്ടുള്ള സംഭവങ്ങള്‍ കമ്പ്യൂട്ടറില്‍ ഇടുന്നത് ഹാക്ക് ചെയ്യാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. സൈബര്‍ മേഖല സ്ത്രീകള്‍ക്കാണ് കൂടുതല്‍ അപകടകരമെന്ന തിരിച്ചറിവ് പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും നല്‍കേണ്ടതാണ്. സാമൂഹ്യസംഘടനകള്‍ ഇതിനെപ്പറ്റി അവബോധം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ''വിവേകവും വിവേചനവും ഉപയോഗിച്ചുവേണം സൈബര്‍ മേഖലയില്‍ ഇടപെടാന്‍. ചൂഷണാത്മകമായ വശങ്ങള്‍ക്കെതിരെ എപ്പോഴും ജാഗ്രത പുലര്‍ത്തണം. സൈബര്‍ അടിമത്വം സ്വീകരിക്കാതെ ഈ മേഖലയില്‍നിന്ന് ലഭിക്കുന്ന അറിവുകള്‍ ഉപയോഗിച്ച് മുന്നേറുകയാണ് വേണ്ടത്''. എന്ന് പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ സി.ജെ. ജോണ്‍ പറയുന്നതാണ് ശരി. സ്ത്രീസുരക്ഷ ഇന്ന് ഒരു മിഥ്യയായി മാറുകയാണ്. കേരളത്തില്‍ 'നിര്‍ഭയ' പദ്ധതി ഇനിയും നടപ്പായിട്ടില്ല. ട്രെയിനില്‍ സ്ത്രീസുരക്ഷ ഇല്ല. എന്‍സിആര്‍ബി കണക്കുപ്രകാരം 2009 ല്‍ 8049, 2013 ല്‍ 11216 കുറ്റകൃത്യങ്ങള്‍. (39 ശതമാനം) വര്‍ധന. ദേശീയതലത്തില്‍ 203804 ല്‍നിന്നും 309548. അതായത് 62 ശതമാനം വര്‍ധന. ഏഴ് ശതമാനമായിരുന്ന ബലാല്‍സംഗം 11 ശതമാനമായി. മനുഷ്യത്വവും മാനവികതയുമായിരിക്കണം മനുഷ്യനെ മുന്നോട്ടുനയിക്കേണ്ടത്. കേരളം പുരോഗമനത്തിന്റെ മാതൃകയായത് അഭ്യസ്തവിദ്യരായ സ്ത്രീകള്‍ ഉള്ളതുകൊണ്ടാണ്. പക്ഷെ ഇത്ര വികലവും സ്ത്രീവിരുദ്ധവുമായ ഒരു സംസ്‌കാരം കേരളത്തില്‍ രൂപപ്പെടുമെന്ന് മലയാളി വനിതകള്‍ വിചാരിച്ചില്ല. ദല്‍ഹിയില്‍ നിര്‍ഭയക്കുശേഷം ഇപ്പോള്‍ മൂന്നും അഞ്ചും വയസുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന വാര്‍ത്ത വായിക്കുമ്പോള്‍ 'അതങ്ങ് ദല്‍ഹിയിലല്ലേ' എന്ന് ആശ്വസിക്കാവുന്ന കാലം മാറി. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുടെയും കുടിയന്മാരുടെയും നാടായി മാറി. റോഡ് മരണങ്ങളും സ്ത്രീ-ബാല-ബാലികാപീഡനങ്ങളും വര്‍ധിക്കുമ്പോള്‍ 'നരകം ഇവിടെയാണ്, ഇവിടെത്തന്നെയാണ്' എന്ന് ജനങ്ങള്‍ പറയുകയാണ്.