എസ്എന്‍ഡിപി യോഗത്തെ സിപിഎമ്മിന് ഭയം

Tuesday 20 October 2015 10:10 pm IST

കേരളത്തില്‍ സിപിഎം ഒഴിച്ച് മറ്റൊരു പാര്‍ട്ടിയും എസ്എന്‍ഡിപി യോഗത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നില്ല. ഒരു സാമൂഹ്യ പ്രസ്ഥാനം എന്ന നിലയില്‍ എസ്എന്‍ഡിപി യോഗത്തിനും അതിന്റെ നേതൃത്വത്തിനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. മാര്‍ക്‌സിസ്റ്റ് അണികള്‍ അന്ധകാരത്തില്‍ കഴിഞ്ഞതുകൊണ്ടാണ് വെളിച്ചം കണ്ടപ്പോള്‍ അങ്ങോട്ടുപോകുന്നത്. അത് ഒഴിവാക്കുന്നതിന് പാര്‍ട്ടി നേതൃതത്വം തെറ്റുകള്‍ തിരുത്തണം. എസ്എന്‍ഡിപി യോഗത്തിന് എക്കാലത്തും രാഷ്ട്രീയ നിലപാടുകള്‍ ഉണ്ട്. നിവര്‍ത്തന സമരം, പൗരസമത്വപ്രസ്ഥാനം, സ്റ്റേറ്റ് കോണ്‍ഗ്രസ്, വിമോചനസമരം ഇവയിലൊക്കെ എസ്എന്‍ഡിപി യോഗം സംഘടന എന്ന തലത്തില്‍ പങ്കാളിയായിട്ടുണ്ട്. മാത്രമല്ല എസ്എന്‍ഡിപി യോഗം സ്വന്തം പാര്‍ട്ടിയായ എസ്ആര്‍പി രൂപീകരിച്ചിട്ടുണ്ട്. ഇതൊക്കെ സൂചിപ്പിക്കുന്നത് കാലാകാലങ്ങളില്‍ എസ്എന്‍ഡിപി യോഗം അതിന്റെ രാഷ്ട്രീയ നിലാപടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നുതന്നെയാണ്. അത് ഇപ്പോഴും തുടരുന്നു. എസ്എന്‍ഡിപി നേതാക്കളായ സഹോദരന്‍ അയ്യപ്പന്‍, കൊച്ചി പ്രജാമണ്ഡലത്തിലും സി.കേശവന്‍ സംയുക്ത രാഷ്ട്രീയ കോണ്‍ഗ്രസിലും തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിലും ആര്‍.ശങ്കര്‍ കോണ്‍ഗ്രസിലും നേരിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ സി.കേശവനും ആര്‍.ശങ്കറും മുഖ്യമന്ത്രിമാരായി എന്നതും എടുത്തുപറയേണ്ടതുണ്ട്. ഇപ്പോഴത്തെ യോഗം ജനറല്‍ സെക്രട്ടറിക്ക് രാഷ്ട്രീയ അവകാശങ്ങള്‍ ഉണ്ട്, ഉണ്ടാവണം. നിരോധിക്കപ്പെടാത്ത ഏത് രാഷ്ട്രീയ പാര്‍ട്ടിയോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. ശ്രീനാരായണഗുരുവിനെ ആര്‍ക്കും പാര്‍ട്ടിയുടെ വക്താവാക്കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ സഹോദരന്‍ അയ്യപ്പനും സി.കേശവനും ആര്‍.ശങ്കറും ശ്രീനാരായണഗുരുവിനെ പാര്‍ട്ടിയില്‍ ചേര്‍ത്തു എന്ന് ആരോപിക്കാമല്ലോ. ഇവിടെ എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ സിപിഎം മാത്രം ചോദ്യം ചെയ്യുന്നതാണ് മനസ്സിലാകാത്തത്. സിപിഎം നേതൃത്വത്തിന്റെ കഴിവില്ലായ്മ മറച്ചുവയ്ക്കാനാണ് വെള്ളാപ്പള്ളി നടേശനില്‍ കുറ്റം അരോപിക്കുന്നത്. ഇവിടെ സിപിഎമ്മിന്റെ ശൈലിയാണ് മാറേണ്ടത്. സമുദായ സംഘടനകളെ അവരുടെ ഇഷ്ടത്തിന് വിടുക. അതാണ് സിപിഎമ്മിന്റെ ഭാവിയ്ക്ക് നല്ലത്. സംസ്ഥാനത്ത് ക്രിസ്ത്യന്‍, മുസ്ലീം സംഘടിതശക്തിയെ സിപിഎം വിമര്‍ശിക്കുന്നില്ലല്ലോ. എസ്എന്‍ഡിപി യോഗത്തിനും ആ ആനുകൂല്യം നല്‍കിക്കൂടേ? ഈ ചോദ്യമാണ് കേരള സമൂഹം പിണറായി വിജയനോട് ചോദിക്കുന്നത്. കേരളത്തില്‍ സംഘടിത ന്യൂനപക്ഷ ശക്തികള്‍ സമസ്ത മേഖലകളിലും ആധിപത്യം നേടിയിരിക്കുന്നു. മുസ്ലിംലീഗിനെ ആദ്യമായി മന്ത്രിസഭയിലേക്ക് ആനയിച്ചത് സിപിഎമ്മാണ്. 1967 ല്‍ ഇഎംഎസാണ് മുസ്ലിംലീഗിന് കേരളരാഷ്ട്രീയത്തില്‍ മാന്യത നേടികൊടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്. മുസ്ലിംലീഗിന്റെ താല്‍പര്യം മാനിച്ചാണ് മലപ്പുറം ജില്ല ഇഎംഎസ് രൂപീകരിച്ചത്. മുസ്ലിങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്ന പാലൊളി മുഹമ്മദുകുട്ടി റിപ്പോര്‍ട്ട് നടപ്പാക്കിയത് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി സര്‍ക്കാരാണ്. കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസുമായും പില്‍ക്കാലത്ത് പി.ജെ. ജോസഫിന്റെ കേരളാ കോണ്‍ഗ്രസുമായും മന്ത്രിസഭ പങ്കിട്ടത് സിപിഎമ്മാണ്. ജയില്‍ വിമോചിതനായ മദനിയെ സ്വീകരിക്കാന്‍ മാര്‍ക്‌സിസ്റ്റു നേതൃത്വം മണിക്കൂറുകള്‍ കാത്തുനിന്നു. പിണറായി വിജയന്‍ മദനിയുമായി തെരഞ്ഞെടുപ്പുയോഗത്തില്‍ പങ്കെടുത്തു. മുസ്ലിമിനും ക്രിസ്ത്യാനിക്കും നല്‍കുന്ന ഈ സ്വീകാര്യത ഈഴവ പ്രസ്ഥാനത്തിനു നല്‍കിക്കൂടെ. എസ്എന്‍ഡിപി യോഗത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ശൈലി സിപിഎം നേതൃത്വം  മാറ്റണം. ഈഴവസമുദായവും എസ്എന്‍ഡിപി യോഗവും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ അടിമകളാണ് എന്ന മനോഭാവം പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കിയിരിക്കുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടാണ് ഇതിന് തുടക്കംകുറിച്ചത്്. 21-ാം നൂറ്റാണ്ടില്‍ ഈ രാഷ്ട്രീയശൈലി ശ്രീനാരായണീയര്‍ അനുവദിക്കില്ല. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പാത അവര്‍ സ്വീകരിച്ചുകഴിഞ്ഞു. 21-ാം നൂറ്റാണ്ടിലും പ്രചോദനമായി ശ്രീനാരായണ ദര്‍ശനങ്ങളും സംഘടിതശക്തിയായി എസ്എന്‍ഡിപി യോഗവും നിലകൊള്ളുന്ന എന്ന യാഥാര്‍ത്ഥ്യം സിപിഎം നേതൃത്വം അംഗീകരിച്ചേ പറ്റൂ. കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ്പ്രത്യയശാസ്ത്രത്തെതള്ളി കാലാതീതമായ ഗുരുദര്‍ശനങ്ങളിലേക്ക് ഒരു ജനത ആകര്‍ഷിക്കപ്പെടുന്നത് ചരിത്രത്തിന്റെ അനിവാര്യത കൊണ്ടുമാത്രമാണ്. (അവസാനിച്ചു)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.