കേരളം ഏറെ കരുതണം

Tuesday 20 October 2015 10:15 pm IST

എല്ലാ മത-സാമുദായിക വിഭാഗങ്ങളും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന സംസ്ഥാനമാണ് കേരളം. രൂഢമൂലമായ ജാതിയും മതവും രാഷ്ട്രീയവുമെല്ലാമുണ്ടെങ്കിലും സൗഹൃദ പൂര്‍ണമായ ജീവിതം നയിക്കുന്നതിന് അതൊന്നും തടസ്സമല്ല. 'ഒരു ഭ്രാന്താലയ'മെന്ന് സ്വാമി വിവേകാനന്ദന് പറയേണ്ടിവന്ന കേരളം ഒരു തീര്‍ത്ഥാലയമായി മാറാന്‍ നൂറ്റാണ്ടുകളൊന്നും പിന്നിടേണ്ടിവന്നില്ല. ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ നേട്ടമല്ല ഇത്. ശ്രീനാരായണ ഗുരുദേവനും ശ്രീചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയുമൊക്കെ നേതൃത്വം നല്‍കിയ സാംസ്‌കാരിക വിപ്ലവവും നവോത്ഥാന പ്രവര്‍ത്തനങ്ങളുമാണ് അതിന് സഹായിച്ചത്. അങ്ങനെയുള്ള മഹത്തായ പ്രവര്‍ത്തനങ്ങളെ മറച്ചുവച്ച് സങ്കുചിത രാഷ്ട്രീയത്തിനായി ഇപ്പോള്‍ നടക്കുന്ന കള്ള പ്രചാരവേലകളും പെരുമ്പറയടിച്ച് മുന്നേറുന്ന അസത്യജഢിലമായ ഗോഗ്വാവിളികളും വലിയ ഒരാപത്തിലേക്കാണ് കേരളത്തെ തള്ളിയിടാന്‍ നോക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ചിന്തകളെയും ശക്തിയേയും വേലിക്കകത്താക്കി സ്വന്തമാക്കാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ പരിശ്രമിച്ചിട്ടുണ്ട്. ഗുരുദേവനില്‍ അഭിമാനം കൊള്ളുന്ന ജനങ്ങളെ ഒരു പരിധിവരെ സ്വാധീനിക്കാനും രാഷ്ട്രീയ നേട്ടത്തിനായി അവരെ ഉപയോഗപ്പെടുത്താനും അത്തരക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളാഗ്രഹിക്കുന്നതൊന്നും അവര്‍ക്ക് തിരിച്ചുനല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. ഈ സത്യാവസ്ഥ തിരിച്ചറിഞ്ഞവര്‍ ഇന്നലെവരെ വിളിച്ച മുദ്രാവാക്യങ്ങളും പിടിച്ച കൊടികളും ഉപേക്ഷിക്കുമ്പോഴാണ് പിന്നാക്ക വിഭാഗങ്ങളെ ചൂഷണംചെയ്ത രാഷ്ട്രീയ നേതൃത്ത്വങ്ങള്‍ക്ക് വിറളിപിടിച്ചിരിക്കുന്നത്. കേരളത്തില്‍ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണത്തില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ലീഗുകാരുമെല്ലാം വല്ലാതെ അസ്വസ്ഥരാണ്. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുവിരുദ്ധ പ്രചാരണങ്ങള്‍ സാമുദായിക രംഗത്ത് വലിയതോതിലാണ് വിദ്വേഷത്തിന്റെ വിത്തുപാകിയിട്ടുള്ളത്. ഹിന്ദുക്കള്‍ക്കെതിരെ ന്യൂനപക്ഷവിഭാഗങ്ങളെ തിരിച്ചുവിടാന്‍ സംഘടിതശ്രമം നടക്കുന്നില്ലേ എന്ന സംശയമാണ് പരക്കെ. പാര്‍ട്ടികള്‍ മാത്രമല്ല ചില മാധ്യമങ്ങളും ഇതില്‍ ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. സന്ധ്യമയങ്ങുമ്പോള്‍ തുടങ്ങുന്ന ചാനല്‍ ചര്‍ച്ചകള്‍ സമുദായങ്ങളുടെ ഐക്യത്തിനുവേണ്ടിയല്ലെന്ന തോന്നലാണ് ഉളവാക്കുന്നത്. മതവിഭാഗങ്ങള്‍ മാത്രമല്ല തീവ്ര രാഷ്ട്രീയ ചിന്താഗതിക്കാരും സംഘര്‍ഷത്തിന് തയ്യാറെടുക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സിപിഎം കേന്ദ്രത്തില്‍ റിവോള്‍വറുള്‍പ്പടെ വന്‍ ആയുധശേഖരം കണ്ടെത്തിയത് അതിന്റെ സൂചനയാണ്. ആള്‍താമസമില്ലാത്ത വീട്ടില്‍നിന്നാണ് റിവോള്‍വറും ബോംബും വാളുമടക്കമുളള വന്‍ ആയുധശേഖരം പിടിച്ചെടുത്തത്. 32 ഉഗ്രശേഷിയുളള നാടന്‍ബോംബ്, 14 വാള്‍, ഒരു റിവോള്‍വര്‍, രണ്ട് തിരകള്‍, ഒരു എസ് കത്തി, ഏഴ് പ്രത്യേകതരം ഇരുമ്പ്ദണ്ഡ്, രണ്ട് ഹോക്കി സ്റ്റിക്ക്, ഒരു സഞ്ചിയില്‍ നായ്ക്കുരണപ്പൊടി എന്നിവയാണ് പിടികൂടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയില്‍ വ്യാപക അക്രമത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സിപിഎം കരുതിവെച്ച ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമാണ് പിടികൂടിയതെന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പില്‍ ബൂത്തുപിടുത്തതിനു ഉപയോഗിക്കാനാണ് നായ്ക്കുരണപ്പൊടിയെന്ന് വ്യക്തമാണ്. ബൂത്ത് ഏജന്റുമാരെ ഓടിക്കാന്‍ സിപിഎം ജില്ലയില്‍ പ്രയോഗിക്കുന്നത് നായ്ക്കുരണപ്പൊടിയാണ്. പിടികൂടിയ ബോംബുകള്‍ പുതിയതായി നിര്‍മ്മിച്ചതാണ്. വാളുകള്‍ ചാക്കില്‍പൊതിഞ്ഞ നിലയിലായിരുന്നു. ബൂത്തു പിടിത്തവും കള്ളവോട്ടും സിപിഎമ്മിന്റെ മാത്രം കലയാണല്ലൊ. നേരത്തെ എകെജിയുടെ പേരിലുള്ള സഹകരണ ആശുപത്രിയുടെ ഭരണം പിടിക്കാന്‍ അവര്‍ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് എകെജി മോഡല്‍ എന്ന വിളിപ്പേരുതന്നെ നേടിയിട്ടുണ്ട്. ഇത് കണ്ണൂര്‍ ജില്ലയില്‍ മാത്രം ഒതുങ്ങുന്ന അട്ടിമറിയല്ല. സംസ്ഥാനത്താകെ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സിപിഎമ്മും ഭരണകക്ഷിയും ശ്രമിക്കുന്നത്. തെരഞ്ഞടുപ്പില്‍ വന്‍തിരിച്ചടിയാകും ഉണ്ടാകുക എന്ന വിലയിരുത്തലിലാണ് സിപിഎം. പുതിയ രാഷ്ടീയ സാഹചര്യത്തില്‍ ബിജെപി വന്‍ മുന്നേറ്റമാകും ഉണ്ടാക്കുക. ഇടതുപക്ഷത്തിന്റെ വോട്ടാകും കൂടുതല്‍ ബിജെപി കൊണ്ടുപോകുക. ഇതിനെ ചെറുക്കാന്‍ ഇതുവരെ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. എസ്എന്‍ഡിപി നേത്വത്തിനെതിരെ നടത്തിയ ആക്ഷേപങ്ങള്‍ കൂടുതല്‍ വോട്ടുകള്‍ നഷ്ടപ്പെടുത്തും എന്നാണ് സിപിഎം കണക്കാക്കുന്നത്. അതിനാല്‍ ഇതിനെ മറികടക്കാന്‍ മറ്റ് വഴിതേടുന്നതിന്റെ ഭാഗമാണ് സംഘര്‍ഷം സൃഷ്ടിക്കല്‍. എതിര്‍സ്ഥാനാര്‍ത്ഥികളുടെ പ്രത്യേകിച്ച് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കാനും പ്രചാരണ പ്രവര്‍ത്തനങ്ങളെ ശാരീരികമായി നേരിടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. അക്രമം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുവേണം ആലപ്പുഴയിലെ സംഭവത്തെ കാണാന്‍. ആലപ്പുഴ പത്തിയൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലെ വളര്‍ത്തുപ്രാവുകളെ അവര്‍ കൂട്ടത്തോടെ കൊന്നൊടുക്കി. പത്തിയൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി കുഴുവേലില്‍ സുനിതയുടെ വീട്ടിലെ മുപ്പതോളം പ്രാവുകളെയാണ് രാത്രിയില്‍  കൊന്നൊടുക്കിയത്. മുനയുള്ള കമ്പിവടി ഉപയോഗിച്ച് കൂടിനുള്ളിലുള്ള പ്രാവുകളെ കുത്തിക്കൊല്ലുകയായിരുന്നു. 25 പ്രാവുകളെ മോഷ്ടിക്കുകയും ചെയ്തു. പകയുടെയും വിദ്വേഷത്തിന്റെ സിപിഎം ശൈലിയാണിത്. പണ്ട് പറശ്ശിനിക്കടവിലെ അനുഭവം അറിയാമല്ലൊ. കേരളത്തെ ഒരഗ്നിപര്‍വതത്തിനുമുകളിലെന്നപോലെ മതേതര പൊയ്മുഖമണിഞ്ഞവര്‍ എത്തിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മതമൈത്രിയും സമാധാന ജീവിതവും ആഗ്രഹിക്കുന്നവരെല്ലാം കരുതലോടെ വീക്ഷിക്കേണ്ട സമയമാണിത്.