നൂറ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ നവീകരണത്തിന് കേന്ദ്രത്തിന്റെ 380 കോടി

Tuesday 20 October 2015 10:28 pm IST

ഹൈദരാബാദ്: രാജ്യത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ വികസനത്തിനായി ഈ വര്‍ഷം 380 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുമെന്ന് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. രാജ്യത്ത് 980 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളാണ് ഉള്ളത്. ഇതില്‍ 100 എക്‌സ്‌ചേഞ്ചുകളാണ് ആദ്യഘട്ടത്തില്‍ ആധുനികവല്‍ക്കരിക്കുന്നത്. ഇതിനായി 380 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ദേശീയ കരിയര്‍ കൗണ്‍സലിങ് കേന്ദ്രങ്ങളാക്കി മാറ്റണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. രാജ്യത്ത് നാല് കോടി ജനങ്ങളാണ് വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആധുനീകരിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ തൊഴിലുകളുടെ വിവരങ്ങള്‍ ഉള്ളതും തൊഴില്‍ദായകവുമായിരിക്കും. ആന്ധ്രാപ്രദേശില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍സിഎസ് പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള മുഴുവന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളും ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. നാഷണല്‍ കരിയര്‍ സര്‍വ്വീസ് പദ്ധതിവഴി സ്‌ക്കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സുകളും അപ്രന്റിഷിപ്പും ഇന്റേണ്‍ഷിപ്പും മറ്റും തൊഴിലന്വേഷകര്‍ക്ക് നല്‍കാന്‍ വിഭാവനം ചെയ്തുള്ളതാണ്. എന്‍സിഎസ് അടിസ്ഥാനത്തില്‍ രണ്ട് കോടി തൊഴിലന്വേഷകരില്‍ ഒന്‍പത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുവാനായി.