വിവരാവകാശ കമ്മീഷന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ സന്നദ്ധ സംഘടനകള്‍ ബഹിഷ്‌ക്കരിച്ചു

Tuesday 20 October 2015 10:30 pm IST

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന വിവരാവകാശ നിയമത്തിന്റെ പത്താം വാര്‍ഷിക കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ചതായി വിവിധ വിവരാവകാശ സംഘടനാ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. വിമര്‍ശനങ്ങളെ ഭയന്നാണ് വിവരവകാശ പ്രവര്‍ത്തകരെയും സന്നദ്ധാസംഘടനകളെയും ഒഴിവാക്കി ഉദ്യോഗസ്ഥമേളയാക്കി പത്താം വാര്‍ഷികം മാറ്റിയതെന്നും വിവരാവകാശ സംഘടനാ പ്രവര്‍ത്തകര്‍ ആരോപിച്ചു. കേരളത്തിലെ വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം നിരാശാജനകമാണ്. പതിനായിരത്തോളം അപ്പീലുകളും പരാതികളുമാണ് തീര്‍പ്പാകാതെ കമ്മീഷനില്‍ കെട്ടിക്കിടക്കുന്നത്. യഥാസമയം വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കമ്മീഷണര്‍മാര്‍ക്ക് മടിയാണ്. ഉദ്യോഗസ്ഥ അനുകൂലനിലപാടാണ് കമ്മീഷണര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും അവര്‍ പറഞ്ഞു. ഇത്രയധികം പരാതികള്‍ കെട്ടിക്കിടക്കുമ്പോഴും കമ്മീഷണര്‍മാരുടെ നാല് ഒഴിവുകള്‍ നിലനിര്‍ത്തിക്കൊണ്ട്് മുഖ്യ വിവരാവകാശ കമ്മീഷണര്‍ മാത്രമുള്ള ഏകാംഗകമ്മീഷനായാണ് സംസ്ഥാനത്തെ ആര്‍ടിഐ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ 2008 ജനുവരി 8ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ആര്‍ടിഐ നിയമത്തിലെ 26ാം വകുപ്പ് പ്രകാരം വിവരാവകാശ ബോധവല്‍കരണ പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമ്പോള്‍ അതത് സംസ്ഥാനത്തെ സന്നദ്ധസംഘടനകളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശം പാടേ അവഗണിച്ചു കൊണ്ടാണ് സര്‍ക്കാരും കമ്മീഷനും പ്രവര്‍ത്തിക്കുന്നതെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കേരള ആര്‍ടിഐ ഫെഡറേഷന്‍ രക്ഷാധികാരി കെ എന്‍ കെ നമ്പൂതിരി, ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ ഡി ബി ബിനു, എന്‍സിപിആര്‍ഐ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം എ പൂക്കോയ, പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം കെ ഹാരിസ് പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.